ബംഗളൂരു: ആദ്യം ശിഖര്‍ ധവാന്റെ അര്‍ദ്ധസെഞ്ച്വറി, പിന്നാലെ രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ഡബിള്‍ സെഞ്ച്വറി, അകമ്പടിയായി ക്യാപ്റ്റന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി…. മറുപടിയായി മാക്സ്വെല്ലിന്റെയും വാട്സന്റെയും അര്‍ദ്ധസെഞ്ച്വറി, പിന്നീട് ഫോക്നറുടെ ഇടിമിന്നല്‍ കണക്കെയുള്ള സെഞ്ച്വറി (73 പന്തില്‍ 116)…. കാണികള്‍ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍… ഒടുവില്‍ 46-ാം ഓവറിലെ ഒന്നാം പന്തിനുശേഷം ധോണി ചിരിച്ചു….. ഓസ്ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ സന്തോഷത്തിലുള്ള ചിരി…..ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ 57 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പര നേടി. രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറിയുടെ (209) കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 383 റണ്‍സ്. ഉരുളയ്ക്കുപ്പേരി കണക്കെ ഓസ്ട്രേലിയുടെ മൂന്നുതാരങ്ങള്‍ മിന്നല്‍പ്പിണര്‍ തീര്‍ത്തപ്പോള്‍ ഇന്ത്യയുടെ ചങ്കിടിച്ചു. ഒടുവില്ഫോക്നറെ മുഹമ്മദ് ഷാമിയുടെ പന്തില്‍ ഉജ്ജ്വല ക്യാച്ചിലൂടെ ശിഖര്‍ ധവാന് കയ്യിലൊതുക്കിയപ്പോള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ വിജയാഹ്ലാദം എവറസ്റ്റ് കയറി. 158 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും 16 സിക്സറും അടക്കമാണ് രോഹിത് 209 റണ്‍സ് അടിച്ചുകൂട്ടിയത്. ഇതോടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയും രോഹിത്തിന് സ്വന്തമായി. രോഹിത്തിന് പുറമെ ധോണി 62ഉം ശിഖര്‍ ധവാന് 60 റണ്‍സെടുത്തു.
നേരത്തെ ടോസ്നേടിയ ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി ഇന്ത്യയെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ മത്സരത്തിലെപോലെ ഉജ്ജ്വല തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 50ഉം 15.1ഓവറില്‍ 100ഉം കടത്തി. ഇതിനിടെ ശിഖര്‍ ധവാന് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 43 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളോടെയാണ് ധവാന് 50 കടന്നത്. 19 ഓവറില്‍ സ്കോര്‍ 112 റണ്‍സിലെത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനിടെ ഇന്ത്യന്‍ സ്കോര്‍ 17 ഓവറില്‍ 107 റണ്‍സില്‍ നില്‍ക്കെ മഴയെത്തി. മഴമാറി കളി പുനരാരംഭിച്ചശേഷം തുടരെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. 57 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളോടെ 60 റണ്‍സെടുത്ത ധവാനെ ദോഹര്‍ത്തി വിക്കറ്റിന് മുന്നില്കുടുക്കിയാണ് മടക്കിയത്. തുടര്‍ന്നെത്തിയ വിരാട് കോഹ്ലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഉജ്ജ്വല ഫോമിലായിരുന്ന കോഹ്ലി ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായാണ് മടങ്ങിയത്. പിന്നീടെത്തിയ റെയ്നക്കൊപ്പം ചേര്‍ന്ന് രോഹിത് ശര്‍മ്മ സ്കോര്‍ 185 റണ്‍സിലെത്തിച്ചു. ഇതിനിടെ രോഹിത് ശര്‍മ്മ 71 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും കരുത്തില്‍ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. എന്നാല്‍ 30 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സുരേഷ് റെയ്നയെ ദോഹര്‍ത്തി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ മൂന്നിന് 185 എന്നനിലയിലായി. തുടര്‍ന്നെത്തിയ യുവരാജ് സിംഗ് വീണ്ടും നിരാശപ്പെടുത്തി. സ്കോര്‍ 207-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത യുവിയെ ഫള്‍ക്നറുടെ പന്തില്‍ ഹാഡില്‍ പിടികൂടി.
പിന്നീടെത്തിയ ധോണി മികച്ചഫോമിലായിരുന്നു. ഇന്ത്യന്‍ സ്കോര്‍ 218 റണ്‍സിലെത്തിയപ്പോള്‍ രോഹിത്ശര്‍മ്മ സെഞ്ച്വറി പൂര്‍ത്തിയാക്കി. 114 പന്തില്‍ നിന്ന് നാല് ബൗണ്ടറികളും 6 സിക്സറുകളുമടക്കമാണ് രോഹിത്ത് ശര്‍മ്മ സെഞ്ച്വറി പിന്നിട്ടത്. പിന്നീടാണ് രോഹിത് ശര്‍മ്മയും ധോണിയും ചേര്‍ന്ന് ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തിയത്. 41.5 ഓവറില്‍ ഇന്ത്യ 250-ല്‍ എത്തി. പിന്നീട് രോഹിത് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ സംഹാരതാണ്ഡവമാടുകയായിരുന്നു. 46-ാം ഓവറിലെ മൂന്നാംപന്തില്‍ രോഹിത് ശര്‍മ്മ 150ലെത്തി. മക്കായിയെ തുടര്‍ച്ചയായ രണ്ട് ബൗണ്ടറിയടിച്ചാണ് രോഹിത് ശര്‍മ്മ 140 പന്തുകളില്‍ നിന്ന് 150ലെത്തിയത്.
ദൊഹര്‍ത്തി എറിഞ്ഞ 47-ാം ഓവറില്‍ മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം 26 റണ്‍സ് രോഹിത് അടിച്ചുകൂട്ടി. അവസാന ഓവര്‍ എറിഞ്ഞ മക്കായിയുടെ ആദ്യപന്ത് സിക്സറിന് പറത്തിയാണ് രോഹിത് ശര്‍മ്മ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 156 പന്തില്‍ നിന്ന് 12 ബൗണ്ടറികളും 15 സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ സ്വപ്നസുന്ദരമായ ഇന്നിംഗ്സ്. അവസാന ഓവറിലെ രണ്ടാം പന്തും രോഹിത് സിക്സറിന് പറത്തി. ഇതിനിടെ ധോണി അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ടു. 35 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുമുള്‍പ്പെടെയാണ് ധോണി 50 കടന്നത്. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 49.3 ഓവറില്‍ 374 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മക്കായുടെ പന്തില്‍ ഹെന്റിക്വസ് പിടിച്ചാണ് രോഹിതിന്റെ ഉജ്ജ്വല ഇന്നിംഗ്സിന് തിരശ്ശീല വീണത്. 15.4 ഓവറില്‍ 167 റണ്‍സാണ് രോഹിത്തും ധോണിയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതില്‍ 151 റണ്‍സും അവസാന പത്ത് ഓവറിലാണ് പിറന്നത്. അതില്‍ തന്നെ അവസാന അഞ്ച് ഓവറില്‍ 101 റണ്‍സും. ഇന്നിംഗ്സിലെ അവസാന പന്തില്‍ 38 പന്തില്‍ നിന്ന് 7 ബൗണ്ടറികളും രണ്ട്സിക്സറുമടക്കം 62 റണ്‍സെടുത്ത ധോണി റണ്ണൗട്ടായി. 10 ഓവറില്‍ 74 റണ്‍സ് വഴങ്ങി ദൊഹര്‍ത്തി രണ്ട്വിക്കറ്റ്വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ മികച്ച ബൗളിംഗ് നടത്തിയ മിച്ചല്‍ ജോണ്‍സന്റെ അഭാവം ഓസീസ് ബൗളിംഗിന്റെ മൂര്‍ച്ച കുറക്കുകയും ചെയ്തു.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിനെ പിന്തുടര്ന്ന് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കം നല്കുന്നതില് ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡില്‍ വെറും 7 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണറായ ആരോണ്‍ ഫിഞ്ചിനെ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ഫിഞ്ചിനെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് ഹ്യൂഗ്സും ഹാഡിനും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 64-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും ഓസീസിന് നഷ്ടമായി. 33 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്ത ഹ്യൂഗ്സിനെ അശ്വിന് യുവരാജിന്റെ കൈകളിലെത്തിച്ചു. ആറ് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഉജ്ജ്വല ബാറ്റിംഗ് നടത്തിയ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയാണ് ഇത്തവണ മടങ്ങിയത്. നാല് റണ്‍സെടുത്ത ബെയ്ലി റണ്ണൗട്ടായാണ് മടങ്ങിയത്. പിന്നീട് സ്കോര്‍ 16.5 ഓവറില്‍ 74 റണ്‍സിലെത്തിയപ്പോള്‍ നാലാം വിക്കറ്റും ഓസീസിന് നഷ്ടമായി. 49 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത ഹാഡിനെ അശ്വിന് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ്വെല് തുടക്കത്തില്‍ തന്നെ അടിച്ചുതകര്‍ത്തു. വിനയ്കുമാര്‍ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് വീതം ബൗണ്ടറികളും സിക്സറുമുള്‍പ്പെടെ 23 റണ്‍സാണ് മാക്സ്വെല് അടിച്ചുകൂട്ടിയത്. സ്കോര്‍ 132 റണ്‍സിലെത്തിയപ്പോള്‍ നാല് റണ്‍സെടുത്ത വോഗ്സിനെ മുഹമ്മദ് ഷാമി ബൗള്‍ഡാക്കി. എന്നാല്‍ വെടിക്കെട്ട് തുടര്‍ന്ന മാക്സ്വെല് വെറും 18 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 6 സിക്സറും മൂന്ന് ബീണ്ടറികളും ഉള്‍പ്പെടെയാണ് മാക്സ്വെല് അര്‍ദ്ധസെഞ്ച്വറി കടന്നത്.
മാക്സ്വെല്ലിന്റെ ഈ പ്രകടനം ധോണിയുടെ ചങ്കിടിപ്പേറ്റി. എന്നാല്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ടിന് ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 138-ല്‍ എത്തിയപ്പോള്‍ 22 പന്തുകളില്‍ നിന്ന് 7 സിക്സറും മൂന്ന് ബൗണ്ടറികളുമടക്കം 60 റണ്‍സെടുത്ത മാക്സ്വെല്ലിനെ വിനയ്കുമാര്‍ ജഡേജയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ഷെയ്ന് വാട്സണും തുടക്കത്തിലേ ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. വിനയ്കുമാര്‍ എറിഞ്ഞ 25-ാം ഓവറില്‍ മൂന്ന് സിക്സറും ഒരു ബൗണ്ടറിയും അടക്കം 22റണ്‍സ് വാട്സണ് അടിച്ചുകൂട്ടി. 27.5 ഓവറില്‍ ഓസീസ് സ്കോര്‍ 200 പിന്നിട്ടു. ഇന്ത്യ 33 ഓവറിലാണ് 200 കടന്നിരുന്നത്. സ്കോര്‍ 205 റണ്‍സിലെത്തിയപ്പോള്‍ വാട്സണും മടങ്ങി. 22 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളുടെയും ആറ് സിക്സറുകളുടെയും അകമ്പടിയോടെ 49 റണ്‍സെടുത്ത വാട്സണെ രവീന്ദ്രജഡേജയുടെ പന്തില്‍ മുഹമ്മദ് ഷാമി പിടികൂടി. തുടര്‍ന്നെത്തിയ കള്‍ട്ടര്‍ നീല്‍ മൂന്ന് റണ്‍സെടുത്ത് ജഡേജയുടെ പന്തില്‍ കോഹ്ലിക്ക് ക്യാച്ച്നല്‍കി മടങ്ങി. സ്കോര്‍ 8ന് 211. ഒരുപന്തിന്റെ ഇടവേളക്കുശേഷം ഫോക്നര്‍ നല്കിയ ക്യാച്ച് മുഹമ്മദ് ഷാമി വിട്ടുകളഞ്ഞു. പിന്നീട് ഫോക്നറുടെ വെടിക്കെട്ടായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഫോക്നര്‍ 35 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്സറുമടക്കം അര്‍ദ്ധസെഞ്ച്വറി തികച്ചു. തുടര്‍ന്നും തകര്‍ത്തടിച്ച ഫോക്നര്‍ വെറും 57 പന്തില്‍ നിന്ന് സെഞ്ച്വറിപൂര്ത്തിയാക്കി. 11ഫോറും അഞ്ച് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു ഫോക്നറുടെ കരിയറിലെ ആദ്യ സെഞ്ച്വറി. ഫോക്നറുടെ കരുത്തില്‍ 39.4 ഓവറില്‍ ഓസീസ് സ്കോര്‍ 300 കടന്നു. ഇന്ത്യ 46.1 ഓവറിലാണ് 300 എത്തിയിരുന്നത്. ഇതോടെ ഇന്ത്യയുടെ വിജയസ്വപ്നം പൊലിയുകയാണോ എന്ന് തോന്നിച്ചു. എന്നാല്‍ സ്കോര്‍ 326-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത മക്കായെ ജഡേജ ബൗള്‍ഡാക്കി. അടുത്ത ഓവറിലെ ആദ്യപന്തില്‍ 11 ബൗണ്ടറികളും 6 കൂറ്റന്‍ സിക്സറുമടക്കം 116 റണ്‍സെടുത്ത ഫോക്നറെ മുഹമമദ് ഷാമിയുടെ പന്തില്‍ ശിഖര്‍ ധവാന് പറന്ന് പിടികൂടിയതോടെ വിജയം ഇന്ത്യക്ക് സ്വന്തം. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമിയും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വിനയ്കുമാറാണ് ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. 9 ഓവറുകള്‍ എറിഞ്ഞ വിനയ്കുമാര്‍ 102 റണ്സ്വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: