മരട്: ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ നാല്പത് ഏക്കറോളം ഭൂമി വില്‍പ്പനനടത്താന്‍ ഭൂമാഫിയ രംഗത്ത്. മരട് നഗരസഭയുടെയും കുമ്പളം പഞ്ചായത്തിന്റേയും അതിര്‍ത്തിയിലാണ് വിവിധ സര്വ്വേനമ്പരുകളിലുള്ള ഭൂമി നാല്പത് ഏക്കര്‍ ഒന്നിച്ച് വില്പനക്കുനീക്കം നടക്കുന്നത്. ഭൂമിയുടെ രൂപരേഖ (സ്കെച്ച്) ഉള്‍പ്പെടെ തയാറാക്കിയാണ് വന്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ മാഫിയകള്‍ രംഗത്തു സജീവമായിരിക്കുന്നത്. മരട്- കുമ്പളം വില്ലേജുകളില്‍പ്പെടുന്ന സര്‍വ്വേ നമ്പരുകളില്‍ പുരയിടവും വീടുകളും അടങ്ങുന്നതാണ് ഭൂമി. എന്നാല്‍ കൈവശാവകാശമുള്ള ഒരു തുണ്ടുഭൂമിപോലും വില്ക്കാന് തങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് പ്രദേശത്തെ നൂറോളംകുടുംബങ്ങള്‍ പറയുന്നത്.
ദേശീയപാതാ ബൈപ്പാസിനോടുചേര്ന്ന് എംഎല്‍എ റോഡും, ഫിഷറീസ് സര്‍വ്വകലാശാലയുമാണ് നല്‍പ്പത് ഏക്കറിന്റെ അതിരുകളായി ഭൂമി വില്പനക്കാര് തയാറാക്കിയ സെക്ച്ചില്‍ കാണിച്ചിരിക്കുന്നത്. ബൈപ്പാസിന്റെ ഒരു വശത്ത് 110 മീറ്ററില്‍ തുടങ്ങി കിഴക്കോട്ട് വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് വില്‍ക്കാനുള്ള ഭൂമിയുടെ രേഖാചിത്രം. സെന്റിന് 12 ലക്ഷമാണ് മതിപ്പുവില. നല്പത് ഏക്കര്‍ ഒരുമിച്ച് ആവശ്യമുള്ളവരെ തേടിപ്പിടിച്ച് 480 കോടിരൂപക്ക് ഭൂമി വില്‍ക്കാനാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഭൂമാഫിയകളും അവരുടെ ഏജന്റുമാരും ശ്രമം നടത്തിവരുന്നത്.
ഒരു മന്ത്രിയുടേയും മുന്‍മന്ത്രിയുടേയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണ് ഭൂമിവില്പനക്ക് ഇടനിലക്കാരെന്നാണ് പറയപ്പെടുന്നത്. കൊച്ചിയിലെ ഒരുപ്രവാസി വ്യവസായി ഭൂമിവാങ്ങാന്‍ രംഗത്തുവന്നെങ്കിലും ഒടുവില്‍ പിന്‍വാങ്ങുകയായിരുന്നു എന്നാണ് സൂചന. സ്ഥലവാസികളായ ഭൂവുടമകളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് കോടികളുടെ ഭൂമി ഇടപാടുകള്‍ക്കായി രാഷ്ട്രീയ പിന്‍ബലത്തോടെ ഭൂമാഫിയ കരുക്കള്‍ നീക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കരാര്‍ ഒപ്പിടാന്‍ തയാറാണെങ്കില്‍ ഉടമകളെ ഒഴിപ്പിച്ച് രേഖകള്‍ സഹിതം 40 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തുനല്കുവാന് തങ്ങള്‍ക്കാവുമെന്നാണ് ഇടനിലക്കാര്‍ നല്കുന്ന ഉറുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: