കൊല്ലം: ക്ഷേത്രങ്ങളിലും ധനകാര്യസ്ഥാപനങ്ങളിലും കവര്‍ച്ചക്ക് പദ്ധതിയിട്ട നാലംഗസംഘത്തെ ഈസ്റ്റ് പോലീസ് പിടികൂടി. ക്ഷേത്രകവര്ച്ചയ്ക്ക് സംഘടിക്കുന്നതിനിടെയായിരുന്നു ഇവരുടെ അറസ്റ്റ്.
ആലുവ കരുമാലൂര്‍ മനയ്ക്കപടി ചേരിയില്‍ ഞാറ്റുവീട്ടില്‍ അനില്‍കുമാര്‍ (39), കൊല്ലം വടക്കുംഭാഗം ചേരിയില്‍ വിശ്വഭവന്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (41), തിരുവനന്തപുരം നെടുമങ്ങാട് വെള്ളനാട് ഉറിയക്കോട് കരിയാക്കുറ്റി ഹരിജന്‍കോളനിയില്‍ ഗിരീശന് (25), പാലക്കാട് പുതുശ്ശേരി തെക്കേത്തറ പുതുശ്ശേരി ജംഗ്ഷന് സമീപം രാജശേഖരന് (41) എന്നിവരെയാണ് കൊല്ലം പട്ടത്താനം അമ്മന്നടയുടെ മുന്‍വശം കവര്ച്ചാപദ്ധതിയുമായി മാരാകായുധങ്ങളുമായി നില്ക്കുമ്പോള് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിന് കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റീ തെഫ്റ്റ് സ്ക്വാഡില്‍പ്പെട്ട കൊല്ലം ഈസ്റ്റ് സി.ഐ എസ്.ഷെറീഫ്, എസ്.ഐ ജി. ഗോപകുമാര്‍, എ.എസ്.ഐ ആര്. എച്ച്. വിജയരാജ്, ഗ്രേഡ് എസ്. ഐ. സുരേഷ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ് പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനന്‍ബാബു, ഹരിലാല്‍, സുനില്‍, സജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്നും ഭവനഭേദനത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.
പിടിയിലായ കൃഷ്ണകുമാര്‍ കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, പറവൂര്‍, എന്നീ പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, കഞ്ചാവ് കടത്ത്, പിടിച്ചുപറി, വധശ്രമം എന്നിവ ഉള്‍പ്പടെ 20 ഓളം കേസുകള്‍ നിലവിലുണ്ട്. പ്രതിയായ ഗിരീശന് തമ്പാനൂര്‍, ആര്യനാട്, വിളപ്പില്‍ശാല, പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, പിടിച്ചുപറി, മോഷണം എന്നിങ്ങനെ കേസുകള്‍ ഉള്ളയാളാണ്. മധുരയിലുള്ള കണ്ണന്, ശെല്വന്, എന്നീ രണ്ട് കൊടും ക്രിമിനലുകളുമായി കൊല്ലത്തെത്തിയവരാണ്. നേരത്തെ ജയില്‍വാസം അനുഭവിച്ചിട്ടുള്ള രാജശേഖരനും, അനില്‍കുമാറും തുടര്‍ന്ന് കൊല്ലത്ത് എത്തയശേഷം ഈ നാലംഗം സംഘം കൃഷ്ണകുമാര്‍, ഗിരീശന് എന്നിവരുമായി ചേര്‍ന്ന് നഗരത്തില്‍ വിവിധതരം കവര്‍ച്ചയ്ക്കുള്ള പദ്ധതികള്‍ തയ്യാറാക്കി വരവെയാണ് പോലീസ് പിടിയിലായത്. മധുര സ്വദേശികളായ കണ്ണനും ശെല്‍വനും പോലീസ് പിടിയിലാകാതെ രക്ഷപെടുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ അടുത്തിട തെക്കന്‍ കേരളത്തില്‍ നടന്ന ചില കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: