കോഴിക്കോട്: വിലങ്ങാട് വായാട് മലയില്‍ കഴിഞ്ഞദിവസം എത്തിയത് മാവോയിസ്റ്റ് നേതാവ് എ.രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് പോലീസിന് സംശയം. അഞ്ചംഗ സംഘത്തില്‍ രൂപേഷ്, സുരേഷ്, സുന്ദരി എന്നിവര്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേര് മാവോയിസ്റ്റ് നേതാവ് വിക്രംഗൗഡ, ലത എന്നിവരായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്. രൂപേഷിന്റെയും സുന്ദരിയുടെയും ഫോട്ടോ കാണിച്ചപ്പോള്‍ വായാട് കോളനിയിലെ അന്തേവാസികള്‍ അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 6.45 നാണ് കറുത്ത യൂണിഫോം ധരിച്ച, രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമടങ്ങുന്ന അഞ്ചംഗ മാവോയിസ്റ്റ് സംഘം വായാട് കോളനിയിലെത്തിയത്. ചന്തു, ചന്ദ്രന്, സുനില്‍, ഏരു എന്നിവരുടെ വീടുകളില്‍ കയറിയ ഇവര്‍ ഭക്ഷണസാധനങ്ങള്‍ ചോദിച്ചുവാങ്ങുകയായിരുന്നു. തോക്കുകള്‍ കണ്ട് ഭയന്ന വീട്ടുകാരോട് തങ്ങളെ ശത്രുക്കളായി കാണരുതെന്നും പോലീസിനും മുതലാളിത്തശക്തികള്ക്കുമെതിരെയാണ് പോരാട്ടമെന്നും പറഞ്ഞു.
ലഘുലേഖ നല്‍കിയശേഷം മാവോയിസ്റ്റ് സംഘം പാനോം വനത്തിലേക്ക് കയറുകയായിരുന്നു. രാത്രി ഏഴരയോടെ വായാട് കോളനിയിലെ കെ. പി. ചന്ദ്രന്റെ വീട്ടില്‍ നിന്നും മൂന്ന് പൊതിചോറ് വാങ്ങിയ സംഘം അരി, പച്ചമുളക്, തക്കാളി തുടങ്ങിയ ഭക്ഷ്യസാധനങ്ങളും പൊതിച്ച തേങ്ങയും കൊണ്ടുപോയി. മലയാളത്തിലും അന്യഭാഷകളിലുമാണ് ഇവര്‍ സംസാരിച്ചത്.
ഇന്നലെ രാവിലെ പത്ത് മണിയോടെ ഡി വൈ എസ് പി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നിലമ്പൂര്‍ പാണ്ടിക്കാട് ഐ ആര് ബി-തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും പാനോം വനാന്തര്‍ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തി. കുറ്റ്യാടി സിഐ വി.വി ബെന്നി, എസ്ഐ പി.എം മനോജ്, വളയം എസ്ഐ ശംഭുനാഥ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പാനോം വനത്തിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിച്ച് വയനാട് പക്രംതളത്തില്‍ വൈകീട്ട് മൂന്നരയോടെ പരിശോധന നടത്തി സംഘം മടങ്ങി.
വടകര റൂറല്‍ എസ്പി എ.എച്ച് അഷ്റഫ്, ഇന്റലിജന്‍സ് ഡിവൈഎസ്പി മൊയ്തീന്‍കുട്ടി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി രാജു, ഇന്റേണല്‍ സെക്യൂരിറ്റി ഡിവൈഎസ്പി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോളനിവാസികളില്‍ നിന്നും മൊഴിയെടുത്തു.ഒക്ടോബര്‍ 27 ന് കാവിലുംപാറ ചുരണിമലയില് കരിങ്കല്‍ ഖാനന ക്വാറിയിലെ മണ്ണുമാന്തിയന്ത്രം കത്തിച്ചത് മാവോയിസ്റ്റുകളാണെന്ന് അവകാശപ്പെട്ടുകൊണ്ട് കുറിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് മാവോവാദികള്‍ ഇത്തരം അവകാശവാദങ്ങളുമായി രംഗത്ത് വരുന്നത്. അവിടെ വിതരണം ചെയ്ത ലഘുലേഖകള്‍ തന്നെയാണ് വായാട് ആദിവാസി കോളനിയിലും വിതരണം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: