കൊല്ലം: സംസ്ഥാനത്തെ രണ്ടാമത്തെ റബ്ബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനവും കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്ക് ഉദ്ഘാടനവും ഇന്ന് ഉച്ചക്ക് 12ന് പത്തനാപുരം പിറവന്തൂര്‍ കിന്‍ഫ്ര പാര്‍ക്ക് അങ്കണത്തില്‍ നടക്കും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയയില്‍ ചേരുന്ന യോഗത്തില്‍ റബ്ബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ ഉദ്ഘാടനം ഗണേഷ്കുമാര് എംഎല്‍എയും നിര്‍വഹിക്കും. കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ആമുഖ പ്രഭാഷണം നടത്തും.
കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റബ്ബര്‍ ബോര്‍ഡുമായി ചേര്‍ന്ന് കിന്‍ഫ്ര ജില്ലയിലെ പത്തനാപുരം താലൂക്കിലെ പിറവന്തൂരില്‍ 50 ഏക്കര്‍ സ്ഥലത്താണ് റബ്ബര്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. ഭൂമിവില ഉള്‍പ്പെടെ 36.7 കോടി രൂപയാണ് പദ്ധതിചെലവ്. വ്യവസായ പാര്‍ക്കില്‍ വികസിപ്പിച്ചെടുത്ത വിവിധ തരത്തിലുള്ള 30 വ്യവസായ പ്ലോട്ടുകളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ണതോതിലാകുമ്പോള്‍ ഏകദേശം 580 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. രണ്ടായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കണക്കാക്കുന്നു.
വ്യവസായ സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. വികസിപ്പിച്ചെടുത്ത പ്ലോട്ടുകള്‍ക്ക് പുറമേ 68000 ചതുരശ്ര അടി വരുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിട സമുച്ചയവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയില്‍ ഏകദേശം 26 ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങാനുള്ള സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതപ്രസരണ സംവിധാനത്തിന് 11 കെവി സബ്സ്റ്റേഷനും ജലശുദ്ധീകരണത്തിനും വിതരണത്തിനുമുള്ള ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണവും പൂര്‍ത്തിയായിവരുന്നു.
വ്യവസായ സംരംഭകര്‍ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ എംപിമാരായ എന്‍.പീതാംബരക്കുറുപ്പ്, കെ.എന്‍.ബാലഗോപാല്‍ കെ.രാജു എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഡോ.എ ജയതിലക് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, ജില്ലാ കളക്ടര്‍ ബി.മോഹനന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷാ ശശിധരന്, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജോസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗ്രേസി ജോണ്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത സി.നായര്‍, ആരോമലുണ്ണി, ജെസി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് സ്വഗതവും കിന്‍ഫ്ര എംഡി എസ്.രാംനാഥ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: