കൊച്ചി: മട്ടാഞ്ചേരി പാലസിലെ ചുവര്‍ചിത്രങ്ങളാണ് ചാള്‍സ് രാജകുമാരനെയും കാമില പ്രഭ്വിയെയും ഏറെ ആകര്‍ഷിച്ചത്. ഇലച്ചായങ്ങളടക്കം പ്രകൃതിയില്‍നിന്നുള്ള നിറങ്ങളുപയോഗിച്ചാണ് ചിത്രംവരച്ചിരിക്കുന്നതെന്നു കേട്ടപ്പോള്‍ ഇരുവര്‍ക്കും കൗതുകം. നിറങ്ങള്‍ പ്രകൃതിദത്തമാണോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചുറപ്പിച്ചു ചാള്‍സ് രാജകുമാരന്.
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ കൊച്ചിയിലെ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ച നാണയങ്ങളും സ്റ്റാമ്പുകളും വിശേഷദിവസങ്ങളില്‍ അണിയുന്ന വസ്ത്രങ്ങളുമെല്ലാം ഇരുവരും ആകാംഷയോടെ നോക്കിക്കണ്ടു. കുമരകത്തുനിന്ന് പന്ത്രണ്ടരയോടെയാണ് രാജകുമാരനും സംഘവും നാലരനൂറ്റാണ്ടിലധികം പഴക്കമുള്ള മട്ടാഞ്ചേരി പാലസിലെത്തിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല്ലക്കുകള്‍ കണ്ട് സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ശ്രീലക്ഷ്മിയോട് വിവരങ്ങളാരാഞ്ഞു. തുടര്‍ന്ന് രാമായണ ഗാലറിയിലെ ചുവര്‍ചിത്രങ്ങള്‍ കണ്ടു. രാജകുടുംബത്തിന്റെ കിരീടത്തിന്റെ ചിത്രങ്ങളും മഹാരാജ രാമവര്‍മയുടെയും ഐക്യകേരളത്തിനുശ്രമിച്ച കേരളവര്‍മ മഹാരാജയുടേതുമടക്കം കൊച്ചിരാജ്യത്തിലെ ഭരണാധികാരികളുടെ വ്യത്യസ്തമായ ചിത്രങ്ങളും അതിന്റെ പ്രത്യേകതകളും ഓരോന്നായി വീക്ഷിച്ചു.
പാലസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന, രാമവര്‍മ രാജാവിന് സമ്മാനമായി ലഭിച്ച ഉടവാള് കൈയിലെടുത്ത് ഉറയില്‍നിന്ന് ഊരി രാജകീയമായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. കൊച്ചി രാജകുടുംബാംഗങ്ങള്‍ ധരിച്ചിരുന്ന തലപ്പാവുകള്‍ തൊട്ടുനോക്കി. ചുവര്ചിത്രഗാലറിയില് കയറിയ ഇരുവരും പത്തുമിനിറ്റോളം അവിടെ ചെലവഴിച്ചു. താമരപ്പൂവിലിരിക്കുന്ന ലക്ഷ്മീദേവിയുടെയും അര്ത്ഥനാരീശ്വരന്റെയും ഗോവര്‍ധനപര്‍വതം ചെറുവിരലില്‍ ഉയര്‍ത്തിയ കൃഷണന്റെയും ചുവര്‍ചിത്രങ്ങള്‍ ഇരുവര്‍ക്കും ഇഷ്ടപ്പെട്ടു.
പാലസിലെ സന്ദര്‍ശക ഡയറിയില്‍ ആദ്യം രാജകുമാരനും പിന്നീട് കാമില പ്രഭ്വിയും ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തെക്കന്‍ മേഖലാ ഡയറക്ടര്‍ ജി.എസ്. നരസിംഹം ഇരുവര്‍ക്കുമായി അനന്തശയന ചിത്രം സമ്മാനമായി നല്കി.
പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍. ഐ.ജി. കെ. പദ്മകുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി. ജെയിംസ്, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ റ്റി.പി.വിജയകുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
അരമണിക്കൂറോളം മട്ടാഞ്ചേരി പാലസില്‍ ചെലവഴിച്ച രാജകുമാരനും സംഘവും പുറത്തിറങ്ങുമ്പോള്‍ ഇവരെക്കാണാന്‍ ജൂതത്തെരുവിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: