അഴിമതി. അതൊരു വലിയ പ്രശ്നമാണ് ഇന്ത്യന്‍ ഭരണ രംഗത്ത്. ഓരോ തെരഞ്ഞെടുപ്പു വേളയിലും നിരവധി അഴിമതിക്കഥകള്‍ ചര്‍ച്ചയാവാറുണ്ടെങ്കിലും അഴിമതിയെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും കാണാറുണ്ടോയെന്ന് സംശയമാണ്.
ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നാലാം വട്ടവും അങ്കത്തിനിറങ്ങുന്ന ഷീലാ ദീക്ഷിതിനാകും അഴിമതിയാരോപണങ്ങള്‍ ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുക.
അണ്ണാഹസാരെ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി എന്ന പേരില്‍ തെരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങുകയാണ്. അഞ്ച് മുതല്‍ എട്ടുവരെ സീറ്റുകള്‍ അവര്‍ക്ക് ലഭിക്കുമെന്നാണ് ഇലക്ഷനു മുന്‍പ് വിവിധ മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉയര്‍ന്നിട്ടുള്ള അഴിമതിയാരോപണങ്ങള്‍ തന്നെയാകും പ്രതിപക്ഷമായ ബിജെപിയുടെയും പ്രധാന ആയുധം.
അതേസമയം, അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പോലുമാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ്.അഴിമതി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ജന്മാവകാശം പോലെയാണ്. സ്വതന്ത്ര ഭാരതത്തിന്റെ ഒന്നാമത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ കരിസ്മാറ്റിക് നേതാവുമായിരുന്ന പണ്ഡിറ്റ് നെഹ്റു ഒരിക്കല്‍ പറഞ്ഞത് അഴിമതിക്കാരെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണമെന്നാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പിടികൂടി തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കുന്നതിനെ പോലും താന്‍ അനുകൂലിക്കുന്നുവെന്നും ഒരിക്കല്‍ നെഹ്റു അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ അദ്ദേഹത്തിന്റെ ആ ഗുണം മകള്‍ ഇന്ദിരക്കുണ്ടായിരുന്നില്ല. ഒരിക്കല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോട് ദല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ അഴിമതിയെക്കുറിച്ച് ചോദിച്ചു.
അവരുടെ മറുപടി ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ‘അഴിമതി ഒരു ആഗോള പ്രതിഭാസമാണ്. അതിനെ ഇല്ലായ്മ ചെയ്യാനോ തടയാനോ നമുക്കു കഴിയില്ല’. ഇതായിരുന്നു കുപ്രസിദ്ധമായ ആ നിര്‍വ്വചനം. പ്രധാനമന്ത്രി മുതല്‍ ശരാശരി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെയുള്ളവരുടെ പൊതുവികാരമാണ് ഇന്ദിരയുടെ വാക്കുകളില്‍ കാണുന്നത്.
ഇന്ദിരാ ഗാന്ധിക്കുശേഷം രാജീവ് യുഗമായപ്പോഴേക്കും പ്രധാനമന്ത്രിയുടെ പേരില്‍തന്നെ കോടികളുടെ അഴിമതിക്കഥകള്‍ പുറത്തുവരികയും ചെയ്തു. വളരെ വിചിത്രമായ ഒരു മാനസികാവസ്ഥയാണിത്. കോണ്‍ഗ്രസുകാര്‍ തന്നെ കരുതുന്നത് ഭരണം ലഭിക്കുമ്പോഴെല്ലാം അഴിമതികാണിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ്. നിയമ നടപടികളില്‍ കുടുങ്ങാതെ ഊരിപ്പോരുന്നിടത്തോളം പാര്‍ട്ടി നേതൃത്വത്തില്‍ ആര്‍ക്കും തന്നെ ഇതില്‍ എതിരഭിപ്രായവുമില്ല.
കാര്യങ്ങള്‍ അടുത്തകാലത്തു വരെ ഇങ്ങനെയായിരുന്നു. എന്നാല്‍ പിന്നിട്ട ഒരു ദശകത്തിനുള്ളില്‍ കാര്യങ്ങള്‍ മാറാന്‍ തുടങ്ങിയിട്ടുണ്ട്. മാധ്യമ സാന്ദ്രത ഏറിയതും യുവതലമുറ വോട്ടര്‍മാര്‍ ഇത്തരം അഴിമതികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
താത്പര്യമില്ലാതെയാണെങ്കിലും കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയുടെ പേരില്‍ സുരേഷ് കല്‍മാഡി അഴികള്ക്കകത്തായത് ഈ മാറ്റത്തിന്റെ സൂചനയാണ്. അന്താരാഷ്ട്ര രംഗത്തു തന്നെ ഇന്ത്യയെ നാണം കെടുത്തിയ ഒന്നായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി. വരുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം ഏറ്റവും വിയര്പ്പൊഴുക്കേണ്ടിവരുന്നത് ഇതെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയാനാകും. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫലത്തില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കില്‍ തന്നെ അഴിമതിക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ടയായി നില നിര്‍ത്തുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്യും. അത് കോണ്‍ഗ്രസിനു സമ്മാനിക്കുക വന്‍ തിരിച്ചടിയുമാകും; പ്രത്യേകിച്ച് ദല്‍ഹിയില്‍.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: