കൊല്ലം: നടി ശ്വേതാ മേനോനെതിരെ രൂക്ഷമായ ആക്ഷേപങ്ങളുമായി കോണ്‍ഗ്രസ്. വിവാദങ്ങള്‍ ഉണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്വേത മുന്‍പും ശ്രമിച്ചിട്ടുണ്ടെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലത്ത് ശ്വേതാ മേനോന്റെ കോലം കത്തിക്കുകയും ചെയ്തു.
കാമസൂത്രയുടെ പരസ്യത്തില്‍ ശ്വേത അഭിനയിച്ചിട്ടുണ്ട്. കോടികള്‍ വാങ്ങി സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചു. ലോകത്ത് ഒരു സ്ത്രീയും ഇന്നുവരെ തയ്യാറാകാത്ത കാര്യമാണ് അത്. പ്രസവരംഗം ചിത്രീകരിക്കാന്‍ കൈപ്പറ്റിയ കോടികള്‍ എത്രയെന്ന് വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. വാങ്ങിയ കോടികളുടെ കണക്ക് പ്രസിദ്ധീകരിക്കണം. കൊല്ലത്തെ പരിപാടിക്ക് അവര്‍ എത്ര രൂപ വാങ്ങിയെന്ന് അറിയണം. ഇവര്‍ക്കെല്ലാം എന്തുംപറയാം എന്തുമാകാമെന്നാണ് കരുതിയതെങ്കില്‍ തെറ്റിപ്പോയെന്നും പ്രതാപവര്‍മ തമ്പാന് പറഞ്ഞു.
കാമസൂത്രയെന്ന കോണ്ടത്തിന്റെ പരസ്യത്തില്‍ ഇവരാണ് ആദ്യം അഭിനയിച്ചത്. അന്ന് പതിനാറോ മറ്റോ പ്രായമേ അവര്‍ക്കുള്ളൂ. അന്നുമുതല്‍ ഇത്തരം വേഷങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നു. നല്ല മെയ്വഴക്കമുള്ള നടിയാണവരെന്നും പ്രതാപവര്‍മ തമ്പാന് പറഞ്ഞു.
ശ്വേത മേനോനെ അപമാനിച്ച സംഭവത്തില്‍ പീതാംബരക്കുറുപ്പ് എംപിക്കെതിരെ കേസെടുത്തു. ശ്വേതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്.
പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ശ്വേതാ മേനോന്റെ കോലം കത്തിച്ചു. എന്‍.പീതാംബരക്കുറുപ്പ് എംപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് കോലം കത്തിച്ചത്.പ്രകടനവുമായി എത്തിയ അമ്പതോളം പ്രവര്‍ത്തകര്‍ ശ്വേതാ മേനോനെതിരെ മുദ്രാവാക്യം വിളിച്ചു.
സംഭവത്തില്‍ തന്നെ വലിച്ചഴച്ചതില് ദുഃഖമുണ്ടെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. നിജസ്ഥിതി ജനമധ്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
പുറത്തുവന്നത് വിചിത്രമായ ചിത്രങ്ങളാണെന്നും യഥാര്‍ത്ഥ രേഖകള്‍ മാധ്യമങ്ങള്‍ വഴി പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ താന്‍ വാദിയോ പ്രതിയോ അല്ല. താന്‍ ജനപ്രതിനിധിയായ സ്ഥലത്തുവെച്ച് അവര്‍ക്ക് പ്രയാസമുണ്ടായതായി ചിലര്‍ പറഞ്ഞു. എന്റെ വിഷമം അവരോട് പറഞ്ഞു. താന്‍ സ്ത്രീകളെ അപമാനിക്കുന്ന തരക്കാരനല്ല. സ്ത്രീകളെ ഏതെങ്കിലും വൈകൃതങ്ങള്‍ക്ക് വിനിയോഗിക്കുന്നയാളുമല്ലെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: