ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള കൊടുങ്കാറ്റ് സംഭവിക്കുകയാണെങ്കില്‍ അത് ഇന്ത്യയിലുണ്ടായിട്ടുള്ളതില്വെച്ച് ഏറ്റവും വലിയതായിരിക്കുമെന്ന് മുന്നറിയിപ്പ്. ആന്ധ്രയിലെ കലിംഗപട്ടണത്തും ഒഡീഷയിലെ പാരദ്വീപിലും ഉള്‍പ്പെടെ അഞ്ചു തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മണിക്കൂറില്‍ 220 കിലോ മീറ്റര്‍ വേഗം വരെ ഉണ്ടാകാവുന്ന കൊടുങ്കാറ്റ് വീശാന്‍ സാധ്യത. ഇന്ന് വൈകിട്ടോടെ അല്ലെങ്കില്‍ നാളെ പുലര്‍ച്ചെ ഇതു സംഭവിച്ചേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഏറ്റവും അപകടകാരിയായ അഞ്ചാം വിഭാഗത്തിലാണ് ശാസ്ത്രജ്ഞര്‍ ഫൈലിന് എന്നു വിളിക്കുന്ന ഈ കൊടുങ്കാറ്റിനെ പെടുത്തിയിരിക്കുന്നത്.
ഇന്നലെ മുതല്‍ പ്രദേശത്ത് 65 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചു തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൊല്‍ക്കൊത്തയില്‍നിന്ന് ദക്ഷിണേന്ത്യന്‍ റയില്‍പാത വഴിക്കുള്ള ഒട്ടേറെ ട്രെയിനുകള്‍ റദ്ദുചെയ്തു. ഒഡീഷാ സര്‍ക്കാര്‍ ആവുന്നത്ര മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുള്ളതായി മുഖ്യമന്ത്രി നവീന്‍ പട്നായ്ക് പറഞ്ഞു.
ആന്ധ്രയില്‍ നിലവില്‍ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളില്‍നിന്നും സമരക്കാര്‍ പിന്മാറണമെന്നും പ്രകൃതിക്ഷോഭം തടയാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
2005-ല്‍ അമേരിക്കയെ കശക്കിയെറിഞ്ഞ കത്രീന കൊടുങ്കാറ്റിനേക്കാള്‍ കനത്തതായിരിക്കും ഇതെന്നു ഭയപ്പെടുന്നുണ്ട്. ഇന്ത്യന്‍ കാലാവസ്ഥാ നീരീക്ഷകര്‍ മുന്കൂട്ടിക്കാണുന്നതിനേക്കാള് നാശനഷ്ടം ഇതുണ്ടാക്കിയേക്കാമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഔദ്യോഗിക കാലാവസ്ഥാ പ്രവചന സംവിധാനമായ ഗ്ലോബല്‍ ഡിസാസ്റ്റര്‍ അലര്‍ട്ട് ആന്റ് കോര്‍ഡിനേഷന്‍ സിംസ്റ്റം മുന്നറിയിപ്പു തരുന്നു.
അവരുടെ കണക്കു പ്രകാരം ഈ കൊടുംകാറ്റ് 6.1 മില്യണ്‍ ജനങ്ങളെ ഇതു ബാധിക്കാം. സമുദ്ര നിരപ്പില്‍നിന്ന് അഞ്ചു മീറ്റര്‍ മാത്രം ഉയരെ കടല്‍ തീരങ്ങളില്‍ താമസിക്കുന്ന 47,000 പേരെ കാറ്റ് നേരിട്ടു ബാധിക്കുമെന്നും അവര്‍ പ്രവചിക്കുന്നു.
ഇന്ത്യന്‍ കാലാവസ്ഥാ നീരീക്ഷകര്‍ കണക്കുകൂട്ടുന്നതിനേക്കാള്‍ അപകടകരമായിരിക്കും ഫൈലിന് എന്ന് ക്വാര്‍ട്സ് കാലാവസ്ഥാ നിരീക്ഷകനായ എറിക് ഹൊല്ത്താവൂസ് പറയുന്നു. തനിക്കറിയാവുന്ന വിവരങ്ങളും സാറ്റലൈറ്റില്നിന്നു കിട്ടിയ വിവരങ്ങളും വെച്ചു നോക്കുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇതുവരെ രൂപം കൊണ്ടതില്വെച്ച് ഏറ്റവും കരുത്തനാണിതെന്ന് അദ്ദേഹം പറഞ്ഞു.
കത്രീന 2005-ല്‍ അമേരിക്കയില്‍ അപഹരിച്ചത് 1,800 പേരുടെ ജീവനാണ്, 2.16 മില്യണ്‍ പേരെ ഭവന രഹിതരാക്കി. 1999-ല്‍ ഒഡീഷയില്‍ വീശിയ 300 കിലോ മീറ്റര്‍ വേഗതയുണ്ടായിരുന്ന, 10,000 പേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റിനേക്കാള്‍ ശക്തമായിരിക്കുമെന്നു പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: