ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കില്‍ കേസില്‍ ഒന്നാം പ്രതിയാകേണ്ടത് പ്രധാനമന്ത്രി മന്മോഹന് സിംഗാണെന്ന് കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി.പരേഖ്. തീരുമാനത്തിന് അംഗീകാരം നല്‍കിയത് പ്രധാനമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരേഖ് രംഗത്ത് വന്നിരിക്കുന്നത്.
കല്‍ക്കരി മേഖലയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്നും ഏല്‍പ്പിച്ച ചുമതലകള്‍ വിശ്വാസപൂര്‍വം ചെയ്ത തന്നെ സി.ബി.ഐ സംശയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പരേഖ് പറഞ്ഞു. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ ഇന്നലെ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാരമംഗലം ബിര്‍ളയ്ക്കും പരേഖിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒഡീഷയിലെ കല്‍ക്കരിപ്പാടത്തിനായി ഹിന്‍ഡാല്‍ക്കോയും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനിയുമായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. തന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ആദ്യം സര്‍ക്കാര്‍ കമ്പനിക്കായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.
എന്നാല്‍ പ്രധാനമന്ത്രിയുമായും പിന്നീട് താനുമായും കൂടിക്കാഴ്ച്ച നടത്തിയ ബിര്‍ള ഹിന്‍ഡാല്‍ക്കോ കമ്പനിയാണ് ആദ്യം അപേക്ഷ സമര്‍പ്പിച്ചതെന്നും തങ്ങളുടെ അപേക്ഷ നിരസിച്ചെന്നും പരാതിപ്പെട്ടു. ബിര്‍ളയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയതിനാലാണ് താന്‍ അപേക്ഷ അംഗീകരിച്ചത്. അന്തിമ തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി ഇതിന് പിന്തുണ നല്കി. എന്നാല്‍ ഇപ്പോള്‍ താനും ബിര്‍ളയും ഗൂഢാലോചന നടത്തിയെന്ന് പറയുമ്പോള്‍ പ്രധാനമന്ത്രി എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്ന് പരേഖ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: