ഹുബ്ലി: ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ചതുര്‍ദ്ദിന മത്സരത്തില്‍ വിന്‍ഡീസ് എ ടീം ഒന്നാം ഇന്നിംഗ്സില്‍ 268 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ എ ടീം ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 10 റണ്‍സെടുത്തിട്ടുണ്ട്. 8 റണ്‍സുമായി മലയാളിതാരം വി.എ. ജഗദീഷും 2 റണ്‍സുമായി ഗൗതം ഗംഭീറുമാണ് ക്രീസില്‍. വിന്‍ഡീസ് നിരയില്‍ 81 റണ്‍സെടുത്ത ജോണ്‍സനാണ് ടോപ് സ്കോറര്‍. ഫുഡാഡിന്‍ 47ഉം ദിയോനരേയ്ന് 35 റണ്‍സുമെടുത്തു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ എ ടീം നായകന് ചേതേശ്വര്‍ പൂജാര വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിലെ സെഞ്ച്വറിവീരന്‍ ബ്രാത്ത്വെയ്റ്റിനെ ഒരു റണ്‍സിന് പുറത്താക്കി സഹീര്ഖാന് ഇന്ത്യക്ക് മത്സരത്തില്‍ മേല്‍കൈ നല്കി. സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത കീറണ്‍ പവലിനെ ധവാല്‍ കുല്‍ക്കര്‍ണി ബൗള്‍ഡാക്കി. തുടര്‍ന്ന് ജോണ്‍സണും ദിയോനരേയ്നും ചേര്‍ന്ന് സ്കോര്‍ 100 കടത്തിവിട്ടു.
എന്നാല്‍ സ്കോര്‍ 123-ല്‍ എത്തിയപ്പോള്‍ ദിയോനരേയ്നെ അഭിഷേക് നായര്‍ ഉദയ് കൗളിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 175-ല്‍ എത്തിയപ്പോള്‍ 81 റണ്‍സെടുത്ത ജോണ്‍സനെയും അഭിഷേക് നായര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയവരില്‍ ഫുഡാഡിന്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. കാര്‍ട്ടര്‍ (17), ഹാമില്ട്ടണ് (15), മില്ലര്‍ (18) എന്നിവര്‍ പരാജയപ്പെട്ടതോടെ വിന്‍ഡീസ് ഇന്നിംഗ്സ് 268 റണ്‍സിലവസാനിച്ചു. ഇന്ത്യന്‍ എ ടീമിന് വേണ്ടി അഭിഷേക് നായര്‍ നാലും ധവാല്‍ കുല്‍ക്കര്‍ണി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: