കൊടുങ്ങല്ലൂര്‍: ഭാരതത്തിന്റെ സാംസ്കാരിക അധഃപതനത്തിന് കാരണം ആറു പതിറ്റാണ്ടുകാലത്തെ രാജ്യഭരണം ഒന്നുകൊണ്ടുമാത്രമാണ്. ഏകാധിപത്യ രീതിയിലുള്ള ഭരണമായിരുന്നു ഇത്രയും കാലം ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നതെന്ന് സാഹിത്യകാരി പി.വത്സല. വിശ്വസംസ്കൃത പ്രതിഷ്ഠാനം സംഘടിപ്പിച്ച നിവേദിതം സംസ്കൃത വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഭരണാധികാരികളുടെ തെറ്റ് കണ്ടറിഞ്ഞ് തിരുത്തുവാന്‍ നാം തയ്യാറാകണം. നമ്മുടെ സംസ്കാരത്തിനേറ്റ വര്‍ത്തമാനകാല അപചയം പൈതൃക സംസ്കാരത്തെ അവഗണിച്ചതിനാലാണ്. ഇന്ത്യഭരിക്കുന്നത് അധോലോകമാണ്. വയലുകള്‍ വിമാനത്താവളങ്ങളാക്കി മാറ്റുന്നത് കള്ളപ്പണം കൊഴുക്കുവാനും കള്ളക്കടത്തു നടത്തുവാനുമാണ്. ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലും കുടിവെള്ളം ഇല്ലാതായി വയലുകളില്‍ കൃഷിയില്ലാതായി, സ്ത്രീകള്‍ വിചാരിച്ചാല്‍ ഇതിനും മാറ്റം വരുത്താനാകുമെന്നും പി.വത്സല പറഞ്ഞു. കുടുംബത്തെ ശിഥിലമാക്കുന്ന ചിന്തകള്‍ സംസ്കാരത്തെ ശിഥിമാക്കുന്നതായും പാശ്ചാത്യമായതെന്തും നവീനമല്ലെന്ന് മനസ്സിലാക്കുവാന്‍ നാം തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.
മാതൃശക്തിയെ ഉണര്‍ത്തി സംസ്കൃതത്തിലൂടെ സംസ്കൃതിയെ കണ്ടെത്തണമെന്ന് സ്വാമി വിവേകാനന്ദന് ആഹ്വാനം ചെയ്തതായി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച വിവേകാനന്ദ വേദിക്വിഷന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ എം.ലക്ഷ്മികുമാരി പറഞ്ഞു. കേരളവര്‍മ്മരാജ ഭദ്രദീപം തെളിയിച്ചു. ജ്യോതി ഉണ്ണിരാമന്, വന്ദനജെ, രമ്യ പി.പി എന്നിവര്‍ സംസാരിച്ചു. സാമൂഹിക പരിവര്‍ത്തനം സ്ത്രീകളിലൂടെ – സംസ്കൃത ഭാഷയുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന വിചാര സത്രത്തില്‍ ഡോ.കെ.എസ്.ജയശ്രീ, രതി എ. കുറുപ്പ്, അഡ്വ. കെ.എല്‍. ശ്രീകല, ശോഭാ ഹരിനാരായണന്, ഡോ.സി.എന്‍.വിജയകുമാരി, ദേവകി അന്തര്‍ജനം എന്നിവര്‍ സംസാരിച്ചു.
വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനം എന്ന വിഷയത്തില്‍ വിവിധ കലാലയ വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വൈകീട്ടു നടന്ന സമാപന സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ബി.മഹേശ്വരി അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത ഭാരതി ജനറല്‍ സെക്രട്ടറി വാചസ്പതി പ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: