തിരുവനന്തപുരം: രണ്ടു ജില്ലകളില്‍ ഇന്നലെ നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും ദുരിതമായി. നടപടിക്രമങ്ങളിലെ പാളിച്ചകളും ഗതാഗതകുരുക്കും ഉദ്യോഗാര്‍ഥികളെ വലച്ചു. 1.30ന് മുമ്പ് പരീക്ഷാഹാളിലെത്തിയില്ലെന്നാരോപിച്ച് നരവധി പേരെ പരീക്ഷക്കിരുത്താതിരുന്നത് വിവാദമായിട്ടുണ്ട്. 1.30നു തന്നെ പരീക്ഷയ്ക്ക് എത്തണമെന്ന് പിഎസ്സി ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രൂക്ഷമായ ഗതാഗതകുരുക്ക് പലരുടെയും അവസരം നഷ്ടപ്പെടുത്തി. ഹാള്‍ടിക്കറ്റിലെ അവ്യക്തത മൂലവും പലര്‍ക്കും പരീക്ഷ എഴുതാനാകാതെ നിരാശരായി മടങ്ങേണ്ടി വന്നു. തിരുവനന്തപുരം, കാസര്‍കോഡ് ജില്ലകളിലെ പരീക്ഷയാണ് ഇന്നലെ നടന്നത്. മൊത്തം 2.64 ലക്ഷം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയിലുള്ളവരാണ് ഗതാഗതക്കുരുക്കില്‍ പെട്ട് പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവരിലേറെയും.
ഹാള്‍ടിക്കറ്റില്‍ നല്കിയ സ്ഥലപേരിലെ അവ്യക്തത പലര്‍ക്കും വിനയായി. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശത്തിന്റെ അതേ പേരില്‍ മറ്റുജില്ലകളിലുള്ള സ്ഥലങ്ങളിലാണ് പലര്‍ക്കും സെന്റര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, തിരുവനന്തപുരം ജില്ലയിലെ സ്ഥലം തന്നെയാണെന്ന് തെറ്റിദ്ധരിച്ച് പലരും ഇവിടങ്ങളില്‍ പരീക്ഷ എഴുതാനെത്തി. ഹാള്‍ടിക്കറ്റില്‍ ബാര്‍ക്കോഡ് വ്യക്തമാകാത്തവരെയും പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഒന്നരയ്ക്കുശേഷം ഹാളിലെത്തുന്നവരെ പരീക്ഷ എഴുതാനനുവദിക്കില്ലെന്ന് പിഎസ്സി നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിനാല്‍, അഞ്ചു മിനിറ്റുപോലും വൈകി എത്തിയവരെയും പരീക്ഷ എഴുതിച്ചില്ല.
ആറ്റിങ്ങല്‍ മേഖലയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ആറ്റിങ്ങലില്‍ റോഡുപണിനടക്കുന്നതിനാല് മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടത്. ഈ മേഖലയില്‍ പരീക്ഷയുണ്ടായിരുന്ന നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ് കൃത്യസമയത്ത് പരീക്ഷാഹാളില്‍ എത്താന്‍കഴിയാതെ പോയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ താമസിച്ചെത്തിയ ഉദ്യോഗാര്‍ഥികളും ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്വിജിലേറ്റര്മാരുമായി വാക്കുതര്‍ക്കമുണ്ടായി. എന്നാല്‍, ഇവരെയാരെയും പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ല. തിരുവനന്തപുരം ജില്ലയില്‍ 2,14,889 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. ഇത്രയും പേരെ തിരുവനന്തപുരത്ത് മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും പരീക്ഷ നടത്തിയത്. തിരുവനന്തപുരത്തെ ഉദ്യോഗാര്‍ഥികള്‍ക്കായി അന്യജില്ലകളിലടക്കം 876 പരീക്ഷാകേന്ദ്രങ്ങളാണ് പിഎസ്സി ഒരുക്കിയിരുന്നത്. അന്യജില്ലകളില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ ബസ്, റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയിരുന്നു. ഉദ്യോഗാര്‍ഥികളുടെ നല്ല തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്.
ട്രെയിനുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തമ്പാനൂര്‍ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി പുലര്‍ച്ചെ മുതല്‍ അധിക സര്‍വീസ് നടത്തി. യാത്രക്കാര്‍ നിറയുന്നതിനനുസരിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസ് നടത്തിയത്.
എല്‍ഡി ക്ലാര്‍ക്ക് നിയമനത്തിനായി നടത്തിയ ആദ്യപരീക്ഷ 85 ശതമാനം ഉദ്യോഗാര്‍ഥികളും എഴുതിയതായി പിഎസ്സി അറിയിച്ചു.
പരീക്ഷാകേന്ദ്രങ്ങളില്നിന്നുള്ള വിശദാംശങ്ങള്‍ ലഭിക്കാത്തതിനാല്‍ കൃത്യമായകണക്ക് ലഭ്യമല്ല. തിരുവനന്തപുരം പട്ടം പിഎസ്സി ആസ്ഥാനത്ത് ഗര്‍ഭിണികളായ 150 പേര്‍ക്ക് പ്രത്യേകസൗകര്യമേര്പ്പെടുത്തിയിരുന്നു. ബാര്‍കോഡും പിഎസ്സി മുദ്രയുമില്ലാതെയും തീയതിയില്ലാത്ത ഫോട്ടോ രേഖപ്പെടുത്തിയതുമായ ഹാള്ടിക്കറ്റുമായെത്തിയവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് പിഎസ്സി അറിയിച്ചു. എന്നാല്‍ പരീക്ഷയെഴുതാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ ഇനി അവസരം നല്‍കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: