രാജ്കോട്ട്: മൈക്കല്‍ ക്ലാര്ക്കില്ലാത്ത ഓസ്ട്രേലിയയുടെ ഇന്ത്യ പര്യടനത്തിന് ഇന്ന് തുടക്കം. രാജ്കോട്ടില്‍ നടക്കുന്ന ട്വന്റി 20 മത്സരത്തോടെയാണ് പരമ്പരക്ക് തുടക്കമാകുന്നത്. ഒരു ട്വന്റി 20ക്ക് പുറമെ 7 ഏകദിനങ്ങളാണ് ഓസ്ട്രേലിയന്‍ ടീം ഇന്ത്യയില്‍ കളിക്കുന്നത്. രാത്രി 7.30നാണ് ട്വന്റി 20 മത്സരം ആരംഭിക്കുക. അതേസമയം മത്സരം മഴയുടെ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം കനത്ത മഴയാണ് ഇവിടെയുണ്ടായത്.
ഈ മാസം 13ന് പൂനെയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 16ന് ജയ്പൂരിലും മൂന്നാം ഏകദിനം 19ന് ചണ്ഡിഗഡിലും നാലാം ഏകദിനം 23ന് റാഞ്ചിയിലും അഞ്ചാം മത്സരം 26ന് കട്ടക്കിലും ആറാം ഏകദിനം 30ന് നാഗ്പൂരിലും അവസാന ഏകദിനം നവംബര്‍ രണ്ടിന് ബംഗളൂരുവിലും നടക്കും. പകലും രാത്രിയുമായാണ് മത്സരങ്ങളെല്ലാം നടക്കുന്നത്.
നിലവില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ മികച്ച വിജയം നേടിയാല്‍ ഓസ്ട്രേലിയക്ക് ഒന്നാം റാങ്ക് സ്വന്തമാക്കാം. പക്ഷേ, ഇന്ത്യയില്‍ ധോണിയെയും സംഘത്തെയും മറികടക്കുക ഓസീസിന് എളുപ്പമാവില്ല. പ്രത്യേകിച്ചും ഏറ്റവും വിശ്വസ്തനും ക്യാപ്റ്റനുമായ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവത്തില്‍. അതേസമയം ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ്, ആഭ്യന്തര മല്‍സരങ്ങള്‍ എന്നിവയിലെല്ലാം ഉജ്ജ്വല പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ യുവതാരങ്ങള്‍.
ട്വന്റി 20, ആദ്യത്തെ മൂന്ന് ഏകദിനം എന്നിവക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ടീമില്‍ നിന്ന് ഇര്ഫാന് പഠാന്, മുരളി വിജയ്, ദിനേഷ് കാര്‍ത്തിക്, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കുകയും യുവരാജ് സിംഗ്, അമ്പാട്ടി റായിഡു, മുഹമ്മദ് ഷാമി, ജയദേവ് ഉനദ്കത് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് യുവരാജ് സിങ് അവസാന ഏകദിനം കളിച്ചത്.
കരുത്തുറ്റ നിരയുമായാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്. കുറച്ചുനാള്‍ പുറത്തിരുന്ന യുവരാജിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതോടെ ഇന്ത്യയുടെ കരുത്ത് ഏറെ ഉയര്‍ന്നിട്ടുണ്ട്. ക്യാപ്റ്റന്‍ ധോണിക്കൊപ്പം ശിഖര്‍ ധവാന്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ, അമ്പാട്ടി റായിഡു എന്നിവരും അരങ്ങുതകര്‍ക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് എതിരാളികളെ ഏറെ ഭയപ്പെടാനില്ല. ഭുവനേശ്വര്‍കുമാര്‍ നയിക്കുന്ന ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷാമി, അമിത് മിശ്ര, വിനയ്കുമാര്‍, അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കായിരിക്കും ഭുവനേശ്വറിനൊപ്പം ബൗളിംഗ് ചുമതല.
അതേസമയം മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവത്തില്‍ അനുഭവസമ്പത്ത് കുറഞ്ഞ നിരയുമാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. വെറും 29 മത്സരങ്ങള്‍ മാത്രം കളിച്ച ജോര്‍ജ് ബെയ്ലിയാണ് ഓസീസിന്റെ നായകന്. അതേസമയം ഷെയ്ന് വാട്സനെ പോലെയുള്ള പരിചയസമ്പന്നരും ടീമിലുണ്ട്. വാട്സന് പുറമെ ജെയിംസ് ഫോക്നര്‍, ഗ്ലെന്‍ മാക്സ്വെല്, മിച്ചല്‍ ജോണ്സണ്, നഥാന്‍ കൗള്‍ട്ടര്‍ നീല്‍, മോയ്സസ് ഹെന്റിക്വസ് എന്നിവര്‍ ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കളിച്ചവരാണ്. ഇവരുടെ പോരാട്ടവീര്യത്തിലാണ് ഓസീസ് ടീമിന്റെ ആത്മവിശ്വാസം മുഴുവന്‍. ക്ലാര്‍ക്കിന് പകരം കല്ലം ഫെര്‍ഗൂസനാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.
ആരോണ്‍ ഫിഞ്ചും ടീമിലുണ്ട്. ഓസ്ട്രേലിയന്‍ ടീം പരിശീലകന് സ്റ്റീഫ് റിക്സന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നതും ഓസീസിന് ഗുണം ചെയ്യും. ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി മനസ്സിലാക്കാനും ഇവര്‍ക്ക് ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലൂടെ ഓസീസ് കളിക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്തായാലും സ്വന്തം മണ്ണില്‍ ഇന്ത്യയെ കീഴടക്കണമെങ്കില്‍ ഓസ്ട്രേലിയക്ക് ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരുമെന്ന് തീര്‍ച്ചയാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ താരങ്ങളെല്ലാം ഉജ്ജ്വല ഫോമില്‍ കളിക്കുമ്പോള്‍. അതിനാല്‍ തന്നെ പരമ്പരക്ക് വീറും വാശിയും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: