പെരിന്തല്‍മണ്ണ: സി.കെ. നായിഡു ട്രോഫിക്കായുള്ള പ്ലേറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ കേരളത്തിന് മികച്ച വിജയം. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഛത്തീസ്ഗഡിനെ ഏഴ് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്.
അവസാനദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 50 റണ്‍സ് വേണ്ടയിരുന്ന കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 33 റണ്‍സെടുത്ത ഓപ്പണര്‍ വിഷ്ണു വിനോദിന്റെ മികച്ച പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് റണ്‍സെടുത്ത രഞ്ജിത്തും റണ്ണൊന്നുമെടുക്കാതെ മോഹനും പുറത്തായി. 9 റണ്‍സോടെ ക്യാപ്റ്റന്‍ അക്ഷയ് കോടോത്തും നാല് റണ്‍സോടെ മോനിഷും ചേര്‍ന്നാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്.
സ്കോര്‍ ചുരുക്കത്തില്‍: ഛത്തീസ്ഗഢ് 211, 245, കേരളം 407, മൂന്നിന് 50. കേരളത്തിന് വേണ്ടി ഒന്നാം ഇന്നിംഗ്സില്‍ പി.എന്‍. അന്‍ഫല്‍ (132) സെഞ്ച്വറിയും ക്യാപ്റ്റന്‍ അക്ഷയ് കോടോത്ത് (98) അര്‍ദ്ധസെഞ്ച്വറിയും നേടിയിരുന്നു.
137ന് നാല് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഛത്തീസ്ഗഢ് 245 റണ്‍സിന് ഓള് ഔട്ടായി. പിതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഓപ്പണര്‍ ഇംമ്രാന്‍ ഖാന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തില്ല. 90 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോനിഷിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് രണ്ടാം ഇന്നിംഗ്സിലും ഛത്തീസ്ഗഢിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ഒന്നാം ഇന്നിംഗ്സില്‍ 63 റണ്‍സ് വഴങ്ങി മോനിഷ് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതോടെ രണ്ടിന്നിംഗ്സിലുമായി മോനിഷ് 153 റണ്‍സ് വഴങ്ങി 11 വിക്കറ്റുകള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: