അഞ്ചാലുംമൂട്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വാഗ്ദാന പെരുമഴയുമായി രാഷ്ട്രീയ നേതാക്കള്‍ എത്തുന്ന നാടായി മാറിയിരിക്കുകയാണ് പനയം, പെരുമണ്‍, അഷ്ടമുടി പ്രദേശങ്ങള്‍. എംപി ഫണ്ടിന്റെയും, എംഎല്‍എ ഫണ്ടിന്റെയും പേരില്‍ രാഷ്ട്രീയ നേതാക്കന്മാര് തമ്മില്‍ തല്ലുന്നതും, ആഹ്ലാദ പ്രകടനങ്ങളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണിപ്പോള്‍. പ്രദേശവാസികളെ വിഡ്ഢികളാക്കുന്ന ഈ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഒരു നാടിന്റെ മുഴുവന്‍ വികസന സ്വപ്നമായ പെരിനാട് റെയില്‍വേ സ്റ്റേഷന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. ഫ്ലാറ്റ്ഫോമില്‍ നിര്‍ത്താതെ തോന്നിയ സ്ഥലങ്ങളില്‍ നിര്‍ത്തുകയാണ് പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ ഇപ്പോള്‍. ഇതുമൂലം സ്ത്രീയാത്രക്കാരും മധ്യവയസ്കരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. റെയില്‍വേയുടെ അവഗണനയ്ക്കെതിരെ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് വിവിധ രാഷ്ട്രീയകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയസമിതി പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ രണ്ടു പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ മൂലം ഉണ്ടാകുന്ന ചേരിതിരിവാണ് ഇവിടെ വികസനം എത്താത്തതിന് കാരണം. അടിയന്തിരമായി റെയില്‍വേ ഗേറ്റ് തുറക്കുക, എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുക എന്നിവയാണ് ഇവിടുത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം.
എംപിയുടെ ശ്രമഫലമായി വേണാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു എന്നു പറഞ്ഞ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ നല്കിയ പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ല എന്നു തെളിയുകയാണ് ഇപ്പോള്‍. ഒരു മാസം പിന്നിടുമ്പോഴും വേണാട് പെരിനാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടില്ല. നിര്‍ത്തുകയാണെങ്കില്‍ തൃക്കരുവ, തൃപ്പനയം, പെരിനാട് പഞ്ചായത്തുകളിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രയോജനമായേനേ. ഇതുപോലൊരു വാഗ്ദാനമാണ് പെരുമണ്‍ പാലം. അഞ്ച് പഞ്ചായത്തുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പെരുമണ്‍ കന്നങ്കടവ് പാലം യാഥാര്‍ത്ഥ്യമായാല്‍ വന്‍ വികസനമാണ് അഞ്ചാലുംമൂട് പ്രദേശങ്ങള്‍ക്ക് ഉണ്ടാകുന്നത്. എല്ലായിടത്തുനിന്നും വേര്‍പെട്ടു നില്ക്കുന്ന മണ്‍ട്രോത്തുരുത്തിനെ കൊല്ലം നഗരവുമായി ബന്ധിപ്പിക്കാന്‍ വേണ്ടത് വെറും 13 കിലോമീറ്റര്‍ മാത്രമാകും. ഇപ്പോള്‍ മണ്ട്രോത്തുരുത്തുകാര്ക്ക് കൊല്ലത്ത് വരണമെങ്കില്‍ 29 കിലോമീറ്റര്‍ സഞ്ചരിക്കണം. ഒരു അസുഖം വന്നാല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടണമെങ്കില്‍ ഇതേ ദൂരം സഞ്ചരിക്കണമെന്ന അവസ്ഥയാണിപ്പോഴുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പെരുമണ്‍, കന്നങ്കടവ് പാലം നിര്‍മ്മാണത്തിന് അനുമതി കിട്ടിയതും സര്‍വേ നടപടികളും പൂര്‍ത്തീകരിച്ചതുമാണ്. എന്നാല്‍ ഇതുവരെ പാലം പണി ആരംഭിച്ചിട്ടില്ല എന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് തറക്കലിടീല്‍ കര്‍മ്മം നിര്‍വഹിച്ച സ്ഥലം ഇപ്പോള്‍ കാടുകയറിയ അവസ്ഥയിലാണ്. പാലം പണി നടക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഇപ്പോള്‍ സര്‍ക്കാരിന്റെ ജങ്കാര്‍ സര്‍വീസ് ഉണ്ടെങ്കില്‍ പോലും രാത്രികാല യാത്ര ദുഷ്കരമാണ്. തേനി ദേശീയപാതയുടെ സ്ഥലമെടുപ്പ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഗതാഗത കുരുക്കുമൂലം അഞ്ചാലുംമൂട് നഗരം വീര്‍പ്പുമുട്ടുകയാണ്. അഞ്ചാലുംമൂടിന്റെ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന ബൈപാസ് പണിയുടെ സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ചെങ്കിലും രണ്ടു വലിയ പാലങ്ങള്‍ ആവശ്യമുള്ളതിനാല്‍ അതും മുടങ്ങിക്കിടക്കുകയാണ്. ബൈപാസിന് സര്‍ക്കാര്‍ ഏറ്റെടുത്ത കടവൂര്‍, നീരാവില്‍, കുരീപ്പുഴ ഭാഗങ്ങളിലെ സ്ഥലങ്ങള്‍ കാടുകയറി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളില്‍ വാഗ്ദാനങ്ങളുമായി എത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഇക്കുറിയും വീടുകള്‍ തോറും കയറി ഇറങ്ങി എന്ത് വാഗ്ദാനമാണ് നല്കാന് കഴിയുക എന്നാണ് ഇപ്പോള്‍ അവരുടെ ആശങ്ക. എംപി ഫണ്ടും, എംഎല്‍എ ഫണ്ടും വന്നിട്ടും എന്തേ പണി തുടങ്ങാത്തതെന്ന ചോദ്യം ഇവരുടെ മുന്നില്‍ അവശേഷിക്കുമ്പോള്‍ പ്രതീക്ഷയോടെ ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തെ ഗ്രാമവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: