കൊച്ചി: ഒക്ടോബര്‍ 25ന് എറണാകുളം ജില്ലയില്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 22 വരെ സ്വീകരിക്കാന്‍ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈനില്‍ നേരത്തെ അപേക്ഷ നല്കാന് അവസരം ലഭിക്കാത്തവര്‍ക്ക് ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നേരിട്ട് സമര്‍പ്പിക്കാം. താലൂക്ക് ഓഫീസുകളിലും അപേക്ഷകള്‍ സ്വീകരിക്കും. രണ്ട് കോപ്പികളാണ് സമര്‍പ്പിക്കേണ്ടത്. ഒരു കോപ്പിയില്‍ നമ്പര്‍ രേഖപ്പെടുത്തി തിരികെ നല്‍കും. ഈ കോപ്പിയുമായാണ് ജനസമ്പര്‍ക്കപരിപാടിക്ക് എത്തേണ്ടത്.
ജനസമ്പര്‍ക്കപരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കും അപേക്ഷകള്‍ പരിശോധിക്കുന്നതിനുമായി കളക്ടറേറ്റിലെ റവന്യൂ ഓഫീസുകള്‍ അവധിദിനമായ ഇന്നും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു.
ജനസമ്പര്‍ക്കപരിപാടിയുടെ വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ 22 വരെ താലൂക്കുകളിലും വകുപ്പ് ഓഫീസുകളിലും സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. കഴിയുന്നത്ര പരാതികള്‍ക്ക് പരിഹാരം കാണുകയാണ് ജനസമ്പര്‍ക്കപരിപാടിയുടെ ലക്ഷ്യം. സാങ്കേതിക കാരണങ്ങളുടെ പേരില്‍ പരാതി സമര്‍പ്പിക്കാനുള്ള അവസരം ആര്‍ക്കും നഷ്ടപ്പെടരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂട്ടി പരാതി നല്‍കാത്തവര്‍ക്ക് ജനസമ്പര്‍ക്കപരിപാടി നടക്കുന്ന ദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെയും വൈകിട്ട് അഞ്ചിനു ശേഷവും മുഖ്യമന്ത്രിക്ക് പരാതി കൈമാറാന്‍ അവസരമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനസമ്പര്‍ക്കപരിപാടിയിലേക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത് 3425 പരാതികളാണ്. ഇതില്‍ മുഖ്യമന്ത്രി നേരില്‍ കാണേണ്ട അഞ്ഞൂറോളം പേര്‍ക്ക് സി ഡിറ്റ് മുഖേന കത്തുകള്‍ അയച്ചു തുടങ്ങി. ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പായ പരാതികളില്‍ ഇതു സംബന്ധിച്ച ഉത്തരവുകളും ജനസമ്പര്‍ക്കപരിപാടിയില്‍ കൈമാറും. തീരുമാനമാകാത്തതും മറ്റ് തലങ്ങളിലേക്ക് അയച്ചിട്ടുള്ളതുമായ പരാതികളില്‍ ഈ വിവരം അറിയിച്ചും കത്തു നല്‍കും. ഇവര്‍ ജനസമ്പര്‍ക്ക പരിപാടിക്ക് എത്തേണ്ടതില്ല. മുന്‍കൂട്ടി പരാതി നല്കാത്തവര്ക്കായി പന്തലില്‍ പ്രത്യേകസ്ഥലം തിരിച്ചിടും.
കാക്കനാട് സിവില്‍ സ്റ്റേഷന് വളപ്പിലാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പന്തല്‍ സജ്ജീകരിക്കുക. വിവിധ വകുപ്പുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ പന്തലിലുണ്ടാകും. രാവിലെ ഒമ്പതിന് തന്നെ ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കും. ഫുഡ് കോര്‍ട്ടുകള്‍, താല്‍ക്കാലിക ടോയ്ലറ്റുകള്, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍, മീഡിയ സെന്റര്‍ എന്നിവയും സിവില്‍ സ്റ്റേഷന് വളപ്പിലുണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കാക്കനാട്ടേക്ക് കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഉറപ്പാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അവലോകനയോഗത്തില്‍ ബെന്നി ബഹന്നാന് എം.എല്‍.എ, തൃക്കാക്കര നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദാലി, എ.ഡി.എം ബി. രാമചന്ദ്രന്, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ്, റൂറല്‍ പോലീസ് ചീഫ് സതീഷ് ബിനോ, ആര്.ഡി.ഒ എസ്. ഷാനവാസ് തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: