റാഞ്ചി: രണ്ടാമത് സാഫ് ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം. 20 സ്വര്‍ണ്ണവും 20 വെള്ളിയും 12 വെങ്കലവുമടക്കമാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ശ്രീലങ്കക്കാണ് രണ്ടാം സ്ഥാനം. 10 വീതം സ്വര്‍ണ്ണവും വെള്ളിയും 14 വെങ്കലവും ശ്രീലങ്ക കരസ്ഥമാക്കി. ആകെ മത്സം നടന്ന 30 ഇനങ്ങളിലും സ്വര്‍ണ്ണം ഇന്ത്യയും ശ്രീലങ്കയും കൂടി പങ്കിട്ടു. പുരുഷ വനിതാ വിഭാഗത്തിലും ഇന്ത്യയാണ് ചാമ്പ്യന്മാര്. പുരുഷ വിഭാഗത്തില്‍ 11 സ്വര്‍ണ്ണവും 9 വെള്ളിയും 5 വെങ്കലവും നേടി ഒന്നാമതെത്തിയപ്പോള്‍ വനിതാ വിഭാഗത്തില്‍ 9 സ്വര്‍ണ്ണവും 11 വെള്ളിയും 7 വെങ്കലവുമാണ് ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്. കൊളംബോയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 21 സ്വര്‍ണ്ണമായിരുന്നു നേടിയിരുന്നത്. അതേസമയം ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയായിരുന്ന റിലേയിനങ്ങളില് ശ്രീലങ്ക തൂത്തുവാരി. പുരുഷ-വനിതാ 4ഃ100 മീറ്റര്‍, 4ഃ400 മീറ്റര്‍ റിലേകളില്‍ ശ്രീലങ്ക സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ നാലിനങ്ങളിലും ഇന്ത്യ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. അവസാന ദിവസം തീരുമാനിക്കപ്പെട്ട 16 സ്വര്‍ണ്ണങ്ങളില്‍ എട്ടെണ്ണവും നേടിയാണ് ശ്രീലങ്ക ചാമ്പ്യന്‍ഷിപ്പില്‍ വന്‍ കുതിപ്പ് നടത്തിയത്. ബാക്കി എട്ടെണ്ണം ഇന്ത്യയും. മലയാളി താരങ്ങളുടെ കുതിപ്പിലാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം ചൂടിയത്.
ആദ്യദിനം പെണ്‍കുട്ടികളുടെ 1500മീറ്ററില്‍ സ്വര്‍ണ്ണം നേടിയ മലയാളി താരം പി.യു. ചിത്ര ഇന്നലെ 3000 മീറ്ററിലും സ്വര്‍ണ്ണം നേടി ഡബിളിനര്ഹയായി. 100 മീറ്ററില്‍ സ്വര്‍ണ്ണംനേടി മീറ്റിലെ വേഗതയേറിയ വനിതാ താരമായ എസ്. അര്‍ച്ചന 200 മീറ്ററില്‍ പുതിയ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 24.32 സെക്കന്റില്‍ ഫിനിഷ് ചെയ്താണ്അര്ച്ചന ഡബിള്‍ തികച്ചത്. 2007-ല്‍ ഇന്ത്യന്‍ താരം ജെസ്സി സ്ഥാപിച്ച 25.32 സെക്കന്റിന്റെ റെക്കോര്‍ഡാണ് അര്‍ച്ചന തിരുത്തിയത്. വെള്ളിനേടിയ മലയാളിതാരം സി. രങ്കിതയും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ ശൈലേന്ദ്രസിംഗ് 4മിനിറ്റ് 02.39 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം നേടിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരവും മലയാളിയുമായ പി. മുഹമ്മദ് അഫ്സല് വെള്ളി കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മലയാളി താരം ജെനിമോള് ജോയി 5.40 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ 5.39 മീറ്റര്‍ ചാടി ഇന്ത്യയുടെ തന്നെ ഷിപു മൊണ്ടാല്‍ വെള്ളി കരസ്ഥമാക്കി. 800 മീറ്ററില്‍ ഇന്ത്യയുടെ മലയാളി താരം ജെസ്സി ജോസഫ് 2 മിനിറ്റ് 08.38 സെക്കന്റില്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ വെങ്കലം കരസ്ഥമാക്കിയ ഇന്ത്യയുടെ തന്നെ അര്‍ച്ചനയും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുതിയ റെക്കോര്‍ഡോടെ മേഘ്ന ഷെട്ടി (14.54 സെക്കന്റ്) ഇന്ത്യക്കായി സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ തന്നെ പി. ദീപികയും നിലവിലെ റെക്കോര്‍ഡ് മറികടന്ന് വെള്ളി കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ 54.44 മീറ്റര്‍ എറിഞ്ഞ് ഇന്ത്യയുടെ സച്ചിന് പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 51.98 മീറ്റര്‍ എറിഞ്ഞ ഇന്ത്യയുടെ തന്നെ ദില്യോഗിക്കാണ് വെള്ളിമെഡല്‍. ലോംഗ്ജമ്പില്‍ ഇന്ത്യയുടെ പി. അന്‍പുരാജ് 7.41 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി.
ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാമത് എഡിഷന് 2015-ല്‍ കൊളംബോയില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: