ഓച്ചിറ: ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഒത്തശയോടെ ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും വയല്‍ നികത്തല്‍ വ്യാപകം.
ഓച്ചിറ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കൊറ്റംമ്പിള്ളി ബഥേല്‍ മാര്‍ത്തോമ്മ ചര്‍ച്ചിന് സമീപത്തായി അര ഏക്കറോളം വരുന്ന വയലാണ് നികത്താന്‍ ഭൂമാഫിയ ശ്രമിക്കുന്നത്. ഓച്ചിറ വില്ലേജ് ഓഫീസറുടെയും കൃഷിവകുപ്പിന്റെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവര്‍ നിലം നികത്തുന്നത്. വയല്‍ നികത്തലിനെതിരെ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെയാണ് ഭൂരഹിതര്‍ക്ക് അഞ്ചുസെന്റ് സ്ഥലം നികത്തി വീട് വയ്ക്കാം എന്ന നിയമത്തെ ദുരുപയോഗം ചെയ്ത് ഈ പ്രദേശം നികത്തുന്ന ഭൂമാഫിയായുടെ ശ്രമം. ഓച്ചിറ വില്ലേജിന്റെ പരിധിയില്‍ തന്നെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കള്‍ ഉള്ള കുടുംബത്തിലെ ഒരംഗത്തിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം നികത്താന്‍വേണ്ടി വിദേശരാജ്യത്ത് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സ്വന്തം മകന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റി എഴുതി നിയമത്തിന്റെയും അധികാരികളുടെയും കണ്ണില്‍ പൊടിയിട്ട് നിലം നികത്താനാണ് ഭൂമാഫിയ ശ്രമിക്കുന്നത്. സമാനമായ രീതിയില്‍ മുന്‍പും ഇവര്‍ ഏക്കറുകണക്കിന് വയല്‍ നികത്തിയതായി ജനങ്ങള്‍ ആരോപിക്കുന്നു. വയല്‍ നികത്തലിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ നാട്ടുകാരില്‍ ചിലരെ ഭൂമാഫിയ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഭീഷണികള്‍ക്ക് വഴങ്ങാത്തവര്‍ക്കെതിരെ പോലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിക്കുന്നതായും ആക്ഷേപമുണ്ട്. കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ഈ ഭൂമാഫിയക്കുവേണ്ടി പലതവണ സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഈ പോലീസ് ഉദ്യോഗസ്ഥന് പ്രസ്തുത ഭൂഉടമയുടെ അടുത്ത ബന്ധുവാണ്.
ഓച്ചിറ പഞ്ചായത്തിലെ പ്രധാന പാടശേഖരമായ ഉണ്ടുരുട്ടി പാടശേഖരത്തിന്റെ പ്രധാന ഭാഗമാണ് ഈ സ്ഥലം. ഈ ഭാഗം കൂടി നികത്തിയാല്‍ പാടശേഖരം എന്നത് ഓച്ചിറ നിവാസികളുടെ സങ്കല്പത്തില് മാത്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: