നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ 19-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപിച്ച 17 ശതമാനം ലാഭവിഹിതം അര്‍ഹരായ എല്ലാ ഓഹരി ഉടമകള്‍ക്കും അയച്ചു കൊടുത്തു. നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയ്ക്ക് 17844 ഓഹരി ഉടമകളാണ് ഉള്ളത്. കമ്പനിയുടെ അടച്ചു തീര്‍ത്ത മൂലധനം 306.06 കോടി രൂപയാണ്. ഈ വര്‍ഷത്തെ ലാഭവിഹിതം കൂടി വിതരണം ചെയ്തപ്പോള്‍ മൊത്തം മുടക്കു മുതലിനേക്കാള്‍ കൂടുതല്‍ തുക ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് മടക്കി നല്‍കികൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനി ചരിത്രം സൃഷ്ടിച്ചു. 2003-2004 സാമ്പത്തിക വര്‍ഷം മുതല്‍ 2012-2013 സാമ്പത്തിക വര്‍ഷം വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനി ഓഹരി ഉടമകള്‍ക്ക് 114 ശതമാനം ലാഭവിഹിതമായി നല്കി. ഇത് മൂലം സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും വ്യക്തിഗത നിക്ഷേപകര്‍ക്കുമെല്ലാം മുടക്കിയ പണം തിരികെ ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ 98.68 കോടി രൂപ ഓഹരി വിഹിതമായി നിക്ഷേപിച്ചപ്പോള്‍ ഈ തുകയേക്കാള്‍ കൂടുതല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി സര്‍ക്കാരിന് ലാഭവിഹിതമായി തിരിച്ചു നല്കി. മുഖവിലയായ 10 രൂപയ്ക്കാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഇതുവരെ ഓഹരികള്‍ നല്‍കിയിട്ടുള്ളത്. രണ്ടു തവണ അവകാശഓഹരികള് നല്കിയതും ഈ മുഖവിലയ്ക്ക് തന്നെയാണ്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച നാലാമത്തെ വര്‍ഷം മുതല്ക്കു തന്നെ കമ്പനി ലാഭവിഹിതം നല്കി തുടങ്ങുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഓഹരികള്‍ക്ക് വന്‍ ഡിമാന്റാണ്. 2010-11 സാമ്പത്തിക വര്‍ഷം മുതല്‍ ലാഭവിഹിതം ഓണ്‍ലൈന്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയായി നല്കുവാന് ആരംഭിച്ചെങ്കിലും മൊത്തം ഓഹരി ഉടമകളില്‍ 28 ശതമാനം നിക്ഷേപകര്‍ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ. ഇപ്രകാരം ഓണ്‍ലൈനായി ലാഭവിഹിതം സ്വീകരിക്കുന്നവര്‍ക്ക് പൊതുയോഗത്തില്‍ ലാഭവിഹിതം പ്രഖ്യാപിച്ചതിനുശേഷം 7 ദിവസത്തിനുള്ളില്‍ അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: