ഹുബ്ലി: വിന്‍ഡീസ് എക്കെതിരായ ചതുര്‍ദ്ദിന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എക്ക് കൂറ്റന്‍ സ്കോര്‍. ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര പുറത്താകാതെ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ എ ടീം ഒന്നാം ഇന്നിംഗ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ആദ്യ ദിവസം ഗൗതം ഗംഭീറും (123) ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ ടീം 294 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസ് എ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തിട്ടുണ്ട്. 7 വിക്കറ്റും ഒരു ദിവസവും ബാക്കിനില്‍ക്കേ വിന്‍ഡീസ് 178 റണ്‍സിന് പിന്നിലാണ്. 44 റണ്‍സോടെ ദിയോനരേയ്നും 36 റണ്‍സുമായി ഫുഡാഡിനുമാണ് ക്രീസില്‍. വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ 268 റണ്‍സിന് പുറത്തായിരുന്നു.
മൂന്നിന് 334 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി പൂജാര ഒറ്റയാനായാണ് പോരാടിയത്. 139 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന പൂജാര ഉജ്ജ്വല ഫോമിലായിരുന്നു. എന്നാല്‍ 10 റണ്‍സുമായി പൂജാരക്കൊപ്പം ബാറ്റിംഗ് ആരംഭിച്ച അഭിഷേക് നായര്‍ ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മടങ്ങി. പരസ് ദ്രോഗ 7 റണ്‍സെടുത്തും ഉദയ് കൗള്‍ 26 റണ്‍സെടുത്തും കുല്‍ക്കര്‍ണി 6 റണ്‍സെടുത്തും സഹീര്‍ ഖാന് 19 റണ്‍സെടുത്തും മടങ്ങിയെങ്കിലും ഇന്നിംഗ്സ് ഒറ്റക്ക് മുന്നോട്ടുകൊണ്ടുപോയ പൂജാര ഒറ്റക്ക് ഇന്ത്യന്‍ ഇന്നിംഗ്സിനെ ചുമലിലേറ്റുകയായിരുന്നു. 415 പന്തുകള്‍ നേരിട്ട് 33 ബൗണ്ടറികളോടെയാണ് പൂജാര 306 റണ്‍സെടുത്തത്. വിന്‍ഡീസിന് വേണ്ടി ആഷ്ലി നഴ്സ് മൂന്നും മില്ലര്‍, ഡിയോനരേയ്ന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസിന് സ്കോര്‍ 17 റണ്‍സിലെത്തിയപ്പോള്‍ 6 റണ്‍സെടുത്ത കീറണ്‍ പവലിനെ നഷ്ടമായി. സ്കോര്‍ 18-ലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ജോണ്‍സനെ കുല്‍ക്കര്‍ണി ബൗള്‍ഡാക്കി. പിന്നീട് ബ്രാത്ത്വെയ്റ്റും ഡിയോനരേയ്നും ചേര്‍ന്ന് സ്കോര്‍ 57-ല്‍ എത്തിച്ചെങ്കിലും 21 റണ്‍സെടുത്ത ബ്രാത്ത്വെയ്റ്റിനെ ഈശ്വര്‍ പാണ്ഡെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ദിയോനരേയ്നും ഫുഡാഡിനും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി സഹീര്ഖാന്, ധവാല്‍ കുല്‍ക്കര്‍ണി, ഈശ്വര്‍ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: