കൊല്ലം തൊടിയൂര്‍ മുളക്കവിള വീടിന്റെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട് കാളവണ്ടികളുടെ കട കട ശബ്ദം. കാര്ഷികോത്പ്പന്നങ്ങളുമായി ചന്തകളില്‍ നിന്നും ചന്തകളിലേക്ക് പോയിരുന്ന ഒരു കാര്‍ഷിക സംസ്കാരത്തിന്റെ ദിനചര്യകള്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് മുളക്കവിള വീടിന്റെ ഇപ്പോഴത്തെ അവകാശി ഷീലാജഗധരന്‍. അതുകൊണ്ടുതന്നെ നല്ലൊരു കര്ഷകയാകാതിരിക്കാന് അവര്‍ക്ക് ആകുമായിരുന്നില്ല.
എല്ലാവരേയും പോലെ വെറുമൊരു കൃഷിക്കാരി എന്ന് ഷീലയെ എഴുതിതള്ളാനാകില്ല. സാധാരണ കൃഷിക്കാരെപ്പോലെ നെല്ലോ വാഴയോ കപ്പയോ മാത്രമായിരുന്നില്ല ഇവര്‍ തന്റെ കൃഷിസ്ഥലത്ത് പരീക്ഷിച്ചത്. ഒന്നര ഹെക്ടറില്‍ നിന്ന് 400 കിലോ എള്ള് ഉത്പാദിപ്പിച്ച് ഓണാട്ടുകരയുടെ പൈതൃക സ്വത്തായ എള്ള് കൃഷി തൊടിയൂരിന്റെ പാടത്ത് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഷീല. ഒരു കിലോ എള്ളിന് 175 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.
ഇവരുടെ മറ്റൊരു ഒന്നര ഹെക്ടര്‍ പാടത്ത് നെല്ല് വിളയുന്നു. ചേറാടി നെല്ലാണ് കൃഷി ചെയ്തിരിക്കുന്നത്. മഴയേയും വെള്ളത്തെയും പ്രതിരോധിക്കാന്‍ കഴിയുന്ന ഈ നെല്ലിന് ഇത്തവണത്തെ ശക്തമായ മഴയിലും കുഴപ്പമൊന്നും ഉണ്ടായില്ല.
ഇഞ്ചി,മഞ്ഞള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ചേന, ചേമ്പ്, കാച്ചില്, ഉഴുന്ന്, പയര്‍, കറിവേപ്പില, പച്ചമുളക്, തക്കാളി, വഴുതന, പടവലം, ചീര, മത്തന്‍, കുമ്പളം, കാബേജ്, കോളിഫ്ലവര്‍, തെങ്ങ്, കവുങ്ങ്, ഏത്തവാഴ, മറ്റ് പലയിനം വാഴകള്‍ അങ്ങനെ ഷീലയുടെ കൃഷിയിടത്തില്‍ ഇല്ലാത്ത വകയില്ല. ജൈവകൃഷി രീതിയാണ് ഇവരുടെ കൃഷിയിടത്തില്‍ പിന്തുടരുന്നത്. തന്റെ കൃഷിയിടത്തില്‍ വിളയുന്ന വിഭവങ്ങള്‍ മിതമായ നിരക്കിലും ചിലപ്പോള്‍ സൗജന്യമായും ഇവര്‍ വിതരണം ചെയ്യും.
പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ കൂടാതെ പൂച്ചെടികളുടേയും ഔഷധച്ചെടികളുടേയും നല്ലൊരുതോട്ടം ഷീല സംരക്ഷിച്ചുപോരുന്നു.
വീടുകളില്‍ പഴം-പച്ചക്കറി വിഭവങ്ങള്‍ ചെറിയ തോതില്‍ ഉത്പാദിപ്പിക്കാന്‍ ഷീലയെപ്പോലെ ഓരോ വീട്ടമ്മയും പരിശ്രമിച്ചാല്‍ പുറത്തു നിന്നുമെത്തുന്ന വിഷമയമുള്ള പച്ചക്കറികള്‍ കഴിച്ചുണ്ടാകുന്ന മാരകരോഗങ്ങളില്‍ നിന്നും രക്ഷ നേടാനാകും. ഓരോ ഗ്രാമപഞ്ചായത്തും സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു കാര്‍ഷിക വിപ്ലവം തന്നെ കേരളത്തിലെ മണ്ണില്‍ വിതയ്ക്കാനാവുമെന്ന് ജില്ലാ ഉപഭോക്തൃ സമിതി അംഗം കൂടിയായ ഷീല പറയുന്നു.
ഷീലയുടെ സമര്‍പ്പണത്തെ അംഗീകരിക്കാതിരിക്കാന്‍ അധികൃതര്‍ക്ക് കഴിയുമായിരുന്നില്ല. തൊടിയൂര്‍ -ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഏറ്റവും മികച്ച വനിതാ കര്‍ഷകയാണ് ഇന്ന് ഷീല. എംഎല്‍എ സി. ദിവാകരനില്‍ നിന്ന് ഷീല ആ പുരസ്കാരം ഏറ്റുവാങ്ങിക്കഴിഞ്ഞു.
ഒരു കൃഷിക്കാരന്റെ മനസും ആത്മാര്‍ഥമായ പ്രവൃത്തിയും കൃഷിയിടത്തില്‍ ചെലവഴിച്ചാല്‍ കൃഷി ചതിക്കില്ല, അവിടെ കനകം വിളയും ഇത് ഷീലയുടെ അനുഭവസാക്ഷ്യം. കാര്‍ഷിക വൃത്തിക്ക് പൂര്‍ണ സഹകരണവും സഹായവും നല്കുന്ന ഷീലയുടെ ഭര്‍ത്താവ് ജഗധരന് ദുബായില്‍ ജോലിചെയ്യുന്നു. വിദ്യാര്‍ഥികളായ രണ്ട് ആണ്മക്കളും അമ്മയും അടങ്ങുന്നതാണ് ഈ കൃഷിക്കാരിയുടെ കുടുംബം.
വി.രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: