കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ മാസികയുമായി സിപിഎം. മുഖ്യധാരാ എന്ന മാസികയുടെ പ്രകാശനവും ദേശീയ സെമിനാറും നടത്തിക്കൊണ്ടാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിക്കുന്ന നീക്കങ്ങള്‍ക്ക് സിപിഎം ചുക്കാന്‍ പിടിക്കുന്നത്. 7ന് കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ നടത്തുന്ന മാസിക പ്രകാശനത്തിന്റെ ഭാഗമായുള്ള സെമിനാറിന്റെ മുഖ്യലക്ഷ്യം മതന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് കൈക്കലാക്കുക എന്നതാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.
മതേതരത്വവും മതനിരപേക്ഷതയും പ്രസംഗങ്ങളില്‍ ആസൂത്രിതമായി തിരുകിക്കയറ്റുന്ന സിപിഎം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് മുസ്ലീം വോട്ട് മാത്രം ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ പിന്നിലെ അജണ്ട. മതവര്‍ഗീയ ശക്തിയായ മുസ്ലീംലീഗിനെപ്പോലും നാണിപ്പിക്കുന്ന തരത്തിലും ആപ്രസക്തമാക്കുന്ന തരത്തിലുമാണ് മുസ്ലീം മനസ്സിലേക്ക് കയറിപ്പറ്റാനുള്ള മുഖ്യധാരയുടെ പുറപ്പാട്. നിരോധിക്കപ്പെട്ട മതതീവ്രവാദ സംഘടനയായ സിമിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കെ.ടി. ജലീല്‍ എംഎല്‍എയാണ് മാസികയുടെ ചീഫ് എഡിറ്റര്‍ എന്നതും സിപിഎമ്മിന്റെ ലക്ഷ്യം പകല്‍പോലെ വ്യക്തമാക്കപ്പെടുന്നുണ്ട്. സിപിഎമ്മിലെ ഭൂരിപക്ഷ സമുദായത്തിന് യാതൊരുവിധ പരിഗണനയും നല്‍കാതെ മാര്‍ക്സിസത്തിന് പകരം മതസങ്കുചിതവാദം ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎം തിരിച്ചടികളുടെ മുന്‍ അനുഭവത്തില്‍ നിന്നും പാഠം പഠിച്ചിട്ടില്ലെന്നും പുതിയ നീക്കം വ്യക്തമാക്കുന്നുണ്ട്.
സെമിനാര്‍ ഷബ്നം ഹാഷ്മിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഗുജറാത്ത് അനന്തരം ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍, ഇസ്ലാമിന്റെ ഇടതുപക്ഷ വായന, ഇസ്ലാമിക ലോകവും മതേതരത്വവും, ആഗോളവല്‍ക്കരണകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ സമൂഹവും സ്ത്രീപദവിയും മലയാള സാഹിത്യത്തിലെ മുസ്ലീം സാന്നിധ്യം, ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും വ്യാജ ഏറ്റുമുട്ടലുകളുടെ പിന്നാമ്പുറം, ന്യൂനപക്ഷവും ഇടതുപക്ഷവും കേരളീയ സമൂഹത്തിലെ ഇസ്ലാമിക പരിസരം, ഇന്തോ-അറബ് ബന്ധത്തിന്റെ സാംസ്കാരിക ഭൂമിക കേരളീയ നവോത്ഥാനത്തിന്റെ മുസ്ലീം പരിപ്രേക്ഷ്യം, വിവേചന ഭീകരത എന്നിവയാണ് സെമിനാറിലെ വിഷയങ്ങള്‍. ഡോ. കെ.കെ. ഉസ്മാന്, ഡോ. ഫസല്‍ഗഫൂര്‍, സി.കെ. അബ്ദുള്‍ അസീസ്, ഡോ. ഖദീജ മുംതാസ്, പ്രൊഫ. ബഷീര്‍ മണിയംകുളം, പ്രൊഫ. എ.പി. അബ്ദുള്‍വഹാബ്, സഹിദ് റൂമി, ജാഫര്‍ അത്തോളി, ഡോ. ഹുസൈന് രണ്ടത്താണി, എന്‍. അലി അബ്ദുള്ള, ഡോ. കടക്കല്‍ അഷറഫ്, ഡോ. ടി. ജമാല്‍ മുഹമ്മദ്, ഡോ. ഇല്ല്യാസ് എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്.
പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചും രൂക്ഷമാകുന്ന വിഭാഗീയതയില്‍ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന സിപിഎം, ടി.പി. ചന്ദ്രശേഖരന് വധത്തോടെ പൊതുസമൂഹത്തില്‍ നിന്നും ദയനീയമായി ഒറ്റപ്പെട്ടതും ഒക്കെ കൂട്ടി വായിക്കുമ്പോഴാണ് സഖാക്കളുടെ നേതൃത്വം ന്യൂനപക്ഷത്തിന്റെ പിന്നാലെ പോകുന്നതിന്റെ രഹസ്യം പരസ്യമാകുന്നത്.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: