ജയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടില്‍ കണ്ണുവച്ച് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ ചുരുവില്‍ നടത്തി പ്രസംഗം കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയിലെ ഊര്‍ജസ്വലനും ദീര്‍ഘദര്‍ശിയുമായ രാഷ്ട്രീയക്കാരനെ നേരിടാന്‍ രാഹുലിലെ അമുല്‍ബേബി പൊളിറ്റീഷ്യന് പോരായെന്ന സത്യമാണ് ചുരുവില്‍ വ്യക്തമായത്. ഗാന്ധി കുടുംബത്തില്‍ സംഭവിച്ച ദുര്യോഗങ്ങള് ഒന്നൊന്നായി എണ്ണപ്പറഞ്ഞ് ജനങ്ങളുടെ സഹതാപം നേടാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ ദൗര്‍ബല്യങ്ങളും അപക്വമായ വീക്ഷണങ്ങളും ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നു. ട്വിറ്ററും ഫെയ്സുബുക്കും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ രാഹുലിന്റെ നെഞ്ചുറപ്പില്ലായ്മ ഏറെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.
രാജ്യത്തിന്റെ ഭാവിക്ക് ഉതകുന്ന ഒരു ആശയം പോലും മുന്നില്‍വയ്ക്കാന്‍ ചുരുവില്‍ രാഹുലിനായില്ലെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ അഭിവൃദ്ധിയാണു സോണിയ പുത്രന് എടുത്തിട്ട ‘പുത്തന്‍ ആശയം’. വെറും മൂന്നാം ക്ലാസ് നിലവാരമെ അതിനുണ്ടായിരുന്നുള്ളു. ദാരിദ്രം, സാമുദായിക സംഘര്‍ഷങ്ങള്‍, യുവാക്കളുടെ പ്രശ്നം എന്നിവയെക്കുറിച്ചെല്ലാം കോണ്‍ഗ്രസിലെ പ്രധാനമന്ത്രിപദ മോഹി ചുരുവില്‍ വാചാലനായി. മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും രാഹുല്‍ നേരിട്ടറിഞ്ഞിട്ടില്ല. സുഖലോലുപതയുടെ മെത്തയില്‍ക്കിടക്കുന്ന രാഹുലിനെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ കാണുന്ന കണ്ണുകൊണ്ടെ ഇന്ത്യന്‍ യുവത്വം വീക്ഷിക്കുന്നുള്ളവെന്നു ഭൂരിഭാഗംപേരും അഭിപ്രായപ്പെടുന്നു.
ബിജെപി വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന പാര്‍ട്ടിയെന്നാണ് രാഹുല്‍ ഉറക്കെ പ്രഖ്യാപിച്ചത്. സിഖു കലാപത്തെ അതിന്റെ ഇരകളുടെ പിന്മുറക്കാര് എന്നേ മറന്നെന്നും കോണ്‍ഗ്രസിലെ യുവതുര്‍ക്കി അടിവരയിട്ടു. ഇന്ത്യന്‍ സമൂഹത്തെ എസി റൂമുകളിലും വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് സീറ്റുകളിലിരുന്നുമാത്രം നോക്കികാണുന്ന രാഹുലെന്ന യാഥാര്‍ത്ഥ്യ ബോധമില്ലാത്ത രാഷ്ട്രീയക്കാരന്റെ മുഖംമൂടി അഴിഞ്ഞുവീണ നിമിഷങ്ങളായിരുന്നത്.
ബിജെപിയെ കുറ്റപ്പെടുത്തന്ന രാഹുല്‍ വര്‍ഗീയത വിറ്റ് വളര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്നണിക്കാരനാണെന്ന കാര്യം മറന്നു. കോണ്‍ഗ്രസ് മുന്നില്‍ നിന്നു നടത്തിയ കലാപങ്ങള്‍ ഏറെ അരങ്ങേറിയിട്ടുണ്ട് ഇന്ത്യയില്‍. സിഖ് കലാപശേഷം രാഹുലിന്റെ പിതാവും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന രാജിവ് ഗാന്ധിയുടെ വാക്കുകള്‍ രാജ്യം മറന്നിട്ടില്ല. വന്മരങ്ങള് വീഴുമ്പോള്‍ ഭൂമി ചെറുതായി കുലുങ്ങുമെന്നായിരുന്ന് അന്ന് രാജീവ് തട്ടിവിട്ടത്. കലാപത്തിനു നേതൃത്വം നല്കിയതു മാത്രമല്ല കാലങ്ങളോളം അതിനെ ന്യായീകരിച്ചതും സിഖ് സമൂഹത്തിന്റെ മനസിലെ മുറിവുകളെ ഇന്നു മായ്ക്കാതെ നിര്‍ത്തുന്നു. ആ സത്യം മറന്നാണ് കലാപകാരികള്‍ തന്നെയും കൊല്ലുമെന്നു രാഹുല്‍ വിലപിച്ചത്.
പ്രസംഗത്തിനിടെ രാഹുല്‍ പലേടത്തും താന്‍ ബുദ്ധിമാനാണെന്നു തെളിയിക്കാന്‍ അക്ഷീണം യത്നിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തോട് ജനങ്ങള്‍ക്കുള്ള അനുകമ്പ മുതലാക്കി വോട്ടുപിടിക്കാമെന്ന അമിത ആത്മവിശ്വാസ ആ വാക്കുകളില്‍ ഏറെ പ്രതിഫലിച്ചു. പക്ഷേ പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ നരകിച്ച ജനങ്ങള്‍ ശിക്ഷ വിധിക്കുമെന്നു തിരിച്ചറിയാന്‍ ശേഷിയില്ലാത്ത ആ വാക്കുകള്‍ കോണ്‍ഗ്രസിനെ തിരഞ്ഞുകുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: