നരേന്ദ്രമോദിയും സോണിയാഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കളെത്തുന്നതോടെ ഇന്നുമുതല്‍ ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂടുപിടിക്കുന്നു. മൂന്നാംവട്ടവും അധികാരത്തിലേറാനായി മുന്നേറുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആവേശം വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളില്‍ പ്രസംഗിക്കും. രാജ്നന്ദ്ഗാവ്,കാങ്കിര്,ജബ്ദല്പൂര് എന്നിവിടങ്ങളിലാണ് മോദിയുടെ പരിപാടികള്‍ നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ രണ്ടു തവണ കൂടി നരേന്ദ്രമോദി ഛത്തീസ്ഗഢിലെത്തുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി 9,16 തീയതികളില്‍ വിവിധ പൊതു പരിപാടികളില്‍ പങ്കെടുക്കും. രാജ്നാഥ്സിങ്,സുഷമാ സ്വരാജ്,അരുണ്‍ജെയ്റ്റ്ലി,നിതിന്‍ ഗഡ്കരി, ഉമാഭാരതി തുടങ്ങിയ ദേശീയ നേതാക്കളും ഇന്ന് ഛത്തീസ്ഗഢിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ പങ്കെടുക്കും. നാളെയും സംസ്ഥാനത്ത് നിരവധി നിയോജകമണ്ഡലങ്ങളില്‍ പൊതു സമ്മേളനങ്ങളുണ്ട്. നവംബര്‍ 9നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത്.
ഗോത്രമേഖലകളില്‍ പോലും ജനങ്ങള്‍ നരേന്ദ്രമോദിയെ അടുത്ത പ്രധാനമന്ത്രിയായി കാണുന്നുണ്ടെന്ന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പര്യടനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ തെളിയിക്കുന്നതായി മുഖ്യമന്ത്രി ഡോ.രമണ്‍സിങ് ജബ്ദല്പൂരില് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബസ്തര്‍ മേഖലകളിലെ 12 സീറ്റിലും ബിജെപി വിജയിക്കുമെന്നും സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വളരെയധികം പരിവര്‍ത്തനം കൊണ്ടുവന്നതായും രമണ്‍സിങ് പറഞ്ഞു. സവാളയുടേയും ഉരുളക്കിഴങ്ങിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കണമെന്നും രമണ്‍സിങ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാഗാന്ധി,വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് തുടങ്ങിയ നേതാക്കള്‍ സംസ്ഥാനത്തെത്തുന്നുണ്ട്. സോണിയാഗാന്ധി കോണ്ടഗാവ്,ദോങ്കര്ഗാവ് എന്നിവിടങ്ങളിലും രാഹുല്‍ കാങ്കിര്,രാജ്നന്ദ്ഗാവ് എന്നിവിടങ്ങളിലും പ്രസംഗിക്കും. പ്രധാനമന്ത്രി മന്മോഹന് സിങ് 9ന് റായ്പൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടേയും രാഹുലിന്റേയും സുരക്ഷയ്ക്കായി എസ്.പി.ജി ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി ഗുജറാത്ത് പോലീസിന്റെ പ്രത്യേക സുരക്ഷാ കമാണ്ടോ ഫോഴ്സും ഛത്തീസ്ഗഢിലെത്തിയിട്ടുണ്ട്. ഇതിനു പുറമേ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ കമാണ്ടോ സംഘവും സുരക്ഷയ്ക്കായി തയ്യാറാണ്.
കേന്ദ്ര നേതാക്കളുടെ വരവിനു മുന്നോടിയായി കനത്ത സുരക്ഷയാണ് സംസ്ഥാനമെമ്പാടും ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള തയ്യാറെടുപ്പുകള്‍ മാവോയിസ്റ്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുയോഗത്തിനെത്തുന്ന നേതാക്കള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. മാവോയിസ്റ്റു മേഖലകളിലൂടെയുള്ള രാഷ്ട്രീയ നേതാക്കളുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ട്. സുരക്ഷാ സൈനികരുടെ മതിയായ സാന്നിധ്യത്തില്‍ മാത്രമേ തെരഞ്ഞെടുപ്പ് റാലികള്‍ അനുവദിക്കൂ. അതീവ രഹസ്യമായി തയ്യാറാക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റൂട്ടുകള്‍ പുറത്തുപോകാതിരിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ബസ്തര്‍ മേഖലയിലെ 12 നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ക്കു കീഴിലാണ് നടത്തുന്നത.് 30 സിവിലിയന്‍സിന് ഒരു സുരക്ഷാ സൈനികനെന്ന നിലയിലാണ് സുരക്ഷ. 600 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കു പുറമേ സംസ്ഥാന പോലീസിലെ 25000 പേരും ബസ്തര്‍ മേഖലകളില്‍ വിന്യസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ കിലോമീറ്ററിലും രണ്ടും മൂന്നും പരിശോധനാ ചെക്പോസ്റ്റുകള്‍ ബസ്തര്‍ മേഖലയിലാകെ വിന്യസിച്ചിരിക്കുകയാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: