മാലെ: മാലെദ്വീപ് പ്രസിഡന്ത്തെരഞ്ഞെടുപ്പ് ഈമാസം 19ന് നടക്കും. ക്രമക്കേടുകള്‍ നടന്നെന്നു വിലയിരുത്തിയ സുപ്രീംകോടതി സെപ്തംബര്‍ ഏഴിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയിരുന്നു. ഐക്യരാഷ്ട്ര സംഘടന, കോമണ്‍വെല്‍ത്ത്, യൂറോപ്യന്‍ യൂണിയന് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ഇന്ത്യയും ആദ്യ ഘട്ട തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമെന്ന് പ്രഖ്യാപിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.
ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദായിരുന്നു വിജയി. എന്നാല്‍ അധികാരത്തില്‍ എത്തുന്നതിനുള്ള 50ശതമാനം വോട്ടുകള്‍ ഉറപ്പിക്കാന്‍ നഷീദിനായില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നവംബറിനു 11ന് മുന്‍പ് പുതിയ പ്രസിഡന്റിനെ കണ്ടെത്തിയില്ലെങ്കില്‍ മാലെദ്വീപ് ഭരണഘടനാ പ്രതിസന്ധിയില്പ്പെടും. നവംബര്‍ മൂന്നിനകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന കോടതി ഉത്തരവും നിലവിലുണ്ട്.
ജുംഹൂറി പാര്‍ട്ടി നേതാവ് ക്വാസിം ഇബ്രാഹിം നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. ഏഴംഗ ബെഞ്ചിന്റേതാണ് വിധിയെന്ന് ഇന്ത്യയിലെ മാലദ്വീപ് ഹൈക്കമ്മിഷണര്‍ മുഹമ്മദ് നസീര്‍ പറഞ്ഞു. 5623 വോട്ടുകള്‍ അനധികൃതമായി ചെയ്തെന്ന വാദമാണ് സുപ്രീം കോടതി പരിഗണിച്ചത്. വ്യാജ രേഖകളുപയോഗിച്ചാണ് വോട്ടെടുപ്പില്‍ ക്രമക്കേടുകാണിച്ചത്. മരിച്ചവരുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും തിരിച്ചറിയില്‍ കാര്‍ഡുകള്‍ വോട്ട് ചെയ്യാന്‍ വ്യാപകമായി ഉപയോഗിച്ചു. ഇത്രയും കള്ളവോട്ടു ചെയ്താല്‍ തെരഞ്ഞെടുപ്പ് പൂര്‍ണമായും അട്ടിമറിക്കാനാകുമെന്ന് കോടതി വ്യക്തമാക്കി.
പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കോടതി നല്കി. 18 വയസിനു മുകളിലുള്ള മുഴുവന്‍ പേരുടെയും സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരമൊരുക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: