മുംബൈ: ഇത്തിഹാദ് എയര്‍വേയ്സിലെ ഉന്നത എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ ജെറ്റ് എയര്‍വേയ്സിലേക്ക് ചേക്കേറാന്‍ സാധ്യത. ഈ വര്‍ഷം അവസാനത്തോടെ ജെറ്റ് എയര്‍വേയ്സിലെ സുപ്രധാന പദവികള്‍ ഇവര്‍ വഹിച്ചേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്സിന്റെ ആസൂത്രണ വിഭാഗം വൈസ് പ്രസിഡന്റ് വില്ലി ബൗള്‍ട്ടര്‍, സീനിയര്‍ മാനേജര്‍ റിനെയില്‍ റൗഫ്, ധനകാര്യ വിഭാഗം വൈസ് പ്രസിഡന്റ് രംഗേഷ് എമ്പാര്, വില്പന വിഭാഗം മേധാവി രാജീവ് നമ്പ്യാര്‍ തുടങ്ങിയവരാണ് ജെറ്റ് എയര്വേയ്സില് ചേരുന്നത്.
ജെറ്റ് എയര്‍വേയ്സിന്റെ അടുത്ത ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായി പരിഗണിക്കുന്ന വ്യക്തിയാണ് ബൗള്‍ട്ടര്‍. നിലവില്‍ സുധീര്‍ രാഘവനാണ് ജെറ്റിന്റെ സിസിഒ. നമ്പ്യാര്‍ വില്പന വിഭാഗം മേധാവിയായും ഫിനാന്‍സ് വിഭാഗം മേധാവിയായി റൗഫും എമ്പാറും ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്.
ഏപ്രിലില്‍ ജെറ്റിന്റെ 24 ശതമാനം ഓഹരികള്‍ 379 ദശലക്ഷം ഡോളറിന് ഇത്തിഹാദിന് വില്‍ക്കുന്നതിന് ധാരണയിലെത്തിയിരുന്നു. സപ്തംബറില്‍ ഇന്ത്യന്‍ കമ്പനികളിലുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: