റായ്പൂര്‍: തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തോല്‍വി സമ്മതിച്ച പ്രതീതിയിലാണ് ഛത്തീസ്ഗട്ടിലെ കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാന കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റി ഓഫീസില്‍ പോലും ആരുമില്ലാത്ത അവസ്ഥ. ഛത്തീസ്ഗട്ട് പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ചരണണ്ദാസ് മഹന്തും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജിത് ജോഗിയും തമ്മിലുള്ള പടലപ്പിണക്കമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 11ന് നടക്കുന്ന ആദ്യഘട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിളുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായാണ് പ്രവര്‍ത്തകരുടെ പരാതി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയും അതൃപ്തിയും ഇതുവരെ ശമിക്കാത്തതും കോണ്‍ഗ്രസിനു തലവേദന സൃഷ്ടിക്കുന്നു. രണ്ടാം ഘട്ടത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടിയെ കൂടുതല്‍ പ്രശ്നത്തിലാക്കിയിട്ടുണ്ട്. നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പണം പൂര്‍ത്തിയായതോടെ സീറ്റു ലഭിക്കാത്തവരുടെ പട്ടിക നീണ്ടിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 72നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക രണ്ടുമൂന്നു തവണയായാണ് പ്രഖ്യാപിക്കാനായത്. പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പക്ഷത്തുള്ളവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ ലഭിച്ചെന്ന പരാതിയുമായി അജിത്ജോഗിയുടെ അനുയായികള്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. ഇതിനു പുറമേ യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കണമെന്ന ്അജിത്ജോഗിയുടെ നിര്‍ദ്ദേശമനുസരിച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് പലര്‍ക്കും സീറ്റു നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച മാര്‍വാഹിയില്‍ ഇത്തവണ അജിത്ജോഗി മത്സരിക്കാതെ മകന് അമിത് ജോഗിയെയാണ് മത്സരിപ്പിക്കുന്നത്. മകനെ രാഷ്ട്രീയത്തിലിറക്കുന്നതിനായി അജിത്ജോഗി കാണിച്ച തന്ത്രമാണ് സ്ഥാനത്യാഗ നാടകമെന്നാണ് വിമര്‍ശനം.
കഴിഞ്ഞ തവണ 38 നിയമസഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിനു വിജയിക്കാനായത്. ഇവിടങ്ങളിലെ സിറ്റിംഗ് എംഎല്‍എമാരെ മാറ്റി പുതുമുഖങ്ങളെ നിര്‍ത്തിയതിന്റെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് ആസന്നമായിട്ടും പരിഹരിക്കാനായിട്ടില്ല. ബസ്തര്‍ മേഖലയിലെ സമ്പൂര്‍ണ്ണ പരാജയമാണ് കഴിഞ്ഞ തവണ തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
ബസ്തറിലെ 12ല്‍ 11 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇവിടങ്ങളില്‍ നാല് സീറ്റുകളെങ്കിലും അധികം കണ്ടെത്താനാകുമെന്നാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടക്കുരുതി നടന്നതിന്റെ സഹതാപ തരംഗം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഇതിനായി ബസ്തറില്‍ കൊല്ലപ്പെട്ട മുന്‍ എംഎല്‍എ ഉദയ് മുതലിയാരുടെ ഭാര്യ അല്‍ക്ക മുതലിയാരെ രാജ്നന്ദ്ഗാവില്‍ മുഖ്യമന്ത്രി ഡോ.രമണ്‍സിങ്ങിനെതിരെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ താരപ്രഭയില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന ജനപ്രിയനായ രമണ്‍സിങ്ങിന് വെല്ലുവിളിയുയര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
എങ്കിലും മാവോയിസ്റ്റ് ആക്രമണത്തെ തടയാന്‍ കഴിയാത്ത സര്‍ക്കാരാണ് ബിജെപിയുടേതെന്ന പ്രചാരണത്തിന് അല്‍ക്ക മുതലിയാരുടെ സ്ഥാനാര്‍്ത്ഥിത്വം സഹായിക്കുമെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസിനുണ്ട്.
2008ലെ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ രണ്ടു ശതമാനത്തിന്റെ വോട്ടിംഗ് വ്യതിയാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പൊതുവിതരണ സമ്പ്രദായം ഉള്‍പ്പെടെയുള്ള ജനപ്രിയ പദ്ധതികളുടെ വിജയത്തില്‍ രമണ്‍സിങ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അതിനെ മറികടക്കാന്‍ വ്യക്തമായ പ്രകടന പത്രിക പോലും പുറത്തിറക്കാന്‍ ആകാത്ത നിലയിലാണ് ഛത്തീസ്ഗട്ടിലെ കോണ്‍ഗ്രസ് നേതൃത്വം.
ഛത്തീസ്ഗഡില്‍ നിന്നും എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: