സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്റെ മുന്ഗാമികളില് നിന്നും പലതുകൊണ്ടും വ്യത്യസ്്തനാണ്. മറ്റു സിപിഎം ജനറല്‍ സെക്രട്ടറിമാരെപ്പോലെ സിപിഎമ്മിന്റെ സമര പരമ്പരകളില്കൂടിയോ ദീര്‍ഘകാലത്തെ ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെയോ രൂപപ്പെടുത്തപ്പെട്ട പാര്‍ട്ടി വ്യക്തിത്വമല്ല കാരാട്ടിന്റെത്. ഒരുപക്ഷേ ജെഎന്‍യുവിലെ വിദ്യാഭ്യാസ കാലഘട്ടത്തിലാകാം കാരാട്ട് ഏറ്റവും തീവ്രമായ സംഘടനാ പ്രവര്‍ത്തനവും സമരങ്ങളും ചെയ്തിട്ടുണ്ടാവുക. അതിനുശേഷം അധികകാലവും അദ്ദേഹം പാര്‍ട്ടി ഓഫീസിലെ പകര്പ്പെഴുത്തുകാരനായും ജനറല്‍ സെക്രട്ടറിമാരുടെ പിഎ ആയും മറ്റുമാണ് ഏകെജി ഭവനില്‍ കാലം പോക്കിയത്.
സുര്‍ജിത്തിനു ശേഷം ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട് മാധ്യമങ്ങള്‍ക്കനുവദിച്ച ആദ്യ അഭിമുഖം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം ദുര്‍ബ്ബലമായി വരുന്നതിനെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ പാര്‍ട്ടി നേതാവ് ഒരു പക്ഷെ അദ്ദേഹമായിരിക്കും. പശ്ചിമ ബംഗാളില്‍ ജ്യോതിബസുകാലഘട്ടത്തിനു ശേഷം അധികാരമേറ്റ ബുദ്ധദേവ് ഭട്ടാചാര്യയുടെ സര്‍ക്കാര്‍ അതിവേഗം ജനവിരുദ്ധമായി മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് സഹിഷ്ണുതയോടെ മറുപടി നല്‍കിയും അദ്ദേഹം ശ്രദ്ധയാകര്‍ഷിച്ചു.പാര്‍ട്ടി കേഡര്‍മാര്‍ ഈ സവിശേഷതകളെ എങ്ങനെ സ്വീകരിക്കുമെന്ന് സംശയമുയര്‍ന്നുവെങ്കിലും മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും കാരാട്ടില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം.
പക്ഷേ ഇപ്പോള്‍ പറയാതെ വയ്യ കാരാട്ട് ഏറെ നിരാശപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ കൊണ്ട് അദ്ദേഹം തന്റെ മുന്‍ഗാമികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. ഇതിന്റെ ഏറ്റവുമൊടുവിലത്തെ സൂചനയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജ്യോതി ബസു അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിലെ അദ്ദേഹത്തിന്റെ പ്രസംഗം. പതിവു പോലെ അന്താരാഷ്ട്ര കാര്യങ്ങളില്‍ തുടങ്ങി ദേശീയ രാഷ്ട്രീയത്തിലേക്കു വഴിമാറിയ പ്രസംഗത്തില്‍ കാരാട്ട് ഏറെ സമയവും വാക്കുകളും ഉപയോഗിച്ചത് നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കാനായിരുന്നു. കാരാട്ടിന്റെ പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ വാചകമായി പല മാധ്യമങ്ങളും ഉദ്ധരിച്ചത് രാജ്യത്ത് മോദിക്കു വേണ്ടി ആര്‍എസ്എസ് കലാപങ്ങള്‍ സൃഷ്ടിക്കുന്നു എന്ന വരിയാണ്്. തീര്‍ച്ചയായും നരേന്ദ്രമോദിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കാന്‍ പ്രകാശ് കാരാട്ടിന് അവകാശമുണ്ട്. എന്നാല്‍ പറയുന്ന കാര്യം സത്യസന്ധമാണെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്ന കാര്യത്തില്‍ സിപിഎം നേതൃത്വം തര്‍ക്കത്തിനു വരരുത്. എന്തടിസ്ഥാനത്തിലാണ് മോദിക്കു വേണ്ടി ആര്‍എസ്എസ് കലാപമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞത്.
ബോധ് ഗയയിലും പാറ്റ്നയിലും ഉണ്ടായ സ്ഫോടനങ്ങള്‍ മോദിയുടെ പ്രചരണത്തിനുവേണ്ടി ആസുത്രണം ചെയ്തവയായിരുന്നുവെന്നാണ് കാരാട്ട് പറയുന്നത്. ഈ രണ്ടു സ്ഫോടനങ്ങളിലും പ്രതികളായവര്‍ ഏതാണ്ട് എല്ലാവരും തന്നെ പിടിയിലായിക്കഴിഞ്ഞു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയാണ് സ്ഫോടനങ്ങള്‍ക്കു പിന്നിലെന്ന് ദേശീയ ഏജന്‍സികളും കണ്ടെത്തിക്കഴിഞ്ഞു. ഇനിയും ഇത്തരം വിലകുറഞ്ഞ നുണകള്‍ സിപിഎം നേതൃത്വം ആരോപിക്കുന്നത് ആ പ്രതികളെ സഹായിക്കാനാണോ എന്ന സംശയംപോലും ഈ സാഹചര്യത്തില്‍ ഉയരുകയാണ്. മുസഫര്‍ നഗര്‍ കലാപവും ബിജെപിയുടെയും സംഘത്തിന്റെയും തലയില്‍ കെട്ടിവക്കാനുള്ള ശ്രമവും പ്രകാശ് കാരാട്ട് നടത്തുന്നുണ്ട്. പക്ഷേ ഒരു നാലാംകിട തെരുവ് രാഷ്ട്രീയ പ്രസംഗത്തിന്റെ നിലവാരത്തില്‍ ആരോപണമുന്നയിക്കുന്നതല്ലാതെ തന്റെ ആരോപണങ്ങള്‍ തെളിയിക്കാനാകുന്ന ഒരു തെളിവും പ്രകാശ് കാരാട്ടിന്റെ പക്കലില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെക്കാലവും സിപിഎം ജനറല്‍ സെക്രട്ടറി ചെയ്തുകൊണ്ടിരുന്നത് ഇതു തന്നെയാണ്. അതു കൊണ്ടാണ് പറയേണ്ടി വരുന്നത് കാരാട്ട്… താങ്കള്‍ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുന്നു. ഇന്നാട്ടിലെ മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും. ബൗദ്ധിക സത്യസന്ധത സിപിഎം നേതൃത്വത്തിന് എന്നേ നഷ്ടമായതാണെങ്കിലും താങ്കളില്‍ നിന്ന് ഇത്രയും നിലവിട്ട പതനം ആരും പ്രതീക്ഷിച്ചു കാണില്ല.
അവശ്യ ഘട്ടങ്ങളിലെല്ലാം അടിയന് ലച്ചിപ്പോം എന്ന് കോണ്‍ഗ്രസിന്റെ രക്ഷക്കെത്തുകയാണ് കാരാട്ട്. തീര്‍ച്ചയായും ഇപ്പോഴത്തെ മോദി വിരുദ്ധ ആര്‍എസ്എസ് വിരുദ്ധ പ്രസംഗവും അതിന്റെ ഭാഗം തന്നെ. ഇക്കാര്യം വ്യക്തമാവണമെങ്കില്‍ തെരഞ്ഞടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണമെന്നുമാത്രം.
കോണ്‍ഗ്രസിന്റെ അഴിമതിരാജ് തുടരാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ഞങ്ങള്‍ ചെയ്യുമെന്നാണ് ഈ മോദി വിരുദ്ധ പ്രസംഗത്തിന്റെ രാഷ്ട്രീയ ലൈന്‍. കഴിഞ്ഞ പത്തു വര്‍ഷവും ഇതുതന്നെയായിരുന്നു സിപിഎം രാഷ്ട്രീയം.
ബിജെപിയോടുള്ള കടുത്ത വിരോധം കൊണ്ടൊന്നുമല്ല പ്രകാശ് കാരാട്ട് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നതാണ് സത്യം. സിപിഎമ്മിന് ബിജെപി അധികാരത്തിലെത്തരുത് എന്നതിനേക്കാള്‍ പ്രധാനമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുക എന്നതും. സിപിഎം നേതൃത്വം അന്വേഷണം നേരിടുന്ന ഒട്ടേറെ കേസുകളില്‍ കോണ്‍ഗ്രസിന്റെ സഹായം അവര്‍ക്ക് കിട്ടുന്നുണ്ട്. കേരളത്തില്‍ നിന്ന് ഇക്കാര്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന രണ്ട് സംഭവങ്ങളാണ് അടുത്തകാലത്തുണ്ടായ ടിപി ചന്ദ്രശേഖരന് വധക്കേസും ലാവ്ലിന് അഴിമതിക്കേസും.
ടിപി വധക്കേസില്‍ കേരള പോലീസ് സമര്‍ത്ഥമായി നടത്തിക്കൊണ്ടിരുന്ന അന്വേഷണം കോണ്‍ഗ്രസ് നേതൃത്വം എങ്ങനെയാണ് അട്ടിമറിച്ചതെന്ന് നോക്കുക. വമ്പന്‍ സ്രാവുകള്‍ വലയിലാകുമെന്ന് പറഞ്ഞിരുന്ന കോണ്‍ഗ്രസ് ഒടുവില്‍ ഇപ്പോള്‍ ആ കേസ് തന്നെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നത്.
ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രതിയാക്കാനാകില്ല എന്നാണ് ഒടുവില്‍ കോടതി നിരീക്ഷണം വന്നിരിക്കുന്നത്. കേസ് വിചാരണ നടത്തി പിണറായിയെ വെറുതെ വിടുകയല്ല കോടതി ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കുകയാണ.് ഒരാളെ കേസില്‍ പ്രതിയാക്കാനുള്ള സാഹചര്യം എന്താണെന്നു പോലും അറിയാതെയാണോ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐ ഇക്കണ്ട കാലമത്രയും ലാവ്ലിന് കേസ് അന്വേഷിച്ചിരുന്നത്. ഇത് വിശ്വസിക്കാന്‍ പ്രയാസമാണ്. നിയമത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്തവരാണ് സിബിഐയെ നയിക്കുന്നതെന്ന് വിശ്വസിക്കാനാകില്ല. പിന്നെ ഒരു സാധ്യതയുള്ളത് പിണറായിക്കെതിരായ കേസില്‍ കോടതിയില്‍ സിബിഐയും സര്‍ക്കാരും തങ്ങളുടെ നിലപാടും തെളിവുകളും ദുര്‍ബ്ബലമാക്കി എന്നതാണ്.
എന്തിനു വേണ്ടിയെന്ന ചോദ്യമാണ് അടുത്തത്. നിശ്ചയമായും കഴിഞ്ഞ ഒരു പതിറ്റാണ്ടായി സിപിഎം തുടര്‍ന്നു വന്ന സഹായം ഇനിയും കോണ്ഗ്രസിനാവശ്യമുണ്ട്. ഈ സഹായമാണ് പ്രകാശ് കാരാട്ടിന്റെ പ്രസംഗങ്ങളിലെ ബിജെപി വിരോധമായും ആര്‍എസ്എസ് വിരോധമായും വെളിപ്പെടുന്നത്-പൊതു തെരഞ്ഞടുപ്പു കഴിഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയായി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസിന്റെ ബി ടീമായി അതിജീവനത്തിനുള്ള ശ്രമത്തിലാണ് ആ പാര്‍ട്ടി. പ്രത്യയശാസ്ത്ര നിലപാടുകളില്‍ നിന്ന് ബഹുദൂരം പിന്നോട്ടു പോയിക്കഴിഞ്ഞ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മുന്നില്‍ അവശേഷിക്കുന്ന ഏക അതിജീവന മാര്‍ഗ്ഗവും അതു മാത്രമാണെന്ന് അവര്‍ കരുതുന്നു. ഈ അതിജീവന വ്യഗ്രതയുടെ ഭാഗമായാണ് പ്രകാശ് കാരാട്ടിന്റെ ആര്‍എസ്എസ് വിമര്‍ശനത്തെ കരുതേണ്ടത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: