ചെന്നൈ: ലോക ഒന്നാം നമ്പര്‍ താരം നോര്‍വേയുടെ മാഗ്നസ് കാള്‍സനും നിലവിലെ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദും ഏറ്റുമുട്ടുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗെയിം സമനിലയില്‍ അവസാനിച്ചു. 16 നീക്കങ്ങള്ക്കുശേഷമാണ് ഇരുതാരങ്ങളും സമനിലക്ക് സമ്മതിച്ചത്. ഇരുവര്‍ക്കും അരപോയിന്റ് സ്വന്തമായി.
നറുക്കെടുപ്പിലൂടെ വെള്ളക്കരു സ്വന്തമാക്കിയ കാള്‍സനാണ് ആദ്യകരുനീക്കം നടത്തിയത്. ചെന്നൈയിലെ ഹയാത് റീജന്‍സിയില്‍ ഒരുക്കിയിട്ടുള്ള ശബ്ദം കേള്‍ക്കാത്ത ഗ്ലാസ് ക്യുബിക്കിളിലാണ് പോരാട്ടം നടക്കുന്നത്.
കറുത്ത കരുക്കളില്‍ ആനന്ദ് ഭാഗ്യം പരീക്ഷിച്ച ആദ്യ മത്സരത്തില്‍ സമ്മര്‍ദ്ദം കാള്‍സണായിരുന്നു. എന്നാല്‍ ആദ്യ നീക്കം മുതല്‍ 11-ാം നീക്കം വരെ കാള്സണ് മുന്നിട്ടു നിന്നിരുന്നെങ്കിലൂം 11 മുതല്‍ 15 നീക്കം വരെ ആനന്ദിന്റെ മികവ് കാണുകയായിരുന്നു. പതിനാറ് നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയിലായത്. മത്സരം ഒന്നര മണിക്കൂര്‍ നീണ്ടതിന് ശേഷം സമനിലയല്ലാതെ വഴിയില്ലെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു.
വെള്ളക്കരുക്കളുമായി കളിച്ച ലോക ഒന്നാം നമ്പര്‍ കൂടിയായ കാള്‍സണെതിരെ സമനില നേടാനായത് ആനന്ദിനെ സംബന്ധിച്ചിടത്തോളം മികച്ച തുടക്കമാണ്. തൃപ്തികരമായ ഫലമാണ് ആദ്യപോരാട്ടത്തിലേതെന്ന് മത്സരശേഷം ആനന്ദ് പറഞ്ഞു.
എന്നാല്‍ വെള്ളക്കരുക്കളുമായി കളിക്കാന്‍ അവസരം ലഭിച്ചിട്ടും ആദ്യമത്സരത്തിന്റെ ഫലത്തില്‍ പൂര്‍ണ തൃപ്തനല്ലെന്നായിരുന്നു കാള്‍സന്റെ പ്രതികരണം. വെള്ളക്കരുക്കളുമായി കളിച്ചപ്പോള്‍ മുമ്പും ചില സമനിലകള്‍ വഴങ്ങേണ്ടിവന്നിട്ടുണ്ടെന്നും അതിനാല്‍ ഇത് അതുപോലെ കരുതിയാല്‍ മതിയെന്നും കാള്സന് വ്യക്തമാക്കി. നാളെ വെളുത്ത കരുക്കളുമായാണ് ആനന്ദ് കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: