തിരുവനന്തപുരം: തൊഴില്‍ നഷ്ടമായി സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് പലിശ രഹിത വായ്പയും വിവിധ സബ്സിഡികളും തൊഴില്‍ സംരംഭ സൗകര്യങ്ങളും നല്കുന്ന സര്‍ക്കാര്‍ പുനരധിവാസ പാക്കേജിനു സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതിനുസരിച്ച് അഞ്ചുപേരുടെ ഒരു ഗ്രൂപ്പിന് കെഎഫ്സി 20 ലക്ഷം രൂപവരെയുള്ള സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കും.
ചെറുകിട സംരംഭങ്ങള്‍, പ്രവാസി സഹകരണസംഘങ്ങള്‍ മുഖേന നടത്തുന്ന ചെറുകിട സംരംഭങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ എന്നിവയ്ക്ക് ബാങ്കുകള്‍ മുഖേന പലിശനിരക്ക് കുറച്ച് വായ്പാസൗകര്യം ഏര്‍പ്പെടുത്തും.
നോര്‍ക്കാ വകുപ്പ് ഇപ്പോള്‍ നടപ്പാക്കിവരുന്ന നോര്‍ക്കാ ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സ് എന്ന പദ്ധതിയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കു വായ്പാ സൗകര്യത്തിനു പുറമെ ഒരു സംരംഭകന് പരമാവധി രണ്ടുലക്ഷം രൂപ മൂലധന സബ്സിഡി നല്‍കും. 20 ലക്ഷം രൂപ വരെ പദ്ധതിച്ചെലവുള്ള സംരംഭകര്‍ക്ക് 10 ശതമാനം മൂലധന സബ്സിഡി എന്ന നിരക്കില്‍ 1000 സംരംഭകര്‍ക്ക് സബ്സിഡി നല്കുന്ന പദ്ധതി നടപ്പാക്കും. നിതാഖാത്ത് സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് ഇതുവരെ 13,000 പേരാണ് മടങ്ങി എത്തിയിട്ടുള്ളത്.
കയറ്റി അയക്കപ്പെടുന്നവരുടെ പാസ്പോര്ട്ടില് മറ്റൊരു ഗള്‍ഫ് രാജ്യത്തും പോകാന്‍ കഴിയാത്ത തരത്തില്‍ സീല്‍ പതിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മടങ്ങിയെത്തിയവരില്‍ തിരികെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അവിടെ തൊഴിലവസരം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കും. നാട്ടില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നല്കാന് കഴിവുള്ള പ്രമുഖരായ വിദേശ ഇന്ത്യക്കാരുടെ സഹായത്തോടെയാവും പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ഉള്‍പ്പെടുത്തി വിപുലമായ പാക്കേജിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
നോര്‍ക്ക വകുപ്പില്‍ നിലവിലുള്ള ജോബ് പോര്‍ട്ടല്‍ സംവിധാനവും ഒഡെപെക്കിന്റെ റിക്രൂട്ട്മെന്റ് സംവിധാനവും പ്രയോജനപ്പെടുത്തി ഇന്ത്യക്കകത്തും വിദേശത്തും ജോലി തേടാന്‍ സഹായമാവശ്യമുള്ളവരുടെ ഒരു പ്രത്യേക ഡാറ്റാ ബേസ് തയ്യാറാക്കി ഇവര്‍ക്കു ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി കണ്ടത്താന്‍ സഹായിക്കും. നോര്‍ക്ക റൂട്ട്സിന്റെ നൈപുണ്യം മെച്ചപ്പെടുത്തല്‍ പദ്ധതി, വ്യവസായ പരിശീലന വകുപ്പിന്റെ സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാം എന്നിവയിലൂടെ പ്രത്യേക പരിശീലന പാക്കേജ് ഇവര്‍ക്കായി രൂപീകരിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: