കൊല്ലം: ജയ അരിയുടെ വില കുറയാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും മൊത്തവില മാറ്റമില്ലാതെ നിലനിര്‍ത്താനും വില കൂട്ടാനും ആന്ധ്രാലോബി സജീവം. സര്‍ക്കാര്‍ ഏജന്‍സികളായ കണ്‍സ്യൂമര്‍ഫെഡും സപ്ലൈക്കോയും അരിവാങ്ങലില് നിന്നും പിന്മാറിയതോടെയാണ് ജയ അരിയുടെ വില കുറയാനുള്ള സാഹചര്യമുണ്ടായത്. കൂടാതെ അരി ലഭ്യത കൂടിയിട്ടും അതിന്റെ ഫലം സാധാരണക്കാരന് ലഭ്യമാക്കാതെ ഗൂഢനീക്കത്തിലാണ് കൊല്ലം കേന്ദ്രീകരിച്ച് ആന്ധ്രയില്‍ നിന്നുള്ള മില്ലുകാരുടെ പ്രതിനിധികളെന്ന് ആരോപണമുയരുന്നു. ഇത്തരത്തിലുള്ള അമ്പതോളം പ്രതിനിധികള്‍ കൊല്ലത്ത് തമ്പടിച്ച് കൃത്രിമക്ഷാമവും നിയമലംഘനം നടത്തിയുള്ള കച്ചവടവും കൊഴുപ്പിക്കുകയാണത്രെ.
ആന്ധ്രയില്‍ നിന്നുള്ള ജയ അരിയാണ് തെക്കന്‍ കേരളീയര്‍ക്ക് ഇഷ്ടഭോജനം. രണ്ടുപതിറ്റാണ്ട് കാലമായി കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ആന്ധ്രാ അരിക്ക് വന്‍ ഡിമാന്റാണ്. പ്രത്യേകിച്ച് ജയ അരിക്കാണ് പ്രിയമേറെ. ഇത് മുതലാക്കിയാണ് ആന്ധ്രാലോബി വന്‍തോതില്‍ തടിച്ചുകൊഴുക്കുന്നത്. ആന്ധ്രയിലെ മില്ലില്‍ നിന്നും വരുന്ന അരിക്ക് വില നിശ്ചയിക്കുന്നത് കൊല്ലത്ത് എത്തിയശേഷമാണ്. നിലവിലെ മാര്‍ക്കറ്റിലുള്ള ഡിമാന്റ് അനുസരിച്ചാണ് അരിവില നിശ്ചയിക്കുന്നത്. ഏജന്റുമാര്‍ക്കുള്ള ബില്ലുപോലും പിന്നീടാണ് തയ്യാറാക്കി നല്‍കുന്നത്. പഴയ തീയതി ഇട്ടാണ് ബില്ല് നല്‍കുന്നത്. ഇത് പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുക്കാനും സപ്ലൈ ഓഫീസര്‍മാരോ ജില്ലാ ഭരണകൂടമോ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. അരിവില മുപ്പതിനോട് അടുത്ത് നിര്‍ത്താന്‍ എല്ലായ്പ്പോഴും സജീവശ്രദ്ധ പതിപ്പിക്കുന്ന മില്‍ പ്രതിനിധികള്‍ അരിവില ഇടിയുന്ന വിവരം മറച്ചുവച്ച് കമ്പോളത്തില്‍ ആധിപത്യം സ്ഥാപിക്കുകയാണ്. ഒരു റേക്കില്‍ 42 വാഗണ്‍ അരിയാണ് വരുന്നത്. 140 ചാക്ക് അരി വീതമുള്ള 252 ലോഡ് അടങ്ങുന്നതാണ് ഒരു റേക്ക്. ഒക്ടോബറില്‍ 9 റാക്കുകള്‍ ഡെലിവറിയായിട്ടുണ്ട്. കൊല്ലത്തേക്ക് നിലവില്‍ നാല് റേക്ക് ലൈനിലുണ്ട്. ഇത് കൂടി എത്തുന്നതോടെ അരിലഭ്യത വന്‍തോതില്‍ കൂടുകയും ചെയ്യും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: