ലക്നൗ: പ്രിയങ്ക വധേരയെ ലോക്സഭയിലേക്കു മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാപിച്ച ബോര്‍ഡുകളില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ രോഗിയായി ചിത്രീകരിച്ചു. ഇതേത്തുടര്‍ന്ന് അലഹബാദിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നോട്ടീസ് നല്കി. ഉത്തര്‍ പ്രദേശിലെ ഫൂല്പൂര് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ലക്നൗവില്‍ സ്ഥാപിച്ച ബോര്‍ഡുകളിലാണ് സോണിയയെ രോഗിയാക്കിയത്.
‘അമ്മയ്ക്ക് മിക്കപ്പോഴും അസുഖമാണ്. സഹോദരനാണെങ്കില്‍ കനത്ത ജോലിഭാരവും. പ്രിയങ്ക ഫൂല്‍പൂരില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിയാല്‍ പാര്‍ട്ടി കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തിലെത്തും’ എന്നതാണ് ബോര്‍ഡിലെ വാചകം.
ഫൂല്പൂര് ജവഹര്‍ലാല്‍ നെഹ്റു മത്സരിച്ച മണ്ഡലമാണ്. സോണിയയെ മോശമായി ചിത്രീകരിച്ചതിനും പ്രിയങ്കയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനുമാണ് നേതൃത്വം പ്രദേശിക നേതാക്കളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: