ന്യൂദല്‍ഹി: കേരളത്തിനു ആശ്വാസമേകി രഘുറാം രാജന് കമ്മറ്റി റിപ്പോര്‍ട്ട് ആസൂത്രണ കമ്മീഷന് തള്ളി. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കാന്‍ സംസ്ഥാനങ്ങളുടെ വികസന സ്ഥിതി മാനദണ്ഡമാക്കണമെന്ന കമ്മറ്റി റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്ന് ആസൂത്രണ കമ്മീഷന് വിലയിരുത്തി. പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ മറ്റൊരു കമ്മറ്റിയേയും ആസൂത്രണ കമ്മീഷന് നിയോഗിച്ചു.
വികസിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം കുറയ്ക്കുകയും പിന്നോക്ക സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രധനസഹായം നല്‍കുകയും ചെയ്യണമെന്നായിരുന്നു റിപ്പോര്‍ട്ട്. കേരളത്തെ രാജ്യത്തെ രണ്ടാമത്തെ വികസിത സംസ്ഥാനമായാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഇതുമൂലം സംസ്ഥാനത്തിനു പല കേന്ദ്ര സഹായങ്ങളും മുടങ്ങിയേനെ. വിവിധ സംസ്ഥാനങ്ങള്‍ രഘുറാം കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നു.
ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായ രഘുറാം രാജന് പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന കാലത്താണ് ഈ റിപ്പോര്‍ട്ടു തയാറാക്കാന്‍ നിയുക്തനായത്. ആ റിപ്പോര്‍ട്ടു തള്ളിയ ആസൂത്രണ കമ്മീഷന് അതേ കമ്മറ്റിയിലെ അംഗങ്ങളായ മിഹിര്‍ ഷാ,അഭിജിത് സെന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി രൂപീകരിച്ചു. പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദ്ദേശം നല്കി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനത്തില്‍ മുന്നിലാണെന്നു സ്ഥാപിക്കാനുള്ള രാഷ്ട്രീയ ഗൂഢതന്ത്രവും റിപ്പോര്‍ട്ടിനു പിന്നിലുണ്ടായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വളരെ ശക്തമായി റിപ്പോര്‍ട്ടിനെ എതിര്‍ത്ത് രംഗത്തെത്തിയതോടെയാണ് റിപ്പോര്‍ട്ടില്‍ ലഭിച്ച രണ്ടാം സ്ഥാനം കേന്ദ്രസഹായത്തെ ഇല്ലാതാക്കുന്നതാണെന്ന ബോധം കേരള സര്‍ക്കാരിനുണ്ടായത്. പിന്നാക്ക പദവി ലഭിച്ച ബീഹാര്‍, മധ്യപ്രദേശ്,ഛത്തീസ്ഗഢ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: