കൊല്ലം: ഭൂമിയോടും ദേവീസങ്കല്പത്തോടും ആര്‍ദ്രതയുടെ കനിവൂറുന്ന മാനസിക ഭാവമായിരുന്നു കാക്കനാടനെന്ന് പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് അനുസ്മരിച്ചു. കൊടുങ്ങല്ലൂരമ്മയുടെ അടിമയായിരുന്നു കാക്കനാടന്. കൊടുങ്ങല്ലൂര്‍ ദേവിയുടെ മുന്നില്‍ കണ്ണീരോടെ പ്രാര്‍ത്ഥനാനിരതനായി നിന്ന ബേബിച്ചായനെ താന്‍ നേരില്‍ കണ്ടിട്ടുണ്ട്. ദേവീദര്‍ശനം കഴിഞ്ഞ് പോരുമ്പോള്‍ ആ മുഖത്ത് കാണുന്ന പ്രസന്നത തന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അവര്‍ തമ്മില്‍ നേരിട്ടൊരു ബന്ധമുള്ളതായി തോന്നിയിട്ടുണ്ട്. അനുഷ്ഠാനത്തിന്റെ എല്ലാ സവിശേഷതകളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു കാക്കനാടന്റെ ആരാധനയെന്ന് രാധാകൃഷ്ണന് പറഞ്ഞു. കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഹാളില്‍ കാക്കനാടന് ഫൗണ്ടേഷന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം സാഹിത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഒട്ടും താല്പര്യം കാട്ടാതിരുന്ന കാക്കനാടന്റെ സ്വഭാവവിശേഷമാണ് തന്നെ ഏറ്റവും അധികം ആകര്‍ഷിച്ചതെന്ന് കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു. മേറ്റ്ഴുത്തുകാരെ ദുഷിക്കുന്ന പ്രവണതയും അദ്ദേഹത്തിനില്ലായിരുന്നു. ആര്‍ദ്രതയും കരുതലും സ്നേഹവുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്രയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവശക്തി സംയോഗത്തിന്റെ ദാര്‍ശനികതയെ അതിന്റെ ഉള്‍ക്കരുത്തോടും അതേസമയം അമ്മൂമ്മക്കഥകളുടെ ലാളിത്യത്തോടും അവതരിപ്പിക്കാന്‍ കഴിവുള്ള പ്രതിഭയായിരുന്നു കാക്കനാടനെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അനുസ്മരിച്ചു. അനുസരണയല്ല, ചോദ്യം ചെയ്യലാണ് ജീവിതത്തിന്റെ കരുത്തെന്ന് കാട്ടിത്തരുകയായിരുന്നു കാക്കനാടന്. നിഷേധിച്ചും ആസ്വദിച്ചുമാണ് അദ്ദേഹം ജീവിതത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്, സിനിമയുടെ ആധുനികധാരകളെയും സൃഷ്ടിപരമായ സാധ്യതകളെയും ആഴത്തിലറിയുമ്പോഴും സിനിമ തന്റെ വാസനയല്ലെന്നും സാഹിത്യമാണ് വഴിയെന്നുമുള്ള ഉറച്ച ബോധ്യമുണ്ടായിരുന്നു കാക്കനാടന്. ഭാരതീയമായ ദ്രവീഡിയന്‍ സംസ്കൃതിയുടെ ഉള്ത്തടങ്ങളില്നിന്ന് മുത്തുകളെടുത്ത് അവയെ ബിംബകല്പനകളാക്കി മലയാളിക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. ചിത്രകലയിലെ അമൂര്‍ത്ത പ്രതീകങ്ങളെ നോവല്‍ സാഹിത്യത്തിലെ മൂര്‍ത്ത കഥാപാത്രങ്ങളാക്കി നമുക്ക് നല്കി. ജീവിതത്തെ കളിക്കളമായി കാണുമ്പോഴും കളി എത്ര ഗൗരവതരമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കാക്കനാടന്റെ ജീവിതമെന്ന് ജോണ്‍പോള്‍ ചൂണ്ടിക്കാട്ടി.
സാഹിത്യവിമര്ശനമെന്നത് പാല്‍പ്പായസ വഴിപാടാകണമെന്ന് വിചാരിക്കുകയും ശഠിക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ കഴിയുന്ന ഈ പുണ്യഭൂമിയില്‍ തന്റെ എഴുത്തുകള്‍ എങ്ങനെ വായിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അക്ഷരമാല അറിയാവുന്ന മലയാളിക്ക് വിട്ടുകൊടുത്ത ആളാണ് കാക്കനാടനെന്ന് പ്രശസ്ത നിരൂപകന് പ്രൊഫ. എം. തോമസ് മാത്യു പറഞ്ഞു. അച്ചടിപ്പിശക് ചൂണ്ടിക്കാട്ടിയാല്‍പോലും ജീവിതകാലം മുഴുവന്‍ ശത്രുവായികാണുന്നവരുടെ മധ്യത്തിലാണ് കാക്കനാടന് നിസംഗനായി ജീവിച്ചത്. പുസ്തകം അച്ചടിച്ചിറങ്ങിയാല് പിന്നെ റോയല്‍റ്റിക്കും പകര്പ്പവകാശത്തിനുമല്ലാതെ തനിക്കിടപെടേണ്ട കാര്യമില്ലെന്ന സുദൃഢമായ മാനസിക ഘടനയായിരുന്നു അദ്ദേഹത്തിന്റേത്.
ആര്‍ദ്രതയായിരുന്നു കാക്കനാടന്റെ വ്യക്തിത്വം. ആത്മബലമില്ലാത്തവന് അലിയാന്‍ കഴിയില്ല. സ്വന്തം ബോധ്യങ്ങളില്‍ ചാഞ്ചല്യമുള്ളവരാണ് മറ്റുള്ളവരുടെ ബോധ്യങ്ങളെക്കുറിച്ച് ചഞ്ചലചിത്തരാകുന്നത്. മനുഷ്യന്റെ വലുപ്പം അവന് അനുഭവിക്കുന്ന ദുഖങ്ങളുടെയും ധര്‍മ്മസങ്കടങ്ങളുടെയും വലുപ്പമാണെന്ന് പറയുകയായിരുന്നു കാക്കനാടന്റെ രചനകള്‍. ആദര്‍ശങ്ങള്‍ അനാഥമാകുന്ന ദുരന്തചിത്രത്തെ പശ്ചാത്തലമാക്കി മാനുഷിക വികാരങ്ങളുടെ പ്രതിഫലനത്തെ അവതരിപ്പിക്കുകയായിരുന്നു ഉഷ്ണമേഖല. നിരാധാരമായ സ്നേഹവും സഫലമാകാത്ത ബന്ധങ്ങളും പ്രാപ്യമാകാത്ത ആദര്‍ശങ്ങളും അവതരിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാട്ടിയുടെ വളര്‍ച്ചയും പതനവും പശ്ചാത്തലമാക്കുകയാണ് കാക്കനാടന് ചെയ്തതെന്ന് തോമസ്മാത്യു നിരീക്ഷിച്ചു.
മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളെ പ്രവചനാത്മകമായി ചിത്രീകരിച്ച എഴുത്തുകാരനാണ് കാക്കനാടനെന്ന് ഡോ. പ്രസന്നരാജന്‍ അനുസ്മരിച്ചു. സാക്ഷിയും വസൂരിയുമടക്കമുള്ള രചനകള്‍ വായനക്കാരനെ പിടിച്ചുകുലുക്കിയതും ഇന്നും ഞെട്ടിക്കുന്നതും അവയുടെ ഈ പ്രവചനാത്മകത കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ ഡോ. ബി.എ. രാജാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കാക്കനാടന് വിദ്യാഭ്യസ എന്‍ഡോവ്മെന്റ് ഗവേഷണ വിദ്യാര്‍ത്ഥി സിനു വര്‍ഗീസ് ഏറ്റുവാങ്ങി. ടി.എന്‍ ഗോപാലകൃഷ്ണന് സ്വാഗതവും ബിജു നെട്ടറ നന്ദിയും പറഞ്ഞു. രാവിലെ കാക്കനാടന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: