അഞ്ചല്‍: അന്തിയുറങ്ങാന്‍ ഇടമില്ലാത്ത ആദിവാസി പട്ടികവര്‍ഗ-വനവാസി വിഭാഗങ്ങള്‍ വാസയോഗ്യമായ ഭൂമിക്കും കൃഷിഭൂമിക്കുമായി നടത്തിവരുന്ന ഐതിഹാസികമായ അരിപ്പ ഭൂസമരഭൂമിയില്‍ ആവേശം വിതറി കൊയ്ത്തുത്സവം നടന്നു. നൂറ്റാണ്ടുകളായി പ്രകൃതി രൂപപ്പെടുത്തിയ ചതുപ്പുനിലം മെയ്ക്കരുത്തുകൊണ്ടാണ് ആദിവാസികളായ ആയിരത്തിയിരുന്നൂറ് കുടുംബങ്ങള്‍ കൃഷിനിലമാക്കി രൂപപ്പെടുത്തിയത്.
സമരക്കാര്‍ കുടില്‍ കെട്ടിക്കഴിയുന്ന മിച്ചഭൂമിയുടെ അടിവാരം കിളച്ച് ചവിട്ടിക്കൂട്ടി കാട്ട്പൊന്തകള് വെട്ടിത്തെളിച്ച് വരമ്പ് വച്ച് നിലമാക്കി നെല്‍കൃഷി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈ ഏഴിന് നടന്ന ഞാറ്റുവേലയില്‍ എറിഞ്ഞ വിത്ത് മുളച്ച് പഴുത്ത് പാകമായി സ്വര്‍ണവര്‍ണമായ പാടത്താണ് വായ്പാട്ടിന്റെ അകമ്പടിയോടെ ഇന്നലെ കൊയ്ത്തുത്സവം നടന്നത്. പാറക്കെട്ടുകള്‍ പാവപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് നല്കി വഞ്ചിച്ച ഭരണകൂടങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക് കുന്നിടിച്ച് ഭൂമി പണമുണ്ടാക്കാന്‍ തീറെഴുതിയതാണ് കേരളത്തിന്റെ ദുര്യോഗമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ ആദിവാസി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ മരിച്ചാല്‍ അടക്കാന്‍ ഇടമില്ലാതെ മൃഗതുല്യമായി ജീവിക്കുമ്പോള്‍ വന്‍കിട മാഫിയകള്‍ക്ക് ഭൂമി കൈയ്യേറാന്‍ സര്‍ക്കാര്‍ കൂട്ടുനില്ക്കുന്നതായാണ് ആരോപണം.
അടുക്കള പൊളിച്ച് പട്ടികജാതി സമൂഹം മൃതശരീരം മറവ് ചെയ്യുമ്പോള്‍ വന്‍കിട കുത്തകകള്‍ വനഭൂമിയും റവന്യുഭൂമിയും കൈയ്യേറി സ്വന്തമാക്കുന്നു. ഇവിടെയാണ് മൂന്നു സെന്റ് ഭൂമി നല്കി ഭൂരഹിതരെ പരിഹസിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കോളനികളില്‍ പട്ടികജാതിക്കാരെ തളച്ച് വ്യഭിചാരികളും വ്യാജവാറ്റുകാരുമാക്കി പാര്‍ശ്വവത്കരിക്കാനുള്ള ശ്രമത്തിനെതിരെയാണ് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ പത്ത് മാസമായുള്ള സഹനസമരം.
ആദിവാസികള്‍ക്ക് കൃഷിഭൂമി നല്കിയാല് അന്യാധീനപ്പെടുത്തുമെന്ന ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്ന് തെളിയിക്കുന്നതാണ് അരിപ്പ ഭൂസമരം. സമരക്കാര്‍ കാട് വെട്ടിത്തെളിച്ച് മരച്ചീനി, ചേമ്പ്, പയര്‍, പാവല്‍, വഴുതിന, വെണ്ട, വെറ്റലക്കൊടി എന്നിവ കൃഷി ചെയ്തിരിക്കുന്നത് ഏക്കര്‍ കണക്കിനാണ്. അന്പത്തിഅഞ്ച് ഏക്കര്‍ വരുന്ന മിച്ചഭൂമിയില്‍ സമരത്തോടൊപ്പം കൃഷിചെയ്യുന്നതു കൂടാതെ ഒരു കിലോമീറ്ററിലധികം 11 കെവി ഇലക്ട്രിക് ലൈനിന് കീഴിലും 21 ബ്ലോക്കുകളിലായി മരച്ചീനി കൃഷിചെയ്ത് യഥാര്‍ത്ഥ കാര്‍ഷിക വിപ്ലവത്തിനൊരുങ്ങി നില്‍ക്കുകയാണ് അരിപ്പാ സമരഭൂമി.
ഇന്നലെ രാവിലെ മുതല്‍ അരിപ്പാ സമരഭൂമിയില്‍ ആവേശം അലതല്ലുകയായിരുന്നു. കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന വന്‍ ജനാവലി തങ്ങളുടെ അധ്വാനം കൊയ്തെടുക്കാനുള്ള ആവേശത്തിലായിരുന്നു. ജീവിത വിജയമാണ് തങ്ങള്‍ കൊയ്തെടുക്കാന്‍ പോകുന്നതെന്ന് അവരുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു. നെല്‍വയലില്‍ ശശികല ടീച്ചര്‍ ഓരോപിടി നെല്ലും അറുത്തെടുത്തു തുടങ്ങിയപ്പോള്‍ വായ്ക്കുരവയുടേയും കൊയ്ത്തുപാട്ടിന്റെയും അകമ്പടിയും ആവേശവും ഇരട്ടിയായി. തുടര്‍ന്ന് സമരഭൂമിയിലെ അമ്മമാര്‍ കൊയ്ത നെല്ക്കതിര് കറ്റകളാക്കി അടുത്ത് തയ്യാറാക്കിയ കളത്തില്‍ അടുക്കിവച്ചു. പുരുഷന്മാര് അവമെതിച്ചും തുടങ്ങിയിരുന്നു.
അടുത്ത തുടര്‍കൃഷിക്കായി നിലം ഒരുക്കല്‍ ഉടന്‍ തുടങ്ങുമെന്നും തദ്ദേശീയമായ നാടന്‍ ഇനം വിത്തുകള്‍ മാത്രം പരീക്ഷിച്ച് ജൈവകൃഷി പിന്തുടരുമെന്നും സമരസമിതിനേതാവ് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. ചേറില്‍ പണിയെടുത്തും മണ്ണിനെ ജീവനായി തിരിച്ചറിഞ്ഞും ഭൂമിയെ കൃഷിയിടമാക്കിയ മണ്ണിന്റെ മക്കളെ ഇനി ഒരു രാഷ്ട്രീയ മേലാളന്മാര്ക്കും കോളനികളിലൊതുക്കാന് സാധ്യമല്ല എന്ന് തെളിയിക്കുകയാണ് കോളനിവിട്ട് കൃഷിഭൂമിയിലേക്ക് എന്ന സന്ദേശത്തിലൂടെ അരിപ്പഭൂസമരം.
വടമണ്‍ സജീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: