കൊട്ടാരക്കര: കുളക്കട മനോജ് നിവാസില്‍ മണിയമ്മാളിനെ (54) അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കേസില്‍ മകന് മണിക്കുട്ടനെന്ന് വിളിക്കുന്ന മനോജ് കൃഷ്ണനെ (29) കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തു.
2012 ഏപ്രില്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിക്കുന്നതിന് പണം ചോദിച്ചപ്പോള്‍ കൊടുക്കാത്ത വിരോധത്തിലാണ് മകന് അമ്മയെ കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. മദ്യപിക്കുന്നതിന് പണം കൊടുക്കാത്തതിന് മനോജ് മാതാവിനെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. സംഭവത്തിന്റെ തലേദിവസം സുഖമില്ലാതിരുന്ന മണിയമ്മാളിനെ മനോജും ഭാര്യ സുജാതയും ചേര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി മരുന്ന് വാങ്ങിക്കൊടുത്തു.
അമ്മയെയും ഭാര്യയെയും ആശുപത്രിയിലിരുത്തിയ ശേഷം മനോജ് പുറത്തുപോയി മദ്യപിച്ചു. പിന്നീട് തിരികെവന്ന് ഇവരെ വീട്ടില്‍ കൊണ്ടാക്കുകയും ചെയ്തു.
ആശുപത്രിയില്‍ ചെലവായ പണം അടുത്തദിവസം രാവിലെ തിരികെ നല്‍കണമെന്ന് മനോജ് അമ്മയോട് പറയുകയുണ്ടായി. സംഭവദിവസം രാവിലെ ഏഴിന് മനോജ് പുറത്തുപോയി മദ്യപിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞ് വീട്ടിലെത്തി മാതാവിനോട് പണം ആവശ്യപ്പെട്ടു. പണം കൊടുക്കാതിരുന്നപ്പോള്‍ ഇയാള്‍ അമ്മയെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു.
മനോജ് മാതാവിനെ ഉപദ്രവിക്കുന്നത് കണ്ട് ഭാര്യ സുജാത വീടിനു പുറത്തുപോയി. ഒളിഞ്ഞുനോക്കിയപ്പോള്‍ മണിയമ്മാളിനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ടതായി ഇവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.
ചലനമറ്റ് കിടന്ന മണിയമ്മാളിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മനോജ് അയല്‍വാസികളുടെ സഹായം തേടുകയും ചെയ്തു. ഈ സമയം സ്ഥലത്തുനിന്ന് സുജാത അവരുടെ വീട്ടില്‍ പോയി. അയല്‍വാസികളുടെ സഹായത്തോടെ മനോജ് ഓട്ടോറിക്ഷയിലാണ് മാതാവിനെ സമീപത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയത്. അമ്മയ്ക്ക് സുഖമില്ലാതെ ബോധക്ഷയം ഉണ്ടായെന്നാണ് മനോജ് അയല്‍വാസികളെ ധരിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മണിയമ്മാളിന്റെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് തിരികെ വീട്ടില്‍ കൊണ്ടുവന്ന് അയല്‍വാസികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കുകയായിരുന്നു. ഇതിനുശേഷം മനോജ് സ്ഥലംവിട്ടുപോയി.
പിന്നീട് വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. സുജാത സ്ഥിരമായി അവരുടെ വീട്ടിലും താമസമാക്കി. ഭര്‍ത്താവിനെ ഭയന്ന് വിവരം ഇവര്‍ ആരോടും പറഞ്ഞതുമില്ല.
എന്നാല്‍ മണിയമ്മാളിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഡിജിപി, വനിതാ കമ്മീഷന്, സ്പെഷല്‍ ബ്രാഞ്ച് എസ്പി, കൊട്ടാരക്കര റൂറല്‍ എസ്പി, ക്രൈംബ്രാഞ്ച് ഐജി തുടങ്ങിയവര്‍ക്ക് പരാതി അയച്ചു. മരണം കൊലപാതകമാണെന്നും മകന് മനോജാണ് ഇവരെ കൊലപ്പെടുത്തിയതെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമായിരുന്നു പരാതിയിലെ ഉള്ളടക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിലെ പല വിഭാഗങ്ങളും അന്വേഷണം നടത്തുകയുണ്ടായി.
കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മണിയമ്മാളിനെ മകന് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഏതാനും ദിവസം മുമ്പ് മണിയമ്മാളിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മണിയമ്മാളിന്റെ കഴുത്തിലെ കശേരുക്കള് പൊട്ടിയതായും ഇരുവശത്തെയും വാരിയെല്ലുകള്‍ ഒടിഞ്ഞനിലയിലും കണ്ടെത്തി. തുടര്‍ന്ന് മനോജിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു. ക്രൈംബ്രാഞ്ച് നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തിയ അപൂര്‍വ സംഭവങ്ങളിലൊന്നാണിത്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പിയെക്കൂടാതെ എസ്ഐമാരായ ജയകുമാര്‍, ആര്.രാജേഷ്കുമാര്‍, വി.ആര്.രാജീവന്‍പിള്ള, എഎസ്ഐമാരായ വിജയരാജന്‍, സോളമന്, ഫിലിപ്പ്, മധുസൂദനന്‍പിള്ള, വിനോദ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: