പെരുമ്പാവൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന അറവ് മാടുകളില്‍ നിന്ന് നാട്ടിലെ കന്നുകാലികളിലേക്ക് കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നു. പെരുമ്പാവൂരില്‍ 6 പശുക്കളില്‍ കുളമ്പുരോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്നും ഇറച്ചിക്കായി കൊണ്ടുവരുന്ന പോത്തുകളിലാണ് ഈ രോഗം കണ്ടുവരുന്നത്.
കാഞ്ഞിരക്കാട് ചക്കരക്കാട്ട് ക്ഷേത്രത്തിന് സമീപം പാലക്കാമാലി ജാനകിയുടെ ആറ് പശുക്കളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇവയില്‍ മൂന്ന് പശുക്കളില്‍ രോഗം സ്ഥിരീകരിച്ചു. ശക്തമായ പനിയും, കുളമ്പുകളില്‍ മഞ്ഞനിറവും, തീറ്റയില്ലായ്മയും, നാവിലും വായിലും തൊലിപോകുന്നതും, വായില്‍നിന്നും മൂക്കില്‍ നിന്നും ഒരുതരം ദ്രാവകം ഒഴുകുന്നതും, കാലുകള്‍ നിലത്തുകുത്താതെ പശു അസ്വസ്ഥത കാണിക്കുന്നതുമാണ് രോഗലക്ഷണങ്ങള്‍.
കാഞ്ഞിരക്കാട് പ്രദേശത്തെ ഇടത്തറമാലി പാടശേഖരത്തില്‍ അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവരുന്ന അറവ്മാടുകളെ കച്ചവടക്കാന് അഴിച്ച് വിടുന്നത് പതിവാണ്. ഇത്തരം കന്നുകാലികളില്‍ നിന്നുമാണ് ജാനകിയുടെ പശുക്കള്‍ക്ക് രോഗം പടര്‍ന്ന് പിടിച്ചതെന്ന് കരുത്തുന്നു. പെരുന്നാള്‍ പ്രമാണിച്ച് പെരുമ്പാവൂര്‍ മേഖലയിലേക്ക് ധാരാളം പോത്തുകളെയാണ് ആന്ധ്രയില്‍ നിന്നും കൊണ്ടുവന്നത്. യാതൊരു പരിശോധനയും ഇല്ലാതെയാണ് ഇവയെ കൊണ്ടുവന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പെരുന്നാള്‍ കഴിഞ്ഞതോടെ ഇത്തരം കന്നുകാലിവരവ് കുറഞ്ഞതായും പറയുന്നുണ്ട്.
കുളമ്പുരോഗം കണ്ടെത്തിയ മൃഗങ്ങളെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. മറ്റുള്ള കന്നുകാലികള്‍ക്കൊപ്പം ഇവയെ കെട്ടരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും വീട്ടുകാര്‍ പറഞ്ഞു. വായുവിലൂടെ രോഗം പടരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: