പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സമി അഹമ്മദ് ഖാന്റെ ശ്രദ്ധേയമായ രചനയാണ് റെഡ് ജിഹാദ്. ദക്ഷിണേഷ്യയിലെ ഏറ്റവും ശക്തമായ രണ്ട് ഭീകര പ്രസ്ഥാനങ്ങള്‍ ( മുസ്ലീം ഭീകരതയും മാവോയിസ്റ്റ് തീവ്രവാദവും ) കൈകോര്‍ക്കുന്നതും തുടര്‍ന്ന് ദക്ഷിണേഷ്യയുടെ ആധിപത്യത്തിനായി അവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് സമി അഹമ്മദ് ഖാന് സൈനിക പശ്ചാത്തലമുള്ള തന്റെ നോവലില്‍ വിവരിക്കുന്നത്. മത തീവ്രവാദത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാക് ഭരണകൂടത്തില്‍ നിന്ന് ആണവായുധ നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യ കൂടി കരസ്ഥമാക്കുന്നതോടെ ഇവരുടെ ശ്രമങ്ങള്‍ അത്യന്തം വിനാശകരമായിത്തീരുന്നു. ഇതൊരു നോവലാണെങ്കിലും ചരിത്രത്തോട് അത്യന്തം നീതി പുലര്‍ത്തുകയും വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ ആശങ്കയോടെ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട് എഴുത്തുകാരന്.
നോവലില്‍ പറയുന്നതുപോലെ മുസ്ലീം ഭീകരവാദത്തെ സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമെന്ന താത്വിക വിശകലനം നല്കി അനുകൂലിക്കുന്ന സമീപനമാണ് മാവോയിസ്റ്റുകള്‍ എല്ലാക്കാലത്തും സ്വീകരിച്ചു പോന്നിട്ടുള്ളത്. ആധുനിക കാലത്തെ സാമ്രാജ്യത്വ വിരുദ്ധ പുരോഗമന പോരാട്ടം എന്നാണ് മാവോയിസ്ററ് നേതാവായ കിഷന്‍ജി ദക്ഷിണേഷ്യയിലെ മുസ്ലീം ഭീകരവാദത്തെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ സാമ്രാജ്യത്വത്തെയും അതിനെ പിന്തുണക്കുന്നവരുടെ നിലപാടുകളെയും എതിര്‍ക്കുന്നതുകൊണ്ട് മുസ്ലീം ഭീകരവാദം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നാണ് മാവോയിസ്റ്റ് ഗ്രൂപ്പ് ജനറല്‍ സെക്രട്ടറിയും അവരുടെ താത്വികാചാര്യനുമായിരുന്ന ഗണപതിയുടെ നിലപാട്.
ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നവംബര്‍ 11 നും 19 നും ഛത്തീസ്ഗഢ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പ് ബഹിഷ്കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വോട്ട് ചെയ്തതിന്റെ അടയാളമായ കറുത്ത മഷി വിരലില്‍ കണ്ടാല്‍ ആ കൈ തങ്ങള്‍ മുറിച്ചു കളയുമെന്നാണ് ഭീഷണി.
മാവോയിസ്റ്റുകള്‍ക്കു സ്വാധീനമുള്ള ബസ്തര്‍, ബീജാപ്പൂര്‍ ജില്ലകളിലെ പോളിംഗ് ശതമാനത്തെ ഭീഷണി കാര്യമായി ബാധിച്ചേക്കാം. ഇതാദ്യമായല്ല മാവോയിസ്റ്റുകള്‍ തെരഞ്ഞടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. പക്ഷേ ഇത്തരത്തില്‍ വോട്ടു ചെയ്യുന്നവര്‍ക്കെതിരെയുള്ള ഭീഷണി ആദ്യമായാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്തിന്റെ മറ്റു മേഖലകളില്‍ 60 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ബസ്തറിലും ബീജാപ്പൂരിലും വോട്ടിംഗ് ശതമാനം 36 മാത്രമായിരുന്നു. മാവോയിസ്റ്റുകളുടെ ഭീഷണി ഇവിടെ ജനങ്ങളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് വ്യക്തം.
മാവോയിസ്റ്റ് ഭീഷണി നേരിടാനായി സംസ്ഥാനത്ത് നിലവില്‍ 27,000 സൈനിക ട്രൂപ്പുകളെയാണ് വിന്യസിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 40,000 പേരടങ്ങുന്ന വ്യൂഹത്തെ പ്രശ്നബാധിത മേഖലയില്‍ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
സൈനിക നടപടി മാത്രം കൊണ്ട് കാര്യമില്ല. ജനങ്ങള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരാന്‍ കഴിയണം. കാശ്മീരിലെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ പാക് പിന്തുണയോടെ നടന്ന ഭീകര ശ്രമങ്ങള്‍ക്ക് സമാനമാണ് ഛത്തീസ്ഗഢിലെ ഇപ്പോഴത്തെ സ്ഥിതി. രാജ്യത്തിനെതിരായ യുദ്ധമായി തന്നെ ഇതിനെ കണക്കാക്കേണ്ടി വരും.
മുഖ്യമന്ത്രി ഡോ. രമണ്‍ സിംഗ് പറഞ്ഞതുപോലെ മാവോയിസ്റ്റുകള്‍ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ ആശയങ്ങളും നിലപാടുകളും ജനങ്ങള്‍ക്കു മുന്നില്‍ വെക്കുക എന്നതാണ്. അതിനവര്‍ ആദ്യം തോക്കുകള്‍ നിശബ്ദമാക്കേണ്ടി വരും. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകേണ്ടിയും വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത വളരെക്കുറവാണ്.
ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ കലാപം നടത്താനും അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളും ചൈനീസ് ഭരണകൂടവും മാവോയിസ്റ്റുകള്‍ക്ക് ആയുധങ്ങളും പണവും എത്തിച്ചു നല്‍കുന്നതായാണ് ഇന്ത്യന്‍ സൈനിക -രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
മാവോയിസ്റ്റ് ഭീഷണി അതിജീവിച്ച് ബസ്തര്‍ മേഖലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഇപ്പോള്‍ ബി.ജെ.പി മാത്രമാണ്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളാണ് ബസ്തര്‍ മേഖലയില്‍ ഏറിയ പങ്കും.12 നിയമസഭ സീറ്റുകള്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ ഈ 12 സീറ്റുകളും നേടിയത് ബിജെപിയാണ്. ഇക്കുറി കോണ്‍ഗ്രസും സിപിഐയും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനമില്ല.
ദന്തേവാഡയിലാണ് അല്പമെങ്കിലും ശക്തമായ പോരാട്ടം നടക്കുന്നത്. ഇവിടെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പി.സി.സി പ്രസിഡന്റ് മഹേന്ദ്ര കര്‍മ്മയുടെ വിധവ ദേവ്തി കര്‍മ്മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ സിറ്റിങ് എം.എല്‍.എ ഭീമ മാണ്ഡവിക്ക് ദേവ്തി വെല്ലുവിളി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നു. തെരഞ്ഞടുപ്പ് പ്രവര്‍ത്തനമൊന്നും സജീവമല്ലെങ്കിലും മഹേന്ദ്ര കര്‍മ്മയുടെ വിധവ എന്ന ഇമേജ് ദേവ്തിക്ക് തുണയാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ഇക്കുറിയും ബി.ജെ.പിക്ക് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയര്‍ത്താമെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. തെരഞ്ഞടുപ്പ് യുദ്ധം തുടങ്ങും മുമ്പ് തോല്‍വി സമ്മതിച്ച മാനസികാവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഡോ. രമണ്‍ സിംഗിന്റെ പ്രതിഛായക്കൊപ്പം നില്ക്കാവുന്ന നേതാക്കളാരും കോണ്‍ഗ്രസ് നേതൃനിരയിലില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ വി. സി ശുക്ലയും മഹേന്ദ്ര കര്‍മ്മയും കൊല്ലപ്പെട്ടതോടെ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ നേതൃത്വ പ്രതിസന്ധി നേരിടുകയാണ്. മുന്‍ മുഖ്യമന്ത്രി അജിത് ജോഗി സോണിയയുടെ വിശ്വസ്തനാണെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കാനുള്ള ആരോഗ്യ സ്ഥിതി ജോഗിക്കില്ല. രമണ്‍ സിംഗ് മൂന്നാമതും മുഖ്യമന്ത്രിക്കസേരയില്‍ എത്തുമെന്ന് വിവിധ സര്‍വ്വേകളും വ്യക്തമാക്കുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്ത നിരവധി ജനക്ഷേമ പദ്ധതികളാണ് രമണ്‍ സിംഗിന് തുണയാകുന്നത്. മാവോയിസ്റ്റ് ഭീഷണികളുടെയും പേരാട്ടങ്ങളുടെയും നടുവിലും അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് രമണ്‍ സിംഗ് സര്‍ക്കാരിന് ഉണ്ടാക്കാനായത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: