ഓച്ചിറ: രാജ്യം വികലാംഗര്‍ക്ക് വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും തടഞ്ഞുവയ്ക്കുകയും ബോധപൂര്‍വ്വം നിരാകരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വികലാംഗ കമ്മീഷന് ചെയര്മാന് അഹമ്മദ്പിള്ള.
പോലീസ്സ്റ്റേഷന്, പഞ്ചായത്തുകള്‍ തുടങ്ങിയ മേഖലകളില്‍നിന്ന് വികലാംഗരെ മാനസികമായി പീഡിപ്പിക്കുന്ന നിരവധി പരാതികള്‍ ഉയര്‍ന്നുവരികയാണെന്നും ഇത് നിയന്ത്രിക്കുന്നതിനും വികലാംഗരുടെ സാമൂഹികമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ധാരാളം നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കികഴിഞ്ഞതായും ചെയര്മാന് മുന്നറിയിപ്പുനല്‍കി.
ഗ്രാമപഞ്ചായത്തുകളില്‍ വികലാംഗരുടെ പെന്ഷന് കാരണംകൂടാതെ തടഞ്ഞുവയ്ക്കല്‍, പോലീസ് സ്റ്റേഷനുകളില്‍ വികലാംഗരുടെ പരാതികള്‍ക്ക് അടിയന്തരനടപടികള്‍ സ്വീകരിക്കാതിരിക്കല്‍, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് വികലാംഗര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളില്‍നിന്നും ബോധപൂര്‍വ്വമായി ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടായാല്‍ വികലാംഗ കമ്മീഷനെ സമീപിച്ചാല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.സി.ഡി.എസ് ഓഫീസിന്റെ നേതൃത്വത്തില്‍ ഓച്ചിറ, ക്ലാപ്പന, കെ.എസ്.പുരം, തഴവ, തൊടിയൂര്‍, ആലപ്പാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ഐ.സി.ഡി.എസ്. പ്രവര്‍ത്തകര്‍ക്കായുള്ള ഏകദിന ബോധവല്‍ക്കര പരിപാടിയില്‍ വികലാംഗരും നിയമസഹായവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചാക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.പുരം സുധീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സെവന്തികുമാരി നിര്‍വ്വഹിച്ചു. സി.ഡി.പി.ഒ ദിവ്യ, സൂപ്പര്‍വൈസര്‍മാരായ റീന തോംസണ്‍, മിനി, ഷെരീഫത്ത്, നബീസത്ത്ബീവി, നബീസാകുഞ്ഞ്, ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: