മായാവതിയുടെ സഹോദരന് ആനന്ദ് കുമാറിനെതിരായ നികുതി വെട്ടിപ്പു കേസ് കേന്ദ്ര ആദായ നികുതി വകുപ്പ് റദ്ദാക്കുന്നു. അനധികൃതമായി സൂക്ഷിച്ചതിന്റെ പേരില്‍ പിടിച്ചടുത്ത 400 കോടി രൂപ ഇയാള്‍ക്കു തിരിച്ചു നല്‍കും. തെരഞ്ഞടുപ്പിനുമുന്പ് കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് തെരഞ്ഞടുക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണിത്. ഇതില്‍ അത്ഭുതപ്പെടാനില്ല . കോണ്‍ഗ്രസിന്റെ എക്കാലത്തെയും അടവു നയങ്ങളിലൊന്നാണിത്.
ബിഎസ്പി നേതാവ് മായാവതിയും അവരുടെ പാര്‍ട്ടിയും കോണ്‍ഗ്രസിനെ ആപത്കാലങ്ങളിലെല്ലാം തുണച്ചിട്ടുണ്ട്. ഇടക്ക് യുപിഎയുമായി പിണങ്ങി അകന്നെങ്കിലും മായാവതി ഒരിക്കലും കോണ്‍ഗ്രസിനെ കൈവിട്ടിരുന്നില്ല. പാര്‍ലമെന്റില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനെ പലപ്പോഴും രക്ഷിച്ചത് മായാവതിയുടെ ഔദാര്യമായിരുന്നു. യു പി രാഷ്ട്രീയത്തില്‍ ബദ്ധവൈരികളാണെങ്കിലും ദല്‍ഹിയിലെത്തിയാല്‍ കോണ്‍ഗ്രസിനെ സഹായിക്കുന്ന കാര്യത്തില്‍ മുലായം സിംഗിനോടൊപ്പം തന്നെ മായാവതിയും ഉത്സുകയാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷവും മായാവതിയുടെ അനുഗ്രഹം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഇതിനുള്ള പ്രത്യുപകാരമാണ് മായാവതിയുടെ സഹോദരന്റെ പേരിലുള്ള 400 കോടിയുടെ കള്ളപ്പണം വിട്ടുകൊടുത്തതിലൂടെ കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സാമ്പത്തികരംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായത്തില്‍ ഈ പ്രതിസന്ധിയില്‍ നിന്ന് രാജ്യം പുറത്തുകടക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും.
ആഗോളവത്കരണത്തിന്റെ ഭാഗമായുള്ള സാമ്പത്തിക നയങ്ങള്‍ ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ദരിദ്രവും അധമര്ണവും ആക്കിയതു പോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും തകര്ത്തുകളയുമോയെന്നതാണ് പ്രധാന ആശങ്ക. രൂപയുടെ മൂല്യത്തകര്‍ച്ചയും അതിരൂക്ഷമായ വിലക്കയറ്റവും രാജ്യത്തെ വരിഞ്ഞു മുറുക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്കും ആറുമാസത്തിനുള്ളില്‍ പാര്‍ലമെന്റിലേക്കും തെരഞ്ഞടുപ്പ് നടക്കാന്‍ പോകുന്നത്. തീര്‍ച്ചയായും സമ്പദ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ഒന്നു കൂടി രൂക്ഷമാകും.
തെരഞ്ഞടുപ്പുകളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി വന്‍ തുകയാണ് ഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടി വരിക. ഇപ്പോള്‍ വിവിധ ഘട്ടങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പല പദ്ധതികളും ഇതുമൂലം താളം തെറ്റും. രാജ്യം ഇനിയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതോടെ ബ്രസീലിനെയും അര്‍ജന്റീനയെയും കിഴക്കനേഷ്യന്‍ കടുവകളെയും ബാധിച്ച രോഗം ഇന്ത്യയെയും കീഴടക്കുമെന്ന ആശങ്കയാണുയരുന്നത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഏറ്റവും വലിയ ശാപമാണ് സമാന്തര സമ്പദ് വ്യവസ്ഥ. അതായത് കള്ളപ്പണം. ഇന്ത്യയില്‍ ഇത് കൈകാര്യം ചെയ്യുന്നതാകട്ടെ രാഷ്ട്രീയക്കാരും.
ലോകത്ത് ഏറ്റവുമധികം കള്ളപ്പണനിക്ഷേപമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അടുത്തകാലത്ത് പുറത്തു വന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും വിദേശബാങ്കുകളില്‍ ഉള്ള കള്ളപ്പണ നിക്ഷേപത്തിന്റെ കണക്ക് ഇന്ത്യയുടെ മൊത്തം ജിഡിപിയോളമെത്തും. ഈ കള്ളപ്പണം കണ്ടെത്തി നാട്ടില്‍ തിരിച്ചെത്തിക്കാനായാല്‍ രാജ്യം ഇന്ന് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ തോതില്‍ പരിഹാരമാകും. സാമ്പത്തിക രംഗത്തു പ്രവര്‍ത്തിക്കുന്നവരും എല്‍കെ അദ്വാനി, നരേന്ദ്ര മോദി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഇക്കാര്യം പലകുറി ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുകയാണ്.
2009ലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി പ്രചരണത്തിന് തുടക്കമിട്ടുവെങ്കിലും സ്ഥാപിത താത്പര്യക്കാരുടെ പിന്തുണയോടെ ആ പ്രചരണത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസിനായി. ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വിസ്സ് ബാങ്കില്‍ വന്‍ നിക്ഷേപമുണ്ടെന്ന് നേരത്തെതന്നെ ആരോപണമുണ്ടായിരുന്നുവെങ്കിലും അടുത്ത കാലത്ത് ഇതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു.
സ്വിറ്റ്സര്‍ലന്റിലെ പ്രസിദ്ധമായ കെനൃ ബുക്സ് ആണ് സ്വിസ്സ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി ആദ്യമായി ലോകത്തെ അറിയിച്ചത്. പിന്നീട് ഒട്ടേറെ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍ ഇതു സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ടുകളുമായി പുറത്തിറങ്ങി. സ്വിസ്സ്ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ഒരു മുഴുപേജ് ഫീച്ചര്‍ തന്നെ പ്രസിദ്ധീകരിച്ചു. നെഹ്റു കുടുംബത്തിന് സ്വിസ്സ് ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണെന്നു തോന്നുന്നു ആദ്യമായി വെളിപ്പെടുത്തിയത്. ഏതായാലും സ്വിറ്റ്സര്‍ലന്റിലെ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ സ്വിസ്സ് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് മാഗസിന് ഔദ്യോഗികമായി പുറത്തുവിട്ട വിവരത്തില്‍ സ്വിസ്സ് ബാങ്കില്‍ ഏറ്റവുമധികം നിക്ഷേപമുള്ളവരുടെ പട്ടികയില്‍ രാജീവ്ഗാന്ധിയുമുണ്ട്. 22,000 കോടി ഡോളര്‍ നിക്ഷേപമാണ് രാജീവ് ഗാന്ധിക്ക് സ്വിസ്സ് ബാങ്കിലുള്ളതെന്നാണ് ഈ ഔദ്യോഗിക പ്രസിദ്ധീകരണം വ്യക്തമാക്കുന്നത്. പിന്തുടര്ച്ചാവകാശി സോണിയ ഗാന്ധിയാണ്. ഇദി അമീന്, സദ്ദാം ഹുസൈന് തുടങ്ങിയ നേതാക്കളോടൊപ്പം രാജീവ് ഗാന്ധിയുടെ ചിത്രവുമായാണ് മാഗസിന് പുറത്തിറങ്ങിയത്. ടോപ് മോസ്റ്റ് അക്കൗണ്ട് ഹോള്‍ഡേഴ്സ് എന്നപേരിലാണ് രാജീവ് ഗാന്ധിയടക്കമുള്ള നേതാക്കളുടെ ചിത്രങ്ങള്‍ മാഗസിന് പുറത്തു വിട്ടത്. ഈ അക്കൗണ്ടുകള്‍ സീക്രട്ട് അക്കൗണ്ടുകളാണെന്നും സ്വിറ്റ്സര്ലാനൃ സര്‍ക്കാര്‍ നയം മാറ്റുന്നതിന്റെ ഭാഗമായാണ് ഈ വിവരങ്ങള്‍ പുറത്തു വിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോടിക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു നാട്ടില്‍ ലക്ഷക്കണക്കിന് കോടികള്‍ രഹസ്യമായി നികുതിവെട്ടിച്ച് കടത്തി സ്വന്തം പേരില്‍ സൂക്ഷിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ നാടാണ് ഇന്ത്യ. എന്നാല്‍ ഏറ്റവുമധികം ദരിദ്രരുള്ള രാജ്യവും ഇന്ത്യ തന്നെ. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് വിദേശ ശക്തികള്‍ കൊളളയടിച്ചതിലും വലിയ തുകയാണ് ഇപ്പോള്‍ നെഹ്റു കുടുംബം രാജ്യത്തുനിന്നും കടത്തിയതായി വെളിപ്പെടുന്നത്. ഈ കള്ളപ്പണ നിക്ഷേപം സംരക്ഷിക്കണമെങ്കില്‍ അധികാരത്തിന്റെ തണല്‍ ആവശ്യമാണെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. മായാവതിയെപ്പോലുള്ളവരുടെ താത്പര്യങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്നതിനു പുറകിലുള്ള രഹസ്യവും ഇതാണ്. യു പി കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ അഴിമതികളുടെ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചയാളാണ് മായാവതി. തെരഞ്ഞടുപ്പിനു മുന്‍പ് തന്നെ ചിത്രം വ്യക്തമാവുകയാണ്. ഇക്കുറി പാര്‍ലമന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്ത് രാഷ്ട്രീയ ധ്രുവീകരണമുണ്ടാകുന്നത് അഴിമതിക്കാരും അതിനെ എതിര്‍ക്കുന്നവരും എന്ന തരത്തിലായാല്‍ അത്ഭുതപ്പെടാനില്ല.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: