തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ജീവിതത്തിലെ വേട്ടയാടല്‍ ഘട്ടം അവസാനിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ആരും തകര്‍ന്നു പോകുന്ന തരത്തില്‍ വളഞ്ഞുവച്ചുള്ള ആക്രമണമാണ് തനിക്ക് അനുഭവിക്കേണ്ടി വന്നത്. മഞ്ഞപ്പത്രക്കാര്‍ മുതല്‍ മഹാനേതാക്കന്മാര് വരെ എനിക്കെതിരെ അണിനിരന്നുവെന്നും പിണറായി വിജയന് പറഞ്ഞു.
ലാവ്ലിന് കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു പിണറായി. കേസുമായി ബന്ധപ്പെട്ട ആദ്യം മുതല്ക്കേ തന്നെ താന്‍ സ്വീകരിച്ച നിലപാട് മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ എന്നായിരുന്നു. വീഴാതെ പിടിച്ചു നില്ക്കാന് തന്നെ സഹായിച്ചത് അഞ്ച് കാര്യങ്ങളാണ്. അരുതാത്തത് ഒന്നും ചെയ്തില്ല എന്ന അചഞ്ചലമായ വിശ്വാസമായിരുന്നു ഒന്നാമത്തേത്. എന്നെയും പാര്‍ട്ടിയെയും വിശ്വസിക്കുന്ന ജനലക്ഷങ്ങളുടെ പിന്തുണ രണ്ടാമത്തേത്. കമ്മ്യൂണിസ്റ്റുകാരന്റെ മുന്നിലെ പാതകള്‍ പൂക്കള്‍ വിരിച്ചതല്ല എന്ന തിരിച്ചറിവാണ് മൂന്നാമത്തേത്. എന്റെ ജീവിതത്തിലെ പ്രശ്നങ്ങളില്‍ എനിക്കൊപ്പം നിന്ന പ്രസ്ഥാനമായിരുന്നു നാലാമത്തേത്, എന്തൊക്കെ പ്രതിസന്ധി വന്നാലും ഒടുവില്‍ സത്യം വിജയിക്കുമെന്ന വിശ്വാസമായിരുന്നു അഞ്ചാമത്തേതെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ തളരരുതെന്ന് ഗുരുസ്ഥാനീയരയരായ പലരും ഉപദേശിച്ചു. ജസ്റ്റിസ് വി ആര്, കൃഷ്ണയ്യര്‍, എം കെ സാനു, അഡ്വക്കേറ്റ് കേളു നമ്പ്യാര്‍, ജി.ജനാര്‍ദ്ദന കുറുപ്പ് ഉള്‍പ്പെടെയുള്ള ഗുരുസ്ഥാനീയര്‍ പിന്തുണച്ചു. എല്ലാവരോടുള്ള നിസീമമായ നന്ദി ഈ അവസരത്തില്‍ പ്രകടപ്പിക്കുകയാണെന്നും പിണറായി പറഞ്ഞു.
ലാവ്ലിന് കേസ് വൈകിപ്പിക്കാന്‍ വരെ ശ്രമം നടന്നു എന്ന് ആരോപണമുണ്ടായി. പുതിയ കള്ളസാക്ഷികളെ ഉണ്ടാക്കി, ഉപകേസുകള് ഉണ്ടാക്കി വരിഞ്ഞു മുറുക്കാന്‍ പ്രവര്‍ത്തിച്ചവരുണ്ട്. എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ കരുനീക്കിയവരുണ്ട്. അതൊന്നും എന്നോടുള്ള വ്യക്തിവിരോധം കൊണ്ടായിരുന്നില്ല, മറിച്ച് രാഷ്ട്രീയമായി വന്നതാണ്. വിജയന് എന്ന വ്യക്തി മാത്രമായിരുന്നു ഞാനെങ്കില്‍ ഇതൊന്നും എനിക്കെതിരെ ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടിയല്ല, മറ്റു കേന്ദ്രങ്ങളാണ് ശരിയെന്ന് എനിക്ക് തോന്നിയിരുന്നില്ല. ഒരു കമ്മ്യൂണിസ്റ്റുകാരന് നിലനില്ക്കാന് അതില്‍ കൂടുതലൊന്നും വേണമായിരുന്നില്ല.
കേസ് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് .നേരത്തെ പറഞ്ഞതാണ്. അതിനാലാണ് രാഷ്ട്രീയപരമായും നേരിടുമെന്ന് പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാരുടെ കൈയടി തനിക്കായി ഉയര്‍ന്നിട്ടില്ല. അതില്‍ തനിക്ക് അഭിമാനം ഉണ്ട്. ആരോടും വ്യക്തിപരമായ വിരോധം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ എന്താണ് ചെയ്തതെന്ന് ആലോചിക്കണം. തന്റെ ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ കമ്പനി ഉണ്ടെന്നു വരെ എഴുതി. താന്‍ മുക്കിയതെന്ന് പറയപ്പെടുന്ന ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ നിന്നു തന്നെ കണ്ടെടുത്തു. ലാവലിന്‍ കേസില്‍ താന്‍ കോടികള്‍ ഉണ്ടാക്കിയെന്ന് എഴുതി. ആദായ നികുതി നടത്തിയ പരിശോധനയില്‍ താന്‍ നയപൈസയുടെ സാമ്പത്തികലാഭം ഉണ്ടാക്കിയില്ലെന്ന് തെളിഞ്ഞു. ടെക്നിക്കാലിയ താന്‍ കൊണ്ടുവന്ന കടലാസ് സംഘടനയാണെന്നും അതിന്റെ പണം താനാണ് കൈപ്പറ്റുന്നതെന്നും എഴുതി. കരാറിലെ പണമിടപാട് നേരില്‍ കണ്ടുവെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ ഒരാളെ അവതരിപ്പിച്ചു. സത്യം തിരിച്ചറിഞ്ഞിട്ടും മാധ്യമങ്ങള്‍ ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: