മിറന്‍ഷാ(പാക്കിസ്ഥാന്): പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്കായി പോരാടിയതിന്റെ പേരില്‍ ഭീകരരുടെ വെടിയേറ്റ മലാല യുസഫ് സായി തനിക്ക് പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകണമെന്ന് മോഹം പ്രകടിപ്പിച്ചു.
പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രിയായിരുന്ന കൊല്ലപ്പെട്ട ബേനസീര്‍ ഭൂട്ടോയെയാണ് താന്‍ മാതൃകയായി കാണുന്നതെന്നും സി.എന്‍.എന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മലാല പറഞ്ഞു. ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു നേരത്തെ മലാല പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോള്‍ താന്‍ ആഗ്രഹം മാറ്റുകയാണെന്നും പാകിസ്ഥാനെ നയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും മലാല പറഞ്ഞു. താലിബാന് എന്റെ ശരീരത്തില്‍ വെടിയുതിര്‍ക്കാനാകും പക്ഷേ എന്റെ സ്വപ്നങ്ങളെ വെടിവച്ചു വീഴ്ത്താനാവില്ല. പാകിസ്ഥാനില്‍ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്ന ഒരു ദിവസം വരും.
തന്നെ കൊല്ലാന്‍ ശ്രമിച്ചത് താലിബാന് ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണെന്നും മലാല പറഞ്ഞു. അതിനിടെ ഇന്ന് മലാലാലയ്ക്കെതിരെ വീണ്ടും താലിബാന് ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയിലായാലും ബ്രിട്ടണിലായാലും മലാലയെ വധിക്കുമെന്നാണ് പാക് താലിബാന് വക്താവ് ഷഹിദുള്ള ഷഹീദ് ഭീഷണി മുഴക്കിയിരിക്കുന്നത്.
മലാലയ്ക്ക് കഴിഞ്ഞ ദിവസം യുറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ സമ്മാനം ലഭിച്ചിരുന്നു. ഈ സമ്മാനത്തിന് മലാലയ്ക്ക് യാതൊരു വിധ അവകാശവുമില്ലെന്നും അതിന് തക്ക കാര്യങ്ങളൊന്നും മലാല ചെയ്തിട്ടില്ലെന്നുമാണ് ഷഹീദിന്റെ വാദം. ഇസ്ലാം വിരുദ്ധ പോരാട്ടങ്ങള്‍ മലാല നടത്തുന്നത് കൊണ്ട് മാത്രമാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ ഈ അവാര്‍ഡ് കൊടുക്കുന്നതെന്നും ഷഹീദ് പറഞ്ഞു.
അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എ.എഫ്.പിയുടെ ഓഫീസിലേക്ക് വിളിച്ചാണ് ഷഹീദ് ഇങ്ങനെ പ്രതികരിച്ചത്. അതേസമയം ഇന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാനിരിക്കെ മലാലയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: