തിരുവനന്തപുരം: ധാതുവ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ആരംഭിച്ച സിഎംആര്‍എല്ലിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്തസംഘടനയായ സ്റ്റാന്റിംഗ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.
സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വ്യവസാശാലകളിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുകയും നഷ്ടത്തിലാകുന്ന വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടി പോകാതിരിക്കാനും ശ്രമിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് എളമരം കരീം പറഞ്ഞു.
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ നല്‍കാമെന്നേറ്റിരുന്ന ഇല്‍മനൈറ്റ് സിഎംആര്‍എല്ലിനു നല്‍കാത്തതു വഴി കമ്പനി അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയിലും, തൂത്തുക്കുടിയിലും പ്രവര്‍ത്തിക്കുന്ന ധാതുവ്യവസായ കമ്പനികള്‍ കേരളത്തില്‍ നിന്നും വ്യാപകമായി കരിമണല്‍ കടത്തുന്നുണ്ട്. ഇതു സംസ്ഥാന സര്‍ക്കാര്‍ തടയണമെന്നും എളമരം ആവശ്യപ്പെട്ടു.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന നറല്‍ സെക്രട്ടറി കാനംരാജേന്ദ്രന്, മുന്‍മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, സാജൂപോള്‍ എന്നിവരും വിവിധ ട്രേഡ് യൂണിയന് ഭാരവാഹികളും മാര്‍ച്ചില്‍ പങ്കെടുത്തു. സിഎംആര്.എല്ലിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും അടങ്ങുന്ന പതിനയ്യായിരത്തിലധികം പേര് മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: