കൊല്‍ക്കത്ത: സച്ചിന്റെ വിരമിക്കല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ 199-ാം ടെസ്റ്റ് എന്ന പേരില്‍ ഏറെ പ്രശസതിനേടിയ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ഇന്നിംഗ്സിനും 51 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ രണ്ട്ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സില്‍ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 220 റണ്‍സെടുക്കേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിനെ 168 റണ്‍സില്‍ എറിഞ്ഞിട്ടാണ് ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ചന്ദര്‍പോളാണ് വിന്‍ഡീസ് നിരയിലെ ടോപ്സ്കോറര്‍. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 219 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് ഷാമിയുടെ പേസിന് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നുതരിപ്പണമായത്. രണ്ടാം ഇന്നിംഗ്സില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ഷാമി പിഴുതത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന് ഷാമിക്ക് മികച്ച പിന്തുണ നല്കി. വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിത്. രണ്ട് ദിവസത്തിലേറെ ബാക്കിനില്‍ക്കേയാണ് ടീം ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തത്. സ്കോര്‍ ചുരുക്കത്തില്‍: വിന്‍ഡീസ് 234, 168. ഇന്ത്യ 453. ആദ്യ ഇന്നിംഗ്സില്‍ രോഹിത് ശര്‍മ്മയുടെയും (177) അശ്വിന്റെയും (124) സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. എട്ടാം നമ്പരില്‍ ഇറങ്ങി സെഞ്ച്വറി നേടിയ അശ്വിന്റെ പ്രകടനമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പ്രത്യേകത. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.
അവസാനത്തേതിന് തൊട്ടുമുന്നെയുള്ള ടെസ്റ്റിന് ഇറങ്ങിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ബൗളിംഗില്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്റിംഗില്‍ പത്ത് റണ്‍സാണെടുത്തത്. ഷില്ലിംഗ്ഫോര്‍ഡിന്റെ ദൂസരയില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സച്ചിന് മടങ്ങിയത്. അമ്പയറുടെ പിഴവിലാണ് സച്ചിന് പുറത്തായത്. ഓഫ് സ്റ്റാമ്പിന് മുകളിലൂടെ പോയ പന്തിലാണ് ഇംഗ്ലീഷുകാരനായ അമ്പയര്‍ നൈജല്‍ ലോങ്ങ് ഔട്ട് വിധിച്ചത്.
ഈഡന്‍ഗാര്‍ഡന്‍സില്‍ മത്സരത്തിന് ശേഷം സച്ചിനെ തലപ്പാവണിയിച്ചാണ് യാത്രയാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ സച്ചിന്റെ സംഭാവന 10 റണ്‍സിലൊതുങ്ങിയിരുന്നു. കളി രണ്ടാമിന്നിംഗ്സിലേക്ക് നീങ്ങിയാല്‍ സച്ചിന്റെ ബാറ്റിംഗ് ഒരിക്കല്‍കൂടി കാണാമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും ഇന്ത്യയുടെ വിജയം ഈഡനിലെ കാണികളില്‍ ആവേശമായി മാറി.
354ന് ആറ് എന്ന നിലയില്‍ മൂന്നാം ദിവസമായഇന്നലെ ആദ്യ ഇന്നിംഗ്സ് പുനാരാരംഭിച്ച് അധികം വൈകാതെ രോഹിത് ശര്‍മ്മക്ക് പിന്നാലെ ആര്. അശ്വിനും സെഞ്ച്വറി നേടി. 159 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെയാണ് അശ്വിന് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 17 ടെസ്റ്റുകളില്‍ നിന്ന് അശ്വിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. അധികം വൈകാതെ രോഹിത് ശര്‍മ്മ 150റണ്‍സും പിന്നിട്ടു. ഇന്ത്യന്‍ സ്കോര്‍ 436 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 301 പന്തുകളില്‍ നിന്ന് 23 ബൗണ്ടറികളും ഒരു സിക്സറുമടക്കം 177 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മടങ്ങിയത്. വീരസ്വാമി പെരുമാളിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് രോഹിത് മടങ്ങിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് രോഹിത്തിന്റേത്. കഴിഞ്ഞ മാര്‍ച്ചില്‍ മൊഹാലിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ശിഖര്‍ ധവാന് നേടിയ 187 റണ്‍സാണ് പട്ടികയില്‍ ഒന്നാമത്. ഏഴാം വിക്കറ്റില്‍ 280 റണ്‍സാണ് രോഹിത്തും അശ്വിനും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഏഴാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ത്ത കൂട്ടുകെട്ടാണിത്. ലക്ഷ്മണും ധോണിയും 2010-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 259 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിതും അശ്വിനും മറികടന്നത്. രോഹിത് പുറത്തായതിന് പിന്നാലെ അശ്വിനും മടങ്ങി. 210 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 124 റണ്‍സെടുത്ത അശ്വിനെ ഷില്ലിംഗ്ഫോര്‍ഡ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് 9 റണ്‍സെടുക്കുന്നതിനിടെ 12 റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിനെ ഷില്ലിംഗ്ഫോര്ഡും ഒരു റണ്‍സെടുത്ത മുഹമ്മദ് ഷാമിയെ പെരുമാളും പുറത്താക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 453 റണ്‍സില്‍ അവസാനിച്ചു. വെസ്റ്റിന്‍ഡീസിന് വേണ്ടി ഷില്ലിംഗ്ഫോര്‍ഡ് 167 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
280 റണ്‍സ് പിന്നിലായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസിന് ഓപ്പണര്‍മാരായ ക്രിസ് ഗെയില്‍ ഭേദപ്പെട്ട തുടക്കം നല്കി. സ്കോര്‍ബോര്‍ഡില്‍ 33 റണ്‍സുള്ളപ്പോള്‍ 33 റണ്‍സെടുത്ത ഗെയിലിനെ ഭുവനേശ്വര്‍കുമാര്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ബ്രാവോയും പറവും ചേര്ന്ണ്ടീമിനെ മുന്നോട്ട് നയിച്ചു. പവല്‍ നേരിട്ട 31-ാം പന്തിലാണ് സ്കോര്‍ബോര്‍ഡ് തുറന്നത്. ബ്രാവോയും പവലും ചേര്‍ന്ന് സ്കോര്‍ 101 റണ്‍സിലെത്തിച്ചു. എന്നാല്‍ 36 റണ്‍സെടുത്ത പവലിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒരുഘട്ടത്തില്‍ ഒന്നിന് 101 എന്ന മികച്ച നിലയില്‍ നിന്നാണ് പിന്നീട് വിന്‍ഡീസ് 168 റണ്‍സിന് ഓള് ഔട്ടായത്. പവലിന് പകരം ക്രീസിലെത്തിയ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോര്‍ മര്‍ലോണ്‍ സാമുവല്‍സിനും ഏറെ ആയുസ്സുണ്ടായില്ല. നാല് റണ്‍സെടുത്ത സാമുവല്‍സിനെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ വിന്‍ഡീസ് മൂന്നിന് 110 എന്ന നിലയിലായി. സ്കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാം വിക്കറ്റും നഷ്ടമായി. 37 റണ്‍സെടുത്ത് വിന്‍ഡീസ് നിരയിലെ ടോപ് സ്കോററായ ബ്രാവോയെ അശ്വിന് രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പിന്നീടായിരുന്നു ഷാമിയുടെ തീപാറുന്ന ബൗളിംഗ്. സ്കോര്‍ 125-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത രാംദിനെ ഷാമി വിജയിന്റെ കൈകളിലെത്തിച്ചു. പിന്നീട് ചന്ദര്‍പോളും സമിയും ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 152-ല്‍ എത്തിയപ്പോള്‍ ആറാംവിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. എട്ട് റണ്‍സെടുത്ത സമിയെ ഷാമി ബൗള്‍ഡാക്കി. ഇതേ ഓവറിലെ ഇതേ സ്കോറില്‍ തന്നെ രണ്ട്വിക്കറ്റുകള്‍ കൂടി വിന്‍ഡീസിന് നഷ്ടമായി. ഒരുപന്തിന്റെ ഇടവേളക്ക് ശേഷം റണ്ണൊന്നുമെടുക്കാതെ ഷില്ലിംഗ്ഫോര്ഡിനെയും തൊട്ടടുത്ത പന്തില്‍ വീരസാമി പെരുമാളിനെ റണ്ണൗട്ടാക്കുകയും ചെയ്തു. പിന്നീട് സ്കോര്‍ 159-ല്‍ നില്‍ക്കേ മൂന്ന് റണ്‍സെടുത്ത ടിനോബെസ്റ്റിന് അശ്വിന് ഓജയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 168-ല്‍ എത്തിയപ്പോള്‍ കോട്ട്റെല്ലിനെ ഷാമി ക്ലീന്‍ബൗള്‍ഡാക്കിയതോടെ വിന്‍ഡീസ് ഇന്നിംഗ്സിന് തിരശ്ശീല വീണു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമി ആദ്യ ഇന്നിംഗ്സില്‍ നാല്വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ടിന്നിംഗ്സിലുമായി 118 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് ഷാമി നേടിയത്. ഇതില്‍ ആറെണ്ണംക്ലീന് ബൗള്‍ഡായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോര്‍ഡ് ഷാമിക്ക് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: