കൊച്ചി: കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ എന്ന പ്രസിദ്ധമായ വഞ്ചിപ്പാട്ട് കാമില്ല രാജകുമാരിയെ ഏറെ ആകര്‍ഷിച്ചു. ബ്രിട്ടീഷ് കൗണ്‍സില്‍ അംഗീകാരമുളള അഞ്ച് സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ കളമശേരി രാജഗിരി പബ്ലിക് സ്കൂളില്‍ എത്തിയതായിരുന്നു രാജകുമാരി.
വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് ആലപിക്കുന്നത് ഏറെ ആകാംക്ഷയോടെ രാജകുമാരി കേട്ടിരുന്നു. രണ്ട് ആനകളുടെയും ക്ഷേത്ര പൂമുഖത്തിന്റെയും പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ വേദിയില്‍ വഞ്ചിപ്പാട്ടിന്റെ വരികള്‍ക്കൊപ്പം മോഹിനിയാട്ടം അരങ്ങേറി. ഇതേ സമയം വേദിക്കു സമീപത്തെ സ്ക്രീനില്‍ കുട്ടനാടിന്റെയും വളളംകളിയുടെയും വീഡിയോ ദൃശ്യങ്ങള്‍ തെളിഞ്ഞു. വഞ്ചിപ്പാട്ട് തീര്‍ന്നപ്പോള്‍ രാജകുമാരി ഉള്‍പ്പെടെയുളള ബ്രിട്ടീഷ് സംഘം ആദരവോടെ കരഘോഷം തീര്‍ത്തു. തുടര്‍ന്ന് വഞ്ചിപ്പാട്ട് ആലപിച്ച വിദ്യാര്‍ഥികളെ അടുത്തെത്തി ഹസ്തദാനം ചെയ്തും കുശലാന്വേഷണം നടത്തിയും രാജകുമാരി മനസുകളില്‍ ഇടംപിടിച്ചു.
ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച രാജകുമാരി ബ്രിട്ടിഷ് കൗണ്‍സിലിന്റെ ഇന്റര്‍നാഷല്‍ സ്കൂള്‍ അവാര്‍ഡ് അംഗീകാരമുളള രാജഗിരി, ഇളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍, കാക്കനാട് ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍, വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂള്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയും പാഠ്യപദ്ധതിയുടെ ഭാഗമായി തയാറാക്കിയ പ്ലോജക്ടുകള് വിലയിരുത്തുകയും ചെയ്തു. വിദ്യാര്‍ഥികളുടെ സംവാദം, ഇംഗ്ലണ്ടിലെ വെസ്റ്റ് സസ്കസ് സമ്മര്‍ലിയ സ്കൂളിലെ വിദ്യാര്‍ഥികളുമായി സ്കൈപ്പ് മുഖേന വിദ്യാര്‍ഥികള്‍ നടത്തിയ ആശയ വിനിമയം എന്നിവ രാജകുമാരി നേരില്‍ക്കണ്ടു.
രാജഗിരി പബ്ലിക് സ്കൂളിലെ കലാ അധ്യാപകനായ വിന്‍സന്‍ പല്ലിശേരി തയാറാക്കിയ ചാള്‍സ് രാജകുമാരന്റെ ചിത്രം തെളിയുന്ന ഓയില്‍ പെയിന്റിംഗ് രാജകുമാരി സ്വന്തമാക്കി. വിദ്യാര്‍ഥികള്‍ സമ്മാനിച്ച ഉപഹാരവും അവര്‍ ഏറ്റുവാങ്ങി. ഓഡിറ്റോറിയത്തില്‍ നിന്നു പുറത്തേക്കിറങ്ങിയ രാജകുമാരിയെ കാത്ത് ഇരു കൈകളിലും ഇന്ത്യയുടെയും ബ്രിട്ടന്റെയും ദേശീയ പതാകയും വര്‍ണ ബലൂണുകളുമായി മഴയെ കൂസാതെ ആയിരത്തോളം കുരുന്നുകള്‍ അണിനിരന്നിരുന്നു. കുരുന്നുകള്‍ തീര്‍ത്ത ദേശീയതയുടെ അലയൊലി ഏറ്റുവാങ്ങിയ രാജകുമാരി അവരെ നോക്കി ഇരുകൈകളും വീശി. ആവേശം വാനോളമുയര്‍ത്തിയ നിമിഷത്തില്‍ ദേശീയ പതാകകള്‍ അലകടലായി. വര്‍ണ ബലൂണുകള്‍ ആകാശത്ത് ദേശീയതയുടെ നിറം നിറച്ചു.
പാരമ്പര്യത്തനിമയില്‍ രാജകുമാരിക്കു നല്കിയ സ്വീകരണത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ദക്ഷിണേന്ത്യ ഡയറക്ടര്‍ പോള്‍ സെല്ലേഴ്സ്, രാജഗിരി സ്കൂള്‍ മാനേജരുമായ ഫാ.ജോസ് അലക്സ് പൊരുത്തായപ്പള്ളില്, മുന്‍ ഡയറക്ടര്‍ ഫാ.ഓസ്റ്റിന്‍ മുളയരിക്കല്‍, ഡയറക്ടര്‍ ഫാ.ജിജോ കടവന്‍, പ്രിന്‍സിപ്പല്‍ സൂസന് വര്‍ഗീസ് ചെറിയാന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: