കൊച്ചി: കോടതിയിലെത്തുന്ന കേസുകള്‍ വര്‍ഷങ്ങള്‍ നീളുന്ന അവസ്ഥയാണ് നിലവിലെന്നും വിധി വരുമ്പോള്‍ കോടതിയെ സമീപിക്കുന്ന വ്യക്തിയുടെ ജീവിത കാലം കഴിഞ്ഞിരിക്കുമെന്നും ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍.
99-ാം പിറന്നാളിന്റെ ഭാഗമായി എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയെ സമീപിക്കുന്നയാള്‍ തന്റെ മരണത്തിനു ശേഷം വിധി വന്നുകഴിയുമ്പോള്‍ എന്തു ചെയ്യണമെന്ന ഒസ്യത്ത് എഴുതി വെക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കോടതി നടപടികള്‍ ലഘൂകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.കേസുകള്‍ നീണ്ടു പോകുന്നത് അവസാനിപ്പിക്കുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായ നിയമസഹായം ലഭ്യമാക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുകയും വേണം.
പാവപ്പെട്ടവര്‍ക്ക് സൗജന്യനിയമസഹായം നല്‍കാനും ഇതുമായി ബന്ധപ്പെട്ട തന്റെ ആശയം പകര്‍ന്നു നല്കുന്നതിനുമായി താന്‍ മുന്‍കൈ എടുത്ത് നിയമസഹായകേന്ദ്രം ആരംഭിക്കുമെന്നും കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു. കോടതി തെറ്റു ചെയ്താല്‍ അതിനെ വിമര്‍ശിക്കാം. അതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ നേരിടണമെന്നും ചോദ്യത്തിന് മറുപടിയായി കൃഷ്ണയ്യര്‍ പറഞ്ഞു.താനും കോടതിയലക്ഷ്യനടപടി നേരിട്ടിട്ടുളള വ്യക്തിയാണ്. കോടതിയോട് മര്യാദയോടെ പെരുമാറണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നേരേന്ദ്രമോദിയുടെ ആളല്ല. എന്നാല്‍ നല്ലകാര്യം ആരും ചെയ്താലും അത് മോദിയായാലും നെഹ്റുവായാലും താന്‍ സ്തുതിക്കും. മോദിയുടെ ചില നടപടികളില്‍ തനിക്ക് രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. ഈ പ്രതിഷേധം മോദിക്ക് അയച്ച കത്തിലും വ്യക്തമാക്കിയിട്ടുണ്ട്. സോളാര്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന ഗുജറാത്തിന്റെ നടപടി മാതൃകാപരമാണ്. താന്‍ ന്യൂക്ലിയര്‍ എനര്ജിക്കെതിരാണ്. അത് മാരകമായ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ സൃഷ്ടിക്കും. ‘ന്യൂക്ലിയര്‍ നെവര്‍, സോളാര്‍ എവര്‍’ എന്നതാണ് ഇക്കാര്യത്തില്‍ തന്റെ മുദ്രാവാക്യം. നല്ലത് ആര് ചെയ്താലും അനുകൂലിക്കുകയും ചീത്ത കാര്യത്തെ വിമര്‍ശിക്കുകയും ചെയ്യും. മോദിയുടെ കാര്യത്തില്‍ അതാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കല്‍ മോദി തന്നെകാണാന്‍ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ താന്‍ ക്ഷണിച്ചിട്ടല്ല വന്നതെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. സത്യസന്ധനായ വ്യക്തിയെ കാണണമെന്ന് കരുതി വന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ അതിന് നന്ദി പറയുകയും ചെയ്തു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ആദ്യം അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജയിക്കട്ടെയെന്നായിരുന്നു കൃഷ്ണയ്യരുടെ മറുപടി. നിലവില്‍ ഉമ്മന്‍ചാണ്ടി എവിടെയുണ്ടെന്ന് അറിയാന്‍ കരിങ്കൊടി അന്വേഷിച്ചാല്‍ മതി. എവിടെ ഉമ്മന്‍ചാണ്ടിയുണ്ടോ അവിടെ കരിങ്കൊടിയുണ്ട് എന്നതാണ് അവസ്ഥ. ജനങ്ങള്‍ക്കുപകാരപ്രദമായ പരിപാടിയുമായി പോകുമ്പോള്‍ കരിങ്കൊടികാണിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി കൃഷ്ണയ്യര്‍ പറഞ്ഞു.
പ്രസ്ക്ലബ് സെക്രട്ടറി എസ് ഉണ്ണികൃഷ്ണന് ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് കെ.രവികുമാര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് എം.കെ.ഗീതാകുമാരി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: