ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്മോഹന്സിംഗിന് സിബിഐ ചോദ്യാവലി കൈമാറി. കേസില്‍ പ്രധാനമന്ത്രിയെ ചോദ്യംചെയ്യുന്നതിന്റെ മുന്നോടിയായാണിത്. ചോദ്യാവലിക്ക് പ്രധാനമന്ത്രി മറുപടി നല്‍കേണ്ടതുണ്ട്. ഇത് പരിശോധിച്ചായിരിക്കും അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തുക. ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി പരേഖിനെ കേസില്‍ പ്രതിയാക്കിയതോടെയാണ് അന്വേഷണം മന്‍മോഹനിലേക്ക് നീണ്ടത്. സിബിഐ ഉള്‍പ്പെടെ ഏത് അന്വേഷണ ഏജന്‍സിക്കും തന്നെ ചോദ്യം ചെയ്യാമെന്ന് മന്‍മോഹന്‍സിംഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം ചോദ്യംചെയ്തെന്ന് വരുത്തി പ്രധാനമന്ത്രിയെ കേസില്പ്പെടുത്താതിരിക്കാനുള്ള തന്ത്രമാണ് സിബിഐ പയറ്റുന്നതെന്നും സംശയമുണ്ട്.
ഇതിനിടെ, കല്‍ക്കരി കുംഭകോണക്കേസില്‍ സിബിഐക്കു മുന്നില്‍ ഹാജരാകുന്നതിന് മുന്‍പ് മന്മോഹന് സിങ് പ്രധാനമന്ത്രിസ്ഥാനം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പട്ടു. പ്രധാനമന്ത്രി പദത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ അത് അനിവാര്യമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
കേസില്‍ സിബിഐയെ കാണാമെന്നും താന്‍ നിയമത്തിനതീതനല്ലെന്നുമുള്ള മന്മോഹന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അധികാരമുള്ളയാളായിട്ടല്ല കല്‍ക്കരിപ്പാടങ്ങള്‍ വഴിവിട്ടു വിതരണം ചെയ്ത കല്‍ക്കരി മന്ത്രിയെന്ന നിലയിലാവണം സിബിഐയുടെ ചോദ്യം ചെയ്യലിനു മന്മോഹന് വിധേയനാവേണ്ടത്, ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ സിബിഐ ചോദ്യം ചെയ്താല്‍ ആ പദവിയുടെ പവിത്രത കളങ്കപ്പെടും. അതിനാല്‍ ധാര്‍മികബോധമുണ്ടെങ്കില്‍ മന്മോഹന് രാജിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനമൊഴിയുക എന്നതാവും മന്മോഹനു മുന്നിലെ ഏകവഴി. അധികാരം ഉപേക്ഷിച്ച് സിബിഐക്കു മുന്നില്‍ ചെല്ലുക. രാജ്യത്തിന്റെ പ്രധാനമന്ത്രി സംശയത്തിന്റെ നിഴലിലാണ്. എന്തു സന്ദേശമാണ് അതു നല്‍കുന്നതെന്ന് ചിന്തിക്കണം, മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.
അന്വേഷണത്തെ നേരിടാമെന്ന മന്മോഹന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. മറ്റൊരു കേസില്‍ ജെപിസിക്കു മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം സന്നദ്ധത പ്രകടപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് വാക്കുമാറ്റിയതായും റൂഡി ഓര്‍മ്മിപ്പിച്ചു.
കല്‍ക്കരിപ്പാട അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടാമെന്ന മന്മോഹന്റെ വാക്കുകള്‍ അര്‍ത്ഥശൂന്യമാണ്, കാരണം അന്വേഷണ ഏജന്‍സിയായ സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കീഴിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുലായത്തിനും മായാവതിക്കും പവന് കുമാര്‍ ബന്സലിനുമൊക്കെ ലഭിച്ചതുപോലെ ക്ലീന്‍ ചിറ്റു നേടാമെന്ന പ്രതീക്ഷയാണ് സിബിഐക്ക് മുന്നില്‍ പോകാമെന്ന പ്രസ്താവനയ്ക്കു മന്മോഹനെ പ്രേരിപ്പിച്ചതെന്നു ബിജെപി വക്താക്കളിലൊരാളായ പ്രകാശ് ജാവ്ദേക്കര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: