കരുനാഗപ്പള്ളി: അടുപ്പില്‍ നിന്നും തീപടര്‍ന്ന് വീട് കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന അമ്മയും മകളും രക്ഷപ്പെട്ടു. ആദിനാട് വടക്ക് കാട്ടില്‍കടവ് പോസ്റ്റാഫീസിന് സമീപം നമ്പിശേരിയില്‍ ജയശ്രീയുടെ വീടാണ് അഗ്നിക്ക് ഇരയായത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം.
മത്സ്യഫെഡിന്റെ സഹായം കൊണ്ട് നിര്‍മാണം നടത്തികൊണ്ടിരിക്കുന്ന വീടിന്റെ ഷെയ്ഡിന്റെ ഒരു ഭാഗത്ത് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടുക്കളയില്‍ നിന്നും തീപടരുന്നത് അയല്‍വാസികള്‍ കണ്ടത്. ഉടനെ ജയശ്രീയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
വീട്ടിലുണ്ടായിരുന്ന മേശ, കസേര, ഫ്രിഡ്ജ്, ബാങ്ക് രേഖകള്‍, വായ്പയെടുത്ത പണം എന്നിവയും കത്തിനശിച്ചു. ജയശ്രീയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് മരിച്ചു. ഒമ്പത് വയസും ഏഴുവയസും പ്രായമുള്ള രണ്ട് മക്കളാണ് ഒപ്പമുള്ളത്. വീട് നഷ്ടപെട്ടതോടെ ഈ കുടുംബം കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ഒരു വീട്ടില്‍ താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: