ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ബോധ് ഗയ, പാറ്റ്ന സ്ഫോടനങ്ങള്‍ക്കുള്ള നിര്‍ദേശം വന്നത് പാക്കിസ്ഥാനില്‍ നിന്ന്. അന്വേഷക സംഘം ഇക്കാര്യം സ്ഥിരീകരിച്ചു. ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹീദ്ദിന്റെ സ്ഥാപകന്‍ റിയാസ് ഭട്കലും അനുയായി തെഹ്സീന്‍ അക്തറും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും അവര്‍ കൈമാറിയ സന്ദേശങ്ങളും അപഗ്രഥിച്ചതില്‍ നിന്നാണ് സ്ഫോടനങ്ങളിലെ പാക് കരം തെളിഞ്ഞത്. ആഗസ്റ്റില്‍ ഭീകരരിലെ പ്രധാനിയായ യാസിന് ഭട്കലിന്റെ അറസ്റ്റിനു പിന്നാലെയായിരുന്നു റിയാസും ഐഎമ്മിന്റെ (ഇന്ത്യന്‍ മുജാഹിദ്ദിന്‍) ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അക്തറും തമ്മിലെ ആശയ വിനിമയം.
ഒക്ടോബര്‍ 27ന് ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി നടത്തിയ ഹുങ്കാര്‍ റാലിക്കിടെ നടന്ന തുടര്‍ സ്ഫോടനങ്ങളില്‍ ആറു പേര് കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ജൂലൈ ഏഴിന് ഗയയിലെ മഹബോധി ക്ഷേത്രത്തിലെ സ്ഫോടനങ്ങളില്‍ രണ്ടു ബുദ്ധസന്യാസിമാരടക്കം അഞ്ചുപേര്‍ക്കു പരുക്കേറ്റിരുന്നു. രണ്ടു സ്ഫോടനങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം റാഞ്ചിയുടെ പ്രാന്തപ്രദേശമായ ഛക്ലയിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ സ്ഫോടക വസ്തുക്കള്‍ക്കൊപ്പം ചില നിര്‍ണായക രേഖകളും ലഭിച്ചിരുന്നു. ബോധ് ഗയയില്‍ ബോംബു സ്ഥാപിച്ച സ്ഥലങ്ങള്‍ രേഖപ്പെടുത്തിയ കടലാസുകളും അവയില്‍പ്പെടുന്നു.
ബോധ്ഗയ സ്ഫോടനവുമായി ബന്ധപ്പെട്ട് ഏതാനും ചിലര്കൂടെ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. ഇരു സംഭവങ്ങളിലും ഝാര്‍ഖണ്ഡിലെ ബൊക്കാരൊ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിനിക്കു പങ്കുള്ളതായും വിവരമുണ്ട്. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങല്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല.
പാറ്റ്ന സ്ഫോടനത്തില്‍ ഇന്ത്യന്‍ മുജിഹിദ്ദീന്റെ റാഞ്ചി ബന്ധങ്ങളുടെ സാന്നിധ്യവും അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചുകഴിഞ്ഞു. അറസ്റ്റിലായ ഉജ്ജാര്‍ അഹമ്മദും ഇംതിയാസ് അന്‍സാരിയും കൊല്ലപ്പെട്ട മുഖ്യ സൂത്രധാരന്‍ ഐനുള്‍ എന്ന താരിഖും ഝാര്‍ഖണ്ഡിന്റെ തലസ്ഥാനത്തില്‍ നിന്നുള്ളവരാണ്. മറ്റൊരു സുപ്രധാന കണ്ണിയെത്തേടിയുള്ള തെരച്ചിലിനിടെയാണ് 9 ബോംബുകള്‍ ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തു ശേഖരം കണ്ടെടുത്തത്. വന്‍ ആക്രമണ പദ്ധതിയാണ് അതിലൂടെ വിഫലമാക്കപ്പെട്ടതെന്ന് എന്‍ഐഎ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: